മലയാളത്തിന്റെ അഭിനയ ചക്രവർത്തി; മോഹൻലാലിന് 66-ാം പിറന്നാൾ
മലയാള സിനിമയിലെ അഭിമാന താരം മോഹൻലാലിന് ഇന്ന് 66-ാം പിറന്നാൾ. പ്രിയതാരത്തിന് പിറന്നാൾ ആശംസകൾ പങ്കുവെക്കുകയാണ് ആരാധകരും സിനിമാലോകവും. നാല് ദേശീയ പുരസ്‌കാരങ്ങൾ, ഒൻപത് സംസ്ഥാന പുരസ്‌കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹൻലാൽ സ്വന്തമാക്കിയത്. പുരസ്‌കാരങ്ങൾക്ക് അതീതമാണ് മോഹൻലാലിന്റെ അഭിനയ നടന ശൈലി, മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
പത്തനംതിട്ടയിലെ ഇലന്തൂരിൽ 1960 മെയ് 21നാണ് വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും മകനായി മോഹൻലാലിന്റെ ജനനം. മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്‌കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദർശൻ, എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ മോഡൽ സ്‌കൂളിലാണ് മോഹൻലാൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മോഹൻലാൽ സ്‌കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്‌കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതു സാധാരണ സ്‌കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കു ലഭിച്ചിരുന്ന ഒരു പുരസ്‌കാരമായിരുന്നു. മോഹൻലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ആയിരുന്നു. കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്.
തിരനോട്ടം (ചലച്ചിത്രം, 1978) എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. ഒരു ഹാസ്യകഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. എന്നാൽ സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.
ഫാസിൽ സംവിധാനം ചെയ്ത 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലൂടെയാണ് മോഹൻലാൽ പ്രേക്ഷകർക്ക് മുൻപിൽ ആദ്യമായി എത്തുന്നത്. പൂർണിമ ജയറാം, ശങ്കർ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രത്തിൽ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. 1980-90കളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. പിന്നീട് നായകനും സഹനടനും വില്ലനുമായി വെള്ളിത്തിരയിൽ തിളക്കമാർന്ന പ്രകടനം കാഴ്ച വച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ സൂപ്പർതാര പദവിയിലേക്ക് ഉയരുന്നത്.
'നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളി'ലെ സോളമൻ, 'നാടോടിക്കാറ്റി'ലെ ദാസൻ, 'തൂവാനത്തുമ്പികളി'ലെ ജയകൃഷ്ണൻ, 'ചിത്ര'ത്തിലെ വിഷ്ണു, 'കിരീട'ത്തിലെ സേതുമാധവൻ, 'ഭരത'ത്തിലെ ചിത്രത്തിലെ ഗോപി, 'കമലദള'ത്തിലെ നന്ദഗോപൻ, 'ദേവാസുര'ത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, 'ഇരുവറി'ലെ ആനന്ദൻ, 'വാനപ്രസ്ഥ'ത്തിലെ കുഞ്ഞിക്കുട്ടൻ, 'സ്ഫടിക'ത്തിലെ ആടുതോമ, 'ദശരഥ'ത്തിലെ രാജീവ് മേനോൻ, 'ഉണ്ണികളെ ഒരു കഥപറയാം' എന്ന ചിത്രത്തിലെ എബി അബ്രഹാം, 'തന്മാത്ര'യിലെ രമേശൻ നായർ, 'പരദേശി'യിലെ വലിയകത്തു മൂസ, 'ഭ്രമര'ത്തിലെ ശിവൻ കുട്ടി തുടങ്ങിയവ മോഹൻലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്ര വേഷങ്ങളാണ്.
വർഗ്ഗീയ ലഹളയേയും ആത്മീയതയേയും ചർച്ച ചെയ്ത 'ഗുരു'വാണ് മോഹൻലാലിന്റെ മറ്റൊരു ശ്രദ്ധേയമായ സിനിമ. 1997ൽ പുറത്തിറങ്ങിയ ഈ ചിത്രം ഓസ്‌കർ പുരസ്‌കാരത്തിനുള്ള വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. രാജീവ് അഞ്ചൽ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.
രാംഗോപാൽ വർമ സംവിധാനം ചെയ്ത 'കമ്പനി', മണിരത്‌നം ഒരുക്കിയ 'ഇരുവർ' തുടങ്ങിയവയാണ് മോഹൻലാലിന്റെ ശ്രദ്ധേയമായ അന്യഭാഷാ ചിത്രങ്ങൾ. എം.ജി.ആർകരുണാനിധിജയലളിത എന്നിവരുടെ ജീവിതത്തിന്റെ അംശങ്ങൾ പകർത്തിയ 'ഇരുവറി'ൽ ആനന്ദൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാൽ അവിസ്മരണീയമായ പ്രകടനമാണ് കാഴ്ച വച്ചത്. പ്രകാശ് രാജ്, ഐശ്വര്യ റായ്, തബു, രേവതി, നാസർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തിയത്. മികച്ച സഹനടനും ഛായാഗ്രാഹകനുമുള്ള ദേശീയ പുരസ്‌കാരങ്ങൾ ഇരുവറിന് ലഭിച്ചപ്പോൾ, മികച്ച നടനുള്ള പട്ടികയിൽ മോഹൻലാലിന്റെ പേരില്ലാത്തത് അന്നത്തെ കാലത്ത് വലിയ ചർച്ചയായി മാറിയിരുന്നു. 13 തവണ ദേശീയ പുരസ്‌കാരങ്ങൾ മോഹൻലാലിന് കൈയ്യെത്തും ദൂരത്ത് നിന്ന് നഷ്ടമായി.
1996 മുതൽ പിന്നീട് ഇങ്ങോട്ടുള്ള കാലഘട്ടത്തിൽ മോഹൻലാലിന്റെ പ്രശസ്തിയും തരപദവിയും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമാതാക്കളും സംവിധായകരും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി. ആറാം തമ്പുരാൻ, ഉസ്താദ്, നരസിംഹം, നരൻ എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്. ഈ നിരയിലെ ആദ്യ ചില ചിത്രങ്ങൾ വിജയിച്ചെങ്കിലും പിന്നീട് പല തരത്തിലുള്ള വിമർശനങ്ങൾക്ക് മോഹൻലാൽ വിധേയനാവുകയും ചെയ്തു.
അഭിനയ ജീവിതത്തിൽ നാല് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ മോഹൻലാൽ എന്ന പേര് ഇന്ന് ഒരു വലിയ ബ്രാൻഡാണ്. ബോക്‌സ് ഓഫീസ് കണക്കുകൾ പരിശോധിച്ചു നോക്കിയാൽ റെക്കോഡുകൾ സൃഷ്ടിക്കുന്നതും തകർക്കുന്നതും മോഹൻലാൽ ചിത്രങ്ങളാണ്. ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടുന്ന മലയാള ചിത്രം മോഹൻലാലിന്റെ പുലിമുരുകനാണ്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത് 2016ലാണ്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ 2019 ൽ പുറത്തിറങ്ങിയ ലൂസിഫർ 200 കോടി ക്ലബിൽ ഇടംനേടി ചരിത്രം കുറിച്ചു.
.jpg)

