പുതുവത്സര ആശംസകളുമായി ‘അജയന്റെ രണ്ടാം മോഷണം’ ടീം

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ടൊവിനോ ട്രിപ്പിള്‍ റോളിൽ എത്തുന്ന ചിത്രം ഒരുങ്ങുന്നത് പൂർണമായും 3 ഡിയിലാണ്. ആക്ഷനും അഡ്വഞ്ചറിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ പുതുവത്സര പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
‘പുതുവത്സരാശംസകൾ ജനങ്ങളേ… ഈ പുതുവർഷത്തിൽ ഞങ്ങൾക്ക് വലിയൊരു കാര്യം നിങ്ങളെ കാണിക്കാനുണ്ട്… കൂടുതൽ നിഗൂഢതകൾ വെളിപ്പെടാൻ കാത്തിരിക്കുക’, എന്നാണ് ന്യു ഇയർ പോസ്റ്റർ പങ്കുവച്ചു കൊണ്ട് ടൊവിനോ തോമസ് കുറിച്ചത്. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തുന്നത്.
യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പല കാലഘട്ടങ്ങളിലൂടെ മുന്നേറുന്ന ഒരു അഡ്വഞ്ചർ സാഗയാണ് ചിത്രമെന്നാണ് അണിയറക്കാർ ചിത്രത്തിനെ വിശേഷിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ.ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, റോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.