25 കോടി കടന്ന് പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം ‘കാപ്പ’ !

kappa 25 crore cross

പൃഥ്വിരാജിനെയും ആസിഫ് അലിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മലയാളികളുടെ പ്രിയ സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കാപ്പ’ 25 കോടി വേൾഡ് വൈഡ് കളക്ഷനോടെ ബോക്സോഫീസിൽ തിളങ്ങുന്നു. 2022 ഡിസംബർ 22 ന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങൾക്കുള്ളിൽ 10 കോടി സ്വന്തമാക്കിയിരുന്നു. 

ഇപ്പോഴിതാ അതിന്റെ ഇരട്ടിയും കടന്ന് ഇരട്ടിമധുരത്തിലാണ്. ബിഗ് ബഡ്ജറ്റിൽ ചിത്രം ‘കാപ്പ’യുടെ രണ്ടാം ഭാഗം അടുത്ത വർഷം ഉണ്ടാവുമെന്നാണ് റൈറ്റേഴ്സ് യൂണിയൻ അറിയിച്ചിരിക്കുന്നത്. മേജർ പ്രീ ബിസിനസ്സ് നടന്ന ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുത്ത് വിജയകരമായി പ്രദർശനം തുടരുന്നു. ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് സംവിധായകൻ ഷാജി കൈലാസ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.

ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റർ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിർമ്മിച്ചത്. തിരുവനന്തപുരം നഗരത്തിലെ അധോലോകത്തിൻറെ കഥ പറയുന്ന ഇന്ദുഗോപന്റെ പ്രശസ്ത നോവൽ 'ശംഖുമുഖി'യെ ആസ്‍പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ ജി.ആർ. ഇന്ദുഗോപൻ തന്നെയാണ് തയ്യാറാക്കിയത്. നാഷണൽ അവാർഡ് ജേതാവ് അപർണ ബാലമുരളിയാണ് നായിക. അന്ന ബെൻ, ഇന്ദ്രൻസ്, നന്ദു, ദിലീഷ് പോത്തൻ, ജഗദീഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ജോമോൻ ടി. ജോൺ‍ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് ചിത്രസംയോജനവും നിർവ്വഹിച്ച ചിത്രത്തിന് ജസ്റ്റിൻ വർഗീസാണ് സംഗീതം പകർന്നിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം ‘കടുവ’ക്ക് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ മലയാള ചിത്രമാണ് ‘കാപ്പ’.

കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, സ്റ്റിൽസ്: ഹരി തിരുമല, ഡിസൈൻ: ഓൾഡ് മങ്ക്സ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു വൈക്കം, അനിൽ മാത്യു, അസോസിയേറ്റ് ഡയറക്ടർ: മനു സുധാകരൻ, പിആർഒ: ശബരി. പ്രൊമോഷൻ കൺസൾട്ടൻറ്റ്: വിപിൻ കുമാർ.
 

Share this story