ഹൊംബാളെ ഫിലിംസ് അടുത്ത 5 വര്‍ഷം കൊണ്ട് മുടക്കുക 3000 കോടി

google news
Hombale films

കെജിഎഫ് ഫ്രാഞ്ചൈസിക്കൊപ്പം രാജ്യമെങ്ങും ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയാണ് ഹൊംബാളെ ഫിലിംസ്. അതിനു മുന്‍പും ബോക്സ് ഓഫീസ് വിജയങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും കന്നഡ മുഖ്യധാരാ സിനിമയ്ക്ക് ആദ്യമായി പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിക്കൊടുത്ത കെജിഎഫ് ചാപ്റ്റര്‍ 1 ഈ നിര്‍മ്മാണ കമ്പനിക്ക് ഉണ്ടാക്കിക്കൊടുത്ത നേട്ടം ചെറുതല്ല. ഇന്ത്യന്‍ ബോക്സ് ഓഫീസിലെ തന്നെ ഈ വര്‍ഷത്തെ രണ്ട് വന്‍ വിജയങ്ങളുടെ അമരത്ത് ഹൊംബാളെ ഉണ്ടായിരുന്നു. കെജിഎഫ് ചാപ്റ്റര്‍ 2, പിന്നാലെ കാന്താര. ആറോളം ശ്രദ്ധേയ പ്രോജക്റ്റുകളാണ് ഈ ബാനറിന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ പുതുവര്‍ഷത്തില്‍ ഒരു ശ്രദ്ധേയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് അവര്‍. വരുന്ന അഞ്ച് വര്‍ഷങ്ങളില്‍ വിനോദ വ്യവസായ മേഖലയില്‍ തങ്ങള്‍ നടത്താന്‍ പോകുന്ന മുതല്‍മുടക്കിനെക്കുറിച്ചാണ് അത്.

പോയ വര്‍ഷത്തിലേതുള്‍പ്പെടെ തങ്ങള്‍ക്കു നല്‍കിയ വന്‍ വിജയങ്ങള്‍ക്ക് പ്രേക്ഷകര്‍ക്ക് നന്ദിയും ഒപ്പം നവവത്സരാശംസകളും നേര്‍ന്നുകൊണ്ട് ഹൊംബാളെ ഫിലിംസിനുവേണ്ടി ഉടമ വിജയ് കിരഗണ്ഡൂര്‍ പുറത്തിറക്കിയ കുറിപ്പിലാണ് സമീപഭാവിയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നത്. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന മികച്ച ഉള്ളടക്കം സൃഷ്ടിക്കാനുള്ള തങ്ങളുടെ ആഗ്രഹം വെളിപ്പെടുത്തുന്ന വിജയ് വരുന്ന അഞ്ച് വര്‍ഷത്തില്‍ വിനോദ വ്യവസായ രംഗത്ത് 3000 കോടി ആയിരിക്കും ഹൊംബാളെ മുതല്‍മുടക്കുകയെന്നും പറയുന്നു.

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ തെലുങ്ക് ചിത്രം, പ്രഭാസ് നായകനാവുന്ന സലാറിനൊപ്പം രണ്ട് മലയാളം ചിത്രങ്ങളും ഹൊംബാളെ ഫിലിംസ് പ്രഖ്യാപിച്ചിരുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത്, കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ടൈസണ്‍, ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ധൂമം എന്നിവയാണ് അവ. സലാറില്‍ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

Tags