ഫാഷൻ ഡിസൈനർ വിവിയൻ വെസ്റ്റ് വുഡ് അന്തരിച്ചു

ബ്രിട്ടീഷ് ഫാഷന്‍ ഡിസൈനറും ആക്ടിവിസ്റ്റുമായിരുന്ന വിവിയെന്‍ ഇസബെല്‍ സ്വയര്‍ (വിവിയന്‍ വെസ്റ്റ്ഹുഡ് -81) അന്തരിച്ചു. സൗത്ത് ലണ്ടനിലെ ക്ലാഫാമില്‍ വീട്ടിലായിരുന്നു അവരുടെ അവസാനനിമിഷങ്ങള്‍ അവര്‍ ചെലവഴിച്ചത്.അവരുടെ മരണം സമാധാനപൂര്‍ണമായിരുന്നുവെന്ന് കുടുംബത്തിന്റെ പ്രതിനിധി സ്ഥിരീകരിച്ചു.
വിവിയന്റെ മരണവാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ ഇങ്ങനെയൊരു കുറിപ്പിനൊപ്പമാണ് പങ്കുവെച്ചത്.' അവര്‍ തന്റെ അവസാനം വരെയും ഇഷ്ടമുള്ള കാര്യങ്ങള്‍ക്കായി ചെലവഴിച്ചു. ഡിസൈനിങ്ങിനും പുസ്തകമെഴുത്തിലും അവര്‍ സമയം കണ്ടെത്തി.
അതിലൂടെ ലോകത്തിന്റെ മാറ്റത്തിനായി അവര്‍ പ്രവര്‍ത്തിച്ചു. മഹത്തരമായി ജീവിതമാണവര്‍ നയിച്ചത്. കഴിഞ്ഞ 60 വര്‍ഷത്തില്‍ അവരുണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്.അതിനിയും തുടരും. വിവിയന്‍ സ്വയം താവോയിസ്റ്റായാണ് പ്രഖ്യാപിച്ചിരുന്നതെന്നും കുറിപ്പില്‍ പറയുന്നത്.
എ.പി. റിപ്പോര്‍ട്ട് പ്രകാരം അവരുടെ ജീവിതവും വെസ്റ്റ് വുഡെന്ന പേരും സ്റ്റൈല്‍ എന്നതിന്റൈ പര്യായമായിരുന്നു. 1970-കളിലാണ് അവര്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. അര്‍ബ്ബന്‍ സ്ട്രീറ്റ് സ്റ്റൈല്‍ രംഗത്ത് വലിയ മാറ്റങ്ങളാണ് അവര്‍ കൊണ്ടുവന്നത്.
അവരാണ് പംഗ് ഫാഷന് തുടക്കമിട്ടതെന്നതും എടുത്തുപറയേണ്ട വസ്തുതയാണ്. 1962-ല്‍ ഡെറക് വെസ്റ്റവുഡിനെ വിവാഹം കഴിച്ചു. സ്വയം ഡിസൈന്‍ ചെയ്ത വസ്ത്രമാണ് അവര്‍ വിവാഹത്തിന് ധരിച്ചത്. മൂന്നു വര്‍ഷത്തിലധികം ആ ബന്ധം തുടര്‍ന്നില്ല. പിന്നീട് മാല്‍കം മക്ലാരനെ ജീവിത പങ്കാളിയാക്കി.
ഈ സമയം വിവിയന്‍ പ്രൈമറി സ്‌കൂള്‍ അധ്യാപികയായി ജോലി ചെയ്തിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് ചെറിയ ബൊട്ടീക് തുടങ്ങി. അത് വലിയൊരു പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു. 1980-കളില്‍ മക്ലാരനോട് ചേര്‍ന്നുകൊണ്ടാണ് അവര്‍ തന്റെ ആദ്യത്തെ ക്യാറ്റ്വാക്ക് കളക്ഷന്‍ അവതരിപ്പിച്ചത്.
പിന്നീട് 1992-ല്‍ ഓസ്ട്രേലിയക്കാരനായ ഡിസൈന്‍ വിദ്യാര്‍ത്ഥിയും തന്നേക്കാള്‍ 25 വയസ് ചെറുപ്പമായ ആന്‍ഡ്രിയാസ് ക്രോന്തലറെ വിവാഹം കഴിച്ചു. അവര്‍ കോ-ഡിസൈനറായി ജോലിയില്‍ തുടര്‍ന്നു.1992-ല്‍ തന്നെയാണ് ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്ന് ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ വിവിയന്‍ നേടിയത്.ഫാഷനിലൂടെ തന്റെ രാഷ്ട്രീയവും വ്യക്തമാക്കുന്നതില്‍ അവര്‍ ശ്രദ്ധാലുവായിരുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കെതിരേയും ജൂലിയന്‍ അസാന്‍ജിന് വേണ്ടിയും അവര്‍ തന്റെ ശബ്ദമുയര്‍ത്തി.
സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ വിക്ടോറിയ ബെക്കാം, നടന്‍ കിം കാട്രാല്‍ ,മോഡലായ ബെല്ല ഹഡിഡ്,തുടങ്ങി നിരവധി പ്രമുഖര്‍ വിവിയന്റെ വിയോഗത്തില്‍ അനുശോചിച്ചു. ലോകത്തെ തന്റെ ഫാഷന്‍ പരീക്ഷണങ്ങളൂടെ മാറ്റങ്ങളിലേയ്ക്ക് നയിച്ചതില്‍ വിവിയന്‍ വലിയ പങ്ക് വഹിച്ചു.