രാജ്യം വിടണമെന്ന ഉത്തരവിനെതിരെ നടന് ഇമ്രാന് ഖാന് ബോംബെ ഹൈക്കോടതിയിലേക്ക്
ഇമ്രാന് വേണ്ടി പ്രമുഖ അഭിഭാഷകന് സുല്ഫിക്കര് മേമന് ഹൈക്കോടതിയില് ഹര്ജി നല്കും.
രാജ്യം വിടണമെന്ന നോട്ടീസിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടന് ഇമ്രാന് ഖാന്. ഓവര്സീസ് സിറ്റിസണ് കാര്ഡും അമേരിക്കന് പൗരത്വവുമുള്ള ഇമ്രാനോട് രാജ്യം വിടാന് ആവശ്യപ്പെട്ടത്, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില് പങ്കെടുത്തതിന് പിന്നാലെയാണ്. ഇമ്രാന് വേണ്ടി പ്രമുഖ അഭിഭാഷകന് സുല്ഫിക്കര് മേമന് ഹൈക്കോടതിയില് ഹര്ജി നല്കും.
ഒക്ടോബര് 28-നകം ഇന്ത്യ വിട്ടുപോകണമെന്നാണ് എഫ്ആര്ആര്ഒ ഇമ്രാന് ഖാനോട് ആവശ്യപ്പെട്ടത്. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കൊക്രോച്ച് ജനതാ പാര്ട്ടി മുംബൈയില് സംഘടിപ്പിച്ച പ്രതിഷേധത്തില് പങ്കെടുത്തതിനെ തുടര്ന്ന് ഇമ്രാന് ഖാനെ പൊലീസ് കസ്റ്റഡിയില് എടുത്തിരുന്നു. യുഎസ് പൌരത്വമുള്ള ഇമ്രാന് ഖാന് പ്രതിഷേധത്തില് പങ്കെടുത്തത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് കിരിത് സോമയ്യ പൊലീസില് പരാതി നല്കിയിരുന്നു.
പൊലീസ് ഈ പരാതി എഫ്ആര്ആര്ഒ യ്ക്ക് കൈമാറുകയും തുടര്ന്ന് രാജ്യം വിടാന് നോട്ടീസ് നല്കുകയുമായിരുന്നു. ഇമ്രാന് ഖാന്റെ പക്കല് ഒസിഐ കാര്ഡ് ഉണ്ടെങ്കിലും അദ്ദേഹത്തിന് പ്രതിഷേധങ്ങളില് പങ്കെടുക്കാന് അനുമതിയില്ലെന്നാണ് എഫ്ആര്ആര്ഒ യുടെ വാദം. വിദേശികളുടെ പ്രവേശനം, താമസം, സഞ്ചാരം എന്നിവ നിയന്ത്രിക്കാന് കേന്ദ്ര സര്ക്കാരിന് അധികാരം നല്കുന്ന ഇമിഗ്രേഷന് ആന്ഡ് ഫോറിനേഴ്സ് ആക്ട് 2025-ലെ സെക്ഷന് 7 പ്രകാരമാണ് ഈ നാടുകടത്തല് നോട്ടീസ് അയച്ചിരിക്കുന്നത്.
.jpg)


