'നൻപകൽ' നേരത്ത് മയക്കം’ ഈ മാസം 19ന് തീയറ്ററുകളിലെത്തും

Nanpakal nerathu mayakkam
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഗംഭീര അഭിപ്രായം നേടിയിരുന്നു.

മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങിയ ‘നൻപകൽ നേരത്ത് മയക്കം’ ഈ മാസം 19ന് തീയറ്ററുകളിലെത്തും. മമ്മൂട്ടി തന്നെയാണ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഗംഭീര അഭിപ്രായം നേടിയിരുന്നു. സിനിമയുടെ കഴിഞ്ഞ മാസം പുറത്തിറങ്ങിയ ട്രെയിലറും ഏറെ ചർച്ചയായി.

ജെയിംസ് എന്ന നാടക കലാകാരനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജെയിംസ് അടക്കമുള്ള ഒരു പ്രൊഫഷണല്‍ നാടകസംഘം പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് വേളാങ്കണ്ണി യാത്ര നടത്തി മടങ്ങുകയാണ്. യാത്രക്കിടെ ഇടയ്ക്ക് വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെടുന്ന ജെയിംസ് അടുത്തുള്ള ഗ്രാമത്തിലേക്ക് പരിചയമുള്ള ഒരാളെപ്പോലെ കയറി ചെല്ലുന്നു. രണ്ട് വർഷം മുൻപ് ഗ്രാമത്തിൽ നിന്ന് കാണാതായ സുന്ദരം ആണെന്ന മട്ടിലാണ് ജെയിംസിൻ്റെ പെരുമാറ്റം. ജെയിംസും തമിഴ്നാട്ടിലെ ആ ഗ്രാമവാസികളും നാടക സമിതിയിലെ മറ്റ് അംഗങ്ങളും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

മമ്മൂട്ടിക്കൊപ്പം രമ്യ പാണ്ഡ്യൻ, അശോകൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Share this story