ആട് 3 റിവ്യൂ: പുതുമകൾ ഏറെയില്ലെങ്കിലും രസിപ്പിക്കുന്ന മൂന്നാം വരവ്
അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. അതില്‍ തന്നെ ജയസൂര്യ, സൈജു കുറുപ്പ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിനായകന്‍, ഇന്ദ്രന്‍സ് എന്നിവരാണ് ഏറ്റവും കൂടുതല്‍ രസിപ്പിച്ചത്
ട്രൂ ക്രിട്ടിക്
മിഥുന്‍ മാനുവല്‍ തോമസിന്റെ ആദ്യ സംവിധാന സംരഭമായിരുന്ന ആട് (2015) തിയറ്ററില്‍ സാമ്പത്തികവിജയമായിരുന്നില്ലെങ്കിലും പിന്നീട് ഹോം വീഡിയോസിലും മറ്റും വലിയ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ്. പിന്നാലെ 2017-ല്‍ പുറത്തിറങ്ങിയ ആട് 2 തിയറ്ററില്‍ നിന്നും വന്‍ കലക്ഷന്‍ നേടുകയും, ഒരു പ്രത്യേക ആരാധകസംഘത്തെ തന്നെ സൃഷ്ടിക്കുകയും ചെയ്തു. വിജയചിത്രങ്ങള്‍ പലതുണ്ടെങ്കിലും പ്രേക്ഷകര്‍ ഏറ്റവുമധികം ആഘോഷിക്കുന്ന ജയസൂര്യ ചിത്രവും ആട് സീരീസിലേത് തന്നെയായിരിക്കും. അതുപോലെ ആട് സീരിസിലെ മറ്റ് കഥാപാത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇതെല്ലാമാണ് ആട് 3 എന്ന ചിത്രത്തിനായി കാത്തിരിക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍. മാര്‍ച്ച് 19-ന് റിലീസിനെത്തിയ ആട് 3-യും മുന്‍ ചിത്രങ്ങള്‍ പോലെ പ്രേക്ഷകരെ രസിപ്പിക്കുകയും, ചിരിപ്പിക്കുകയും ലക്ഷ്യമിട്ടുള്ളതാണ്. അങ്ങനെ നോക്കുമ്പോള്‍ ചിത്രം നിരാശപ്പെടുത്തുന്നില്ല എന്ന് തന്നെ പറയാം.
ആദ്യ രണ്ട് ചിത്രങ്ങളും മലയോര നാട്ടിലെ കഥാപാത്രങ്ങളെ പിന്‍പറ്റിയായിരുന്നെങ്കില്‍, ഇത്തവണ നാട്ടിന്‍പുറത്തിനൊപ്പം മിഥുന്‍ ഒരു പരീക്ഷണശ്രമവും നടത്തുന്നുണ്ട്. മൂന്ന് ടൈം ലൈനുകളിലായി ടൈം ട്രാവല്‍ രീതിയിലാണ് ഇത്തവണത്തെ കഥപറച്ചില്‍. പ്രത്യേകിച്ച് പുതുമയൊന്നും കഥയിലോ, അവതരണത്തിലോ തോന്നുന്നില്ലെങ്കിലും കഥാപാത്രങ്ങളുടെ പ്രകടനവും, ഹാസ്യപ്രധാനമായ സംഭാഷണങ്ങളുമാണ് ചിത്രത്തെ മടുപ്പില്ലാതെ കണ്ടിരിക്കാന്‍ സഹായിക്കുന്നത്.

വിദൂരഭാവിയില്‍ ലോകം 'ഓര്‍ഗനൈസേഷന്‍' എന്ന് വിളിക്കപ്പെടുന്ന ഒരു സംഘത്തിന്റെ പിടിയിലാണ്. എതിര്‍ക്കുന്നവരെ ഇല്ലാതാക്കിക്കൊണ്ട് അധികാരം കൈയാളുന്ന ആ സംഘത്തെ ചെറുക്കാനും, തകര്‍ക്കാനുമായി തന്ത്രങ്ങള്‍ മെയ്യുന്ന ഒരു കൂട്ടമാളുകളെ കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് ചിത്രം വര്‍ത്തമാനകാലത്തിലേയ്ക്കും, ഭൂതകാലത്തിലേയ്ക്കും സഞ്ചരിക്കുന്നു. പ്രധാന കഥാപാത്രങ്ങളെ ഈ കാലഘട്ടങ്ങളിലേയ്ക്ക് അതേ രൂപത്തില്‍, മറ്റ് പേരുകളില്‍ സന്നിവേശിപ്പിക്കുകയാണ് തിരക്കഥാകൃത്ത് ചെയ്തിരിക്കുന്നത്. കൂടുതല്‍ വിശദീകരിച്ചാല്‍ രസച്ചരട് മുറിയുമെന്നതിനാല്‍ കഥയെ പറ്റി അധികം പറയുന്നില്ല.
നേരത്തെ പറഞ്ഞതുപോലെ അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. അതില്‍ തന്നെ ജയസൂര്യ, സൈജു കുറുപ്പ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിനായകന്‍, ഇന്ദ്രന്‍സ് എന്നിവരാണ് ഏറ്റവും കൂടുതല്‍ രസിപ്പിച്ചത്. മറ്റുള്ളവരും മോശമാക്കിയില്ല. എന്നാല്‍ അജു വര്‍ഗീസിന്റെ കഥാപാത്രം പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ വന്നുപോകുക മാത്രം ചെയ്തത് മടുപ്പിച്ചു.
ഒരേ കഥാപാത്രങ്ങളെ പല ടൈം ലൈനുകളിലായി അവതരിപ്പിക്കുന്ന തരത്തിലുള്ള ഒരു രചനാ തന്ത്രമാണ് മിഥുന്‍ ഈ ചിത്രത്തില്‍ പിന്തുടര്‍ന്നിരിക്കുന്നത്. അത് ചിലയിടങ്ങളില്‍ മുഴച്ചുനില്‍ക്കുന്നുണ്ടെങ്കിലും മടുപ്പിക്കാത്ത തരത്തില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മടുപ്പ് തോന്നിത്തുടങ്ങുമ്പോള്‍ പലപ്പോഴും രക്ഷയ്‌ക്കെത്തുന്നത് കഥാപാത്രങ്ങളുടെ പ്രകടനം തന്നെയാണ്. അതുപോലെ രണ്ട് ഭാഗങ്ങളാക്കിയാണ് ആട് 3-യെ തിരിച്ചിരിക്കുന്നത് എന്നതിനാല്‍, ഈ ഭാഗത്തിന് ഒരു പൂര്‍ണ്ണത തോന്നാത്തതും ചിലര്‍ക്ക് കല്ലുകടിയായേക്കാം.

സാങ്കേതികരംഗത്തേയ്ക്ക് വന്നാല്‍ മുന്‍ സിനിമകളിലേത് പോലെ ഓരോ കഥാപാത്രങ്ങള്‍ക്കും നല്‍കിയിരിക്കുന്ന പ്രത്യേകം പശ്ചാത്തല സംഗീതങ്ങള്‍ ഇവിടെയും തുടരുന്നത് രസകരമാണ്. അതുപോലെ എഡിറ്റിങ്ങും രസച്ചരട് മുറിയാതെ കാക്കുന്നുണ്ട്. മുമ്പത്തെ രണ്ട് സിനിമകളെക്കാളും വലിയ ക്യാന്‍വാസില്‍ എടുത്തിരിക്കുന്നതിലെ പുതുമ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് പറയത്തക്ക പുതുമയൊന്നും ഛായാഗ്രഹണത്തില്‍ അനുഭവപ്പെട്ടില്ല.
അവസാനവാക്ക്: മുകളില്‍ പറഞ്ഞതുപോലെ അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് ആട് 3-യുടെ ഹൈലൈറ്റ്. പലപ്പോഴും പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങളും കൂടി ചേരുമ്പോള്‍ മടുപ്പില്ലാത്തെ, റിലാക്‌സ് ചെയ്ത് കണ്ടിരിക്കാവുന്ന ഒന്നാണ് ഷാജി പാപ്പന്റെയും കൂട്ടരുടെയും ഈ മൂന്നാം വരവ്.
.jpg)


