പാഷൻ പ്രൊഫഷനാക്കി; ബൈക്ക് റൈഡേഴ്സിനുവേണ്ടി കമ്പനി തുടങ്ങാന്‍ നടന്‍ അജിത്ത്

തല അജിത്തിന്റെ പാഷൻ ആണ് ബൈക്ക് റൈഡ്. ബൈക്ക് ടൂറുകളോടുള്ള തന്റെ പാഷനെ കുറിച്ച് അദ്ദേഹം എപ്പോഴും പറയാറുണ്ട്. ഇന്ത്യയിലും വിദേശ സ്ഥലങ്ങളിലും അദ്ദേഹം നടത്തുന്ന ബൈക്ക് ടൂറുകളിൽ നിന്ന് അജിത്തിന് ബൈക്ക് റൈഡുകളോടുള്ള താൽപര്യം വളരെ വ്യക്തമാണ്. ഇപ്പോഴിതാ തന്റെ ഈ പാഷൻ ഒരു പ്രൊഫഷൻ ആക്കി മാറ്റുകയാണ് താരം.
ജീവിതം ഒരു മനോഹര യാത്രയാണ്. അതിന്‍റെ വളവുകളെയും തിരിവുകളെയും നീണ്ട പാതകളെയുമൊക്കെ പുല്‍കുക- എനിക്ക് ജീവിതത്തില്‍ ഏറ്റവും സ്നേഹം തോന്നിയ ഒരു വാചകമാണ് ഇത്. മോട്ടോര്‍സൈക്കിളുകളോടും തുറസ്സുകളോടും എനിക്കുള്ള അഭിനിവേശത്തെ പ്രൊഫഷണല്‍ ആയ ഒരു പ്രസ്ഥാനത്തിലേക്ക് ഞാന്‍ കൊണ്ടുവരികയാണ്, എകെ മോട്ടോ റൈഡ് എന്ന മോട്ടോര്‍സൈക്കിള്‍ ടൂറിംഗ് കമ്പനിയുടെ രൂപത്തില്‍. റൈഡേഴ്സിനും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും സഞ്ചാരികള്‍ക്കും ഇന്ത്യയിലും വിദേശത്തുമായുള്ള യാത്രകളാണ് എകെ മോട്ടോ റൈഡ് വാഗ്‍ദാനം ചെയ്യുന്നത്.
സുരക്ഷയ്ക്കും സ്വാസ്ഥ്യത്തിനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെ, അവധാനതയോടെ പരിരക്ഷിക്കപ്പെട്ട അഡ്വഞ്ചര്‍ ടൂറിംഗ് സൂപ്പര്‍ബൈക്കുകള്‍ എകെ മോട്ടോ റൈഡ് ലഭ്യമാക്കും. യാത്രകള്‍ക്കിടെ അവയുടെ പരിരക്ഷയും ഉറപ്പാക്കും. ബൈക്ക് ടൂറിംഗിനെക്കുറിച്ചും പ്രാദേശിക സംസ്കാരങ്ങളെക്കുറിച്ചും മികച്ച ധാരണയുള്ള പ്രൊഫഷണല്‍ ഗൈഡുകള്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഈ യാത്രകള്‍ അവിസ്മരണീയമാക്കും.