30ാമത് ഐ.ഐ.എഫ്.കെ :അതിജീവനത്തിൻ്റെ പാഠങ്ങളുമായി പലസ്തീൻ ചിത്രങ്ങൾ

allthatsleftofyou
allthatsleftofyou

തിരുവനന്തപുരം: അതിജീവനത്തിനായുള്ള പലസ്തീൻ ജനതയുടെ നിതാന്ത പോരാട്ടം ആഴത്തിൽ അടയാളപ്പെടുത്തുന്ന പലസ്തീൻ പാക്കേജ് സിനിമകളുമായി 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്എഫ്കെ). 

ശ്രദ്ധേയമായ മൂന്ന് ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നത്. പലസ്തീൻ ജനതയുടെ മൂന്ന് തലമുറകളിലൂടെ കഥ പറയുന്ന, ചെറിയൻ ഡാബിസ് എഴുതി സംവിധാനം ചെയ്ത 'ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ' ആണ് ഈ വിഭാഗത്തിലെ പ്രധാന ചിത്രം. 1948 മുതൽ ഇന്നുവരെയുള്ള പലസ്തീൻ കുടുംബത്തിൻ്റെ കഥ പറയുന്ന ചിത്രം, തലമുറകളായി നേരിടേണ്ടി വരുന്ന ആഘാതങ്ങളും സ്വത്വ പ്രതിസന്ധികളും അന്വേഷിക്കുന്നു. 2025-ലെ സൺഡാൻസ് ചലച്ചിത്രമേളയിൽ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രം, മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള ജോർദാൻ്റെ ഓസ്കാർ എൻട്രി ആയിരുന്നു. മലേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള അവാർഡും നേടി.

tRootC1469263">

മെഡിറ്ററേനിയൻ കടൽ കാണാൻ ആഗ്രഹിക്കുന്ന 12 വയസ്സുള്ള പലസ്തീൻ ബാലൻ ഖാലിദിന്റെ കഥയാണ് ഷായ് കർമ്മേലി-പൊള്ളാക്കിൻ്റെ 'ദി സീ' കൈകാര്യം ചെയ്യുന്നത്. യാത്രാരേഖകളില്ലാതെ സൈനിക ചെക്ക്‌പോസ്റ്റുകൾ മറികടന്നുള്ള അവന്റെ സാഹസിക യാത്ര അതിജീവനത്തിൻ്റെയും നിസ്സഹായതയുടെയും കഥയാണ്. ഈ ചിത്രം ഇസ്രായേലിലെ ഓഫിർ അവാർഡുകളിൽ മികച്ച ചിത്രമുൾപ്പെടെ അഞ്ച് പുരസ്‌കാരങ്ങൾ നേടുകയും 98-ാമത് ഓസ്‌കറിനുള്ള ഇസ്രായേലി എൻട്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

സഹോദരങ്ങളായ ടാർസൻ നാസ്സറും അറബ് നാസ്സറും ചേർന്ന് സംവിധാനം ചെയ്ത 'വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ', 2007-ലെ ഗാസ പശ്ചാത്തലമാക്കി സുഹൃത്തിൻ്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ ശ്രമിക്കുന്ന യുവാവിൻ്റെ കഥ പറയുന്നു. 2025-ലെ കാൻ ചലച്ചിത്രമേളയിലെ അൺ സർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയിരുന്നു.

രാഷ്ട്രീയത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചു കൊണ്ട് മനുഷ്യൻ്റെ തകരാത്ത പ്രതീക്ഷയുടെയും സ്വാതന്ത്ര്യത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിൻ്റെയും കഥ പറയുന്ന ഈ പലസ്തീൻ ചിത്രങ്ങൾ ഐഎഫ്എഫ്കെയുടെ തിരശ്ശീലയിൽ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുമായി സംവദിക്കും.
 

Tags