നാലാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള : ആദ്യ ഡെലിഗേറ്റായി സിനിമാ താരം അനശ്വര രാജന്‍

ആലപ്പുഴ: സമൂഹം കൂടുതല്‍ പുരോഗമനപരമായിക്കൊണ്ടിരിക്കുകയാണ്. സംവിധായിക അല്ലെങ്കിൽ സംവിധായകൻ എന്ന് വിശേഷിപ്പിക്കുന്നതില്‍ നിന്നും എല്ലാ ലിംഗക്കാരെയും ഉള്‍ക്കൊള്ളുന്ന സംവിധായകര്‍ എന്ന പദത്തിലേയ്ക്ക് സമൂഹം മാറുകയാണെന്ന് മലയാളത്തിലെ യുവ സിനിമാതാരം അനശ്വര രാജന്‍. നാലാമത് വനിത അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആദ്യ ഡെലിഗേറ്റ് പാസ് സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അനശ്വര.
കൈരളി, ശ്രീ തിയറ്റര്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മേളയുടെ ആദ്യ ഡെലിഗേറ്റ് പാസ് അനശ്വര രാജന് സമ്മാനിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ് ഡെലിഗേറ്റ് കിറ്റ് കൈമാറി.മലയാള സിനിമാ ആര്‍ട്ടിസ്റ്റ് ഉഷ ഹസീന അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചയത്ത് അംഗം ആര്‍. റിയാസ്, നഗരസഭാ കൗണ്‍സിലര്‍മാരായ സതീദേവി, ആര്‍. വിനിത, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ഡെപ്യൂട്ടി ഡയറക്ടര്‍ (ഫെസ്റ്റിവൽ) എച്ച്. ഷാജി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സൗമ്യ ചന്ദ്രന്‍, സഫിയ സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മാര്‍ച്ച് 17 മുതല്‍ 19 വരെ ആലപ്പുഴ കൈരളി, ശ്രീ തീയറ്ററുകളിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള നടക്കുന്നത്.