രജനികാന്ത് ചിത്രം ജയിലറില്‍ മോഹൻലാൽ അതിഥിവേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ട്

jailer
രമ്യ കൃഷ്ണൻ, വിനായകൻ, യോഗി ബാബു എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

രജനികാന്ത് ചിത്രം ജയിലറില്‍ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ട്. തമിഴിലെ പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്. രണ്ടോ മൂന്നോ ദിവസം മാത്രമാകും മോഹൻലാലിന് ചിത്രീകരണം ഉണ്ടാകുകയെന്നും ചെറിയൊരു വേഷമാകും അദ്ദേഹത്തിന്റേതെന്നും ഇവർ സൂചിപ്പിക്കുന്നു. ഇത് സംഭവിച്ചാൽ ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമായി ജയിലർ മാറും. ബീസ്റ്റിനു ശേഷം നെൽസൺ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കന്നഡ സൂപ്പര്‍സ്റ്റാർ ശിവ്‌രാജ് കുമാറും അഭിനയിക്കുന്നുണ്ട്.

രമ്യ കൃഷ്ണൻ, വിനായകൻ, യോഗി ബാബു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സ്റ്റണ്ടി ശിവയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു. ‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണ് ‘ജയിലര്‍’.

ആദ്യ ചിത്രമായ കോലമാവ് കോകിലയിലൂടെ തമിഴകത്ത് ശ്രദ്ധനേടിയ സംവിധായകനാണ് നെല്‍സണ്‍. കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്‍ത്തികേയന്‍ നായകനായ ‘ഡോക്ടര്‍’ ആയിരുന്നു. ഏറ്റവും ഒടുവില്‍ നെല്‍സന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത് വിജയ് ചിത്രമായ ‘ബീസ്റ്റ്’ ആയിരുന്നു. ‘ബീസ്റ്റ്’ എന്ന ചിത്രം പരാജയമായിരുന്നു. ‘ജയിലറി’ലൂടെ വൻ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍. സൺ പിക്ചേഴ്സ് ആണ് നിർമാണം.

Share this story