മകന്റെ പേരിടൽച്ചടങ്ങ് ആഘോഷമാക്കി നരേൻ

മകന്റെ പേരിടൽച്ചടങ്ങ് ആഘോഷമാക്കി നരേൻ. ഓംകാർ നരേൻ എന്നാണ് മകന് നൽകിയിരിക്കുന്ന പേര്. പേരിടൽച്ചടങ്ങിന്റെ ചിത്രങ്ങൾക്കൊപ്പം ഫെയ്സ്ബുക്കിലൂടെ താരം തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. 'ഓംകാർ നരേൻ, അതാണ് പേര്' എന്നാണ് നരേൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.
ആരാധകർ ഉൾപ്പെടെ നിരവധി പേരാണ് ഓംകാറിനും നരേനും ആശംസകളുമായി എത്തിയത്.വെറ്റില വച്ച് കുഞ്ഞിന്റെ ചെവിയില്‍ പേര് വിളിക്കുന്ന ചിത്രവും, ചേച്ചി തന്മയയുടെ കയ്യിലുള്ള മകന്റെ ചിത്രവുമാണ് നരേന്‍ പങ്കുവച്ചത്. 15ാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി വരികയാണെന്ന സന്തോഷവാർത്ത നരേൻ ആരാധകരെ അറിയിച്ചത്.
2007ലായിരുന്നു മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിഴൽക്കുത്ത് ആയിരുന്നു നരേന്റെ ആദ്യചിത്രം. മിഷ്കിൻ സംവിധാനം ചെയ്ത ചിത്തിരം പേസുതടി എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറി. സാക് ഹാരിസ് ഒരുക്കിയ അദൃശ്യം ആണ് മലയാളത്തിൽ അദ്ദേഹത്തിന്റേതായി ഒടുവിൽ ഇറങ്ങിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൈതി 2 ആണ് നരേന്റേതായി വരാനിരിക്കുന്ന വലിയ പ്രോജക്റ്റുകളിലൊന്ന്.