ഡെപ്പുമായുള്ള കേസ് ഒത്തുതീര്‍പ്പാക്കുന്നുവെന്ന് ഹേര്‍ഡ്

depp and heard

ഹോളിവുഡ് നടന്‍ ജോണി ഡെപ്പ് നല്‍കിയ മാനനഷ്ടക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ തീരുമാനിച്ചതായി ആംബര്‍ ഹേര്‍ഡ്. ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ആംബര്‍ എഴുതിയ ലേഖനത്തിനെതിരായ മാനനഷ്ടക്കേസില്‍ ഡെപ്പിന് അനുകൂലമായി വിധി വന്നതിന് പിന്നാലെയാണ് നിയമയുദ്ധത്തില്‍ നിന്ന് താന്‍ ഒഴിയുകയാണെന്ന് ഹേര്‍ഡ് അറിയിച്ചത്. ഇന്‍സ്റ്റയിലാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
'' ഒരുപാട് ആലോചനകള്‍ക്ക് ശേഷം ഞാന്‍ ഏറെ ബുദ്ധിമുട്ടുള്ള ആ തീരുമാനമെടുത്തു. എന്റെ മുന്‍ ഭര്‍ത്താവ് എനിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇത് ഞാന്‍ തെരഞ്ഞെടുത്തതല്ല. ഞാന്‍  പ്രതിരോധിച്ചപ്പോള്‍ എന്റെ ജീവിതം തകരുകയാണുണ്ടായത്. സ്ത്രീകള്‍ തുറന്നുപറച്ചിലുമായി മുന്നോട്ടുവരുമ്പോള്‍ അവര്‍ വീണ്ടും ഇരകളാക്കപ്പെടുകയാണ് ചെയ്യുന്നത്. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നേരിട്ടുകൊണ്ടിരുന്നത് അതാണ്.
അമേരിക്കന്‍ നിയമവ്യവസ്ഥിതിയിലുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടു. എന്റെ മൊഴി സോഷ്യല്‍ മീഡിയയ്ക്ക് വിനോദത്തിനായി എറിഞ്ഞുകൊടുക്കപ്പെട്ടു. യു കെയില്‍ വച്ച് കോടതിയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നതില്‍ നിന്ന് സംരക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ അമേരിക്കയില്‍ എന്റെ മൊഴികളെ സാധൂകരിക്കുന്ന തെളിവുകളെല്ലാം ഒഴിവാക്കപ്പെട്ടു. അപ്പീല്‍ വിജയകരമായാല്‍ പോലും ഇനിയും വിചാരണയിലൂടെ കടന്നുപോകാന്‍ എനിക്ക് വയ്യ. സമയം വിലപ്പെട്ടതാണ്. ഞാന്‍ അത് ലക്ഷ്യബോധത്തോടെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു. സത്യം പറഞ്ഞതിന് സ്ത്രീകള്‍ അധിക്ഷേപം നേരിടുന്നത് വളരെ സാധാരണ കാര്യം ആയി മാറിയിരിക്കുന്നു. വിവാഹമോചനത്തിന് ശേഷം ജോലിയില്‍ മുഴുകാനാണ് തീരുമാനം.''

Share this story