'ദൃശ്യം 3യുടെ ഡിജിറ്റൽ അവകാശങ്ങളുമായി ആശിർവാദ് സിനിമാസിന് ഇനി ഒരു ബന്ധവും ഇല്ല,' ആമസോൺ
ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏപ്രില്‍ 2 ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ച സിനിമയുടെ റീലീസ് മാറ്റിയിരിക്കുകയാണ്. നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരുന്നത്. പുതിയ പ്രഖ്യാപനം അനുസരിച്ച് ചിത്രം മെയ് 21 ന് തിയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ സംബന്ധിച്ച് ആമസോൺ പുറത്തിറക്കിയ പ്രസ്താവനയാണ് ശ്രദ്ധ നേടുന്നത്.
ദൃശ്യം 3 യുടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോസ് സ്വന്തമാക്കി. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങളുമായി ആശിർവാദ് സിനിമാസ് എന്ന പ്രൊഡക്ഷൻ ഹൗസിന് ഇനി യാതൊരു ബന്ധവുമില്ലെന്നും ആമസോൺ വ്യകതമാകുന്നുണ്ട്. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രം തിയേറ്ററിൽ വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. ഏപ്രിൽ പത്തിന് ചിത്രം തിയേറ്ററിൽ കാണാൻ ആകും. ഇന്ത്യയിൽ മാത്രമാകും ചിത്രം റിലീസിന് എത്തുന്നത്. സിനിമയുടെ മൂന്നാം ഭാഗത്തിന് മുൻപ് ചിത്രം തിയേറ്ററിൽ എത്തുന്നതിന്റെ സന്തോഷവും ആരാധകർക്കുണ്ട്.
മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
.jpg)


