'ആരം' സെപ്റ്റംബർ 25 ന് തിയേറ്ററുകളിലേക്ക്
ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ്പ് നിർമ്മിച്ച്, രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ആരം' സെപ്റ്റംബർ 25 ന് തിയേറ്ററുകളിലെത്തും. ക്രൈം ത്രില്ലർ, സൈക്കോളജിക്കൽ ഡ്രാമ, ഇൻവെസ്റ്റിഗേറ്റീവ് സസ്‌പെൻസ് എന്നിവ കോർത്തിണക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.
വിഷ്ണു രാമചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ നന്മയും അതിജീവനവും തമ്മിലുള്ള നേർത്ത അതിർവരമ്പുകളും, സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും അതിനെ തുടർന്നുള്ള ഉദ്വേഗജനകമായ അന്വേഷണവുമാണ് പ്രമേയം.
ചിത്രത്തിൽ സി.ഐ. ആന്റോ ഈപ്പൻ എന്ന കേന്ദ്രകഥാപാത്രമായാണ് സൈജു കുറുപ്പ് എത്തുന്നത്. സത്യസന്ധതയുടെ പേരിൽ നിരന്തരം സസ്‌പെൻഷനുകളും സ്ഥലംമാറ്റങ്ങളും നേരിടേണ്ടി വരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു സംഭവം, അദ്ദേഹത്തെ സത്യാന്വേഷണത്തിന്റെയും ആത്മസംഘർഷത്തിന്റെയും പുതിയ വഴികളിലേക്ക് നയിക്കുന്നതാണ് ചിത്രത്തിന്റെ കഥാതന്തു. കുറ്റബോധം, അധികാര രാഷ്ട്രീയം, മനുഷ്യബന്ധങ്ങൾ, നീതിക്കായുള്ള പോരാട്ടം എന്നിവ സമന്വയിപ്പിച്ചുകൊണ്ടാണ് ചിത്രം മുന്നേറുന്നത്.
.jpg)

