മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറി ‘ആകാശംലോ ഒക താര’

Dulquer’s new film ‘Akashamlo Oka Thara’ to arrive on November 20

 2026-ൽ റാവു ബഹാദൂർ, എപ്പിക്, ഇ.എൻ.ഇ റിപ്പീറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമ വീണ്ടും പ്രതാപകാലത്തിലേക്ക് മടങ്ങുകയാണ്. ഈ നിരയിലേക്ക് ഒടുവിലായി എത്തിയ ദുൽഖർ സൽമാൻ ചിത്രം ‘ആകാശംലോ ഒക താര’ തെലുങ്കിലെ പുതിയ കഥപറച്ചിലുകളുടെ നിലവാരം ഉയർത്തുകയും പ്രേക്ഷക പ്രശംസ നേടുകയും ചെയ്യുന്നു.

ബഹിരാകാശ സഞ്ചാരിയാകാൻ ആഗ്രഹിക്കുന്ന കൽപന (സാത്വിക വീരവല്ലി) എന്ന ഗ്രാമീണ പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ വലിയ കാര്യമില്ലെന്ന് കരുതുന്ന പിതാവ്, 16-ാം വയസ്സിൽ അവളെ വിവാഹം കഴിപ്പിച്ചയക്കുന്നു. എന്നാൽ ഭാര്യയുടെ ആഗ്രഹം വെറുമൊരു കുട്ടിക്കളിയല്ലെന്നും അവൾ അത് അത്രമേൽ തീവ്രമായി ആഗ്രഹിക്കുന്നുണ്ടെന്നും ഭർത്താവ് കൃഷ്ണ തിരിച്ചറിയുന്നു. തുടർന്ന് അവളുടെ സ്വപ്നങ്ങൾക്ക് തടസ്സമായി താൻ പോലും നിൽക്കില്ലെന്ന് ഉറപ്പിച്ച് കൃഷ്ണ അവൾക്കൊപ്പം നിലകൊള്ളുന്നു. സ്വപ്നങ്ങൾ, ദാമ്പത്യം, കുടുംബ ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കാഴ്ചയാണ് ചിത്രം പങ്കുവെക്കുന്നത്.

കഥാതന്തു പുതിയതല്ലെങ്കിലും സംവിധായകൻ പവൻ സാദിനേനിയും തിരക്കഥാകൃത്തുക്കളും കഥാപാത്രങ്ങളെ സമീപിച്ച രീതിയാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. വലിയ വാഗ്ദാനങ്ങളോ നാടകീയതയോ അല്ല, പങ്കാളിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് വളരാനുള്ള ഇടം നൽകുന്നതാണ് യഥാർത്ഥ പ്രണയമെന്ന് ചിത്രം ഓർമ്മിപ്പിക്കുന്നു.

‘സീതാരാമം’, ‘ലക്കി ഭാസ്കർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം തെലുങ്കിൽ ദുൽഖർ സൽമാൻ കാഴ്ചവെക്കുന്ന മറ്റൊരു ശ്രദ്ധേയ പ്രകടനമാണിത്. രംഗങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കാതെ, കഥാപാത്രത്തിന്റെ നിശബ്ദമായ കരുത്ത് പ്രേക്ഷകരിലേക്ക് എത്തിക്കാൻ ദുൽഖറിന് കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രേക്ഷക അഭിപ്രായം. എങ്കിലും പല ക്ലോസപ്പ് രംഗങ്ങളിലെയും ലിപ് സിങ്ക് പിഴവുകളും ഡബ്ബിങ്ങിലെ പൊരുത്തക്കേടുകളും ചിലയിടങ്ങളിൽ കല്ലുകടിയാകുന്നുണ്ട്.

രണ്ടാം പകുതിയിൽ എഡിറ്റിങ് കുറച്ചുകൂടി കർശനമാക്കാമായിരുന്നു എന്ന അഭിപ്രായവുമുണ്ട്. ക്ലൈമാക്സിനോട് അടുക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന പല രംഗങ്ങൾക്ക് ശേഷവും സിനിമ 10–20 മിനിറ്റ് കൂടി നീണ്ടുപോകുന്നത് ചെറിയൊരു ഇഴച്ചിൽ അനുഭവപ്പെടുത്തുന്നു. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം കാണാൻ കഴിയുന്ന, മനസ്സ് നിറയ്ക്കുന്ന മികച്ച ഫീൽ-ഗുഡ് ചിത്രമാണ് ‘ആകാശംലോ ഒക താര’ എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ഈ വർഷത്തെ ഏറ്റവും മികച്ച തെലുങ്ക് ചിത്രങ്ങളിലൊന്നായി സമൂഹമാധ്യമങ്ങളിൽ പലരും ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. സ്വപ്നങ്ങളെ നെഞ്ചിലേറ്റുന്നവർക്ക് മനോഹരമായ അനുഭവമാണ് ചിത്രം നൽകുന്നതെന്നും ആരാധകർ പറയുന്നു. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിച്ച ചിത്രം ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ ചേർന്നാണ് തിയറ്ററുകളിൽ എത്തിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിൽ വിതരണം.

Tags