17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയ്ക്ക് തുടക്കമായി;52 രാജ്യങ്ങളില്‍നിന്നുള്ള 331 സിനിമകള്‍ പ്രദര്‍ശിപ്പിക്കും

The 17th IDSFFK has begun; 331 films from 52 countries will be screened
The 17th IDSFFK has begun; 331 films from 52 countries will be screened

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതല്‍ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയ്ക്ക് തുടക്കമായി. ഇന്നലെ അന്തരിച്ച പീരുമേട് എം.എല്‍.എ വാഴൂര്‍ സോമനോടുള്ള ആദരസൂചകമായി ഉദ്ഘാടനച്ചടങ്ങ് ഹ്രസ്വമായ ഒരു ഒത്തുചേരല്‍ മാത്രമായി മാറ്റിയിരുന്നു. അദ്ദേഹത്തിന്റെയും ഈയിടെ അന്തരിച്ച ചലച്ചിത്രപ്രവര്‍ത്തകരായ സംവിധായകന്‍ ഷാജി എന്‍. കരുണ്‍, നടന്‍മാരായ കലാഭവന്‍ നവാസ്, ഷാനവാസ്, സംവിധായകന്‍ നിസാര്‍, ഡോക്യുമെന്ററി സംവിധായകന്‍ ആര്‍.എസ് പ്രദീപ് എന്നിവരുടെയും വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട് ഒരു മിനിറ്റ് മൗനാചരണം നടത്തി.

tRootC1469263">

ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ ഐ.എ.എസ് സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ഫെസ്റ്റിവല്‍ ഡെയ്‌ലി ബുള്ളറ്റിന്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍പേഴ്‌സനും സംവിധായകനുമായ കെ.മധു,  ഫിക്ഷന്‍ വിഭാഗം ജൂറി അംഗവും നടിയുമായ രാജശ്രീ ദേശ്പാണ്ഡെക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.

ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍,  സെക്രട്ടറി സി. അജോയ്, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ മധുപാല്‍, നോണ്‍ ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍  രണജിത് റേ, ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ ഗുര്‍വീന്ദര്‍ സിംഗ്, ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം ജോബി എ.എസ്, കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടര്‍ വി.എസ് പ്രിയദര്‍ശനന്‍ എന്നിവര്‍ പങ്കെടുത്തു.

ഉദ്ഘാടനച്ചടങ്ങിനുശേഷം പലസ്തീന്‍ ചിത്രമായ 'ഫ്രം ഗ്രൗണ്ട് സീറോ' പ്രദര്‍ശിപ്പിച്ചു.  ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 331 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളില്‍നിന്നുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.

മല്‍സര വിഭാഗത്തിലെ ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍, അനിമേഷന്‍, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോംഗ് ഡോക്യുമെന്ററി, ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍, ഇന്റര്‍നാഷണല്‍ ഫിലിംസ്, ഫെസ്റ്റിവല്‍ വിന്നേഴ്‌സ്, ജൂറി ഫിലിംസ് തുടങ്ങിയ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ സംവിധായകരുമായി ഡെലിഗേറ്റുകള്‍ക്ക് സംവദിക്കാനുള്ള മീറ്റ് ദ ഡയറക്ടര്‍, ഫേസ് റ്റു ഫേസ്, മാസ്റ്റര്‍ ക്‌ളാസ്, പാനല്‍ ഡിസ്‌കഷന്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

സമീപകാലത്ത് അന്തരിച്ച ശ്യാംബെനഗല്‍, ഷാജി എന്‍. കരുണ്‍, സുലൈമാന്‍ സിസെ, തപന്‍കുമാര്‍ ബോസ്, തരുണ്‍ ഭാര്‍ട്ടിയ, പി.ജയചന്ദ്രന്‍, ആര്‍.എസ് പ്രദീപ് എന്നിവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയില്‍ ഉണ്ടായിരിക്കും.

ആഗസ്റ്റ് 27 ബുധനാഴ്ച വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ മല്‍സരവിഭാഗത്തിലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. മികച്ച ലോംഗ് ഡോക്യുമെന്ററിക്ക് രണ്ടു ലക്ഷം രൂപയും ഷോര്‍ട്ട് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക. മികച്ച ഹ്രസ്വചിത്രത്തിന് രണ്ടു ലക്ഷം രൂപയും മികച്ച രണ്ടാമത്തെ ചിത്രത്തിന് ഒരു ലക്ഷം രൂപയും ലഭിക്കും. കേരളത്തില്‍ നിര്‍മ്മിച്ച മികച്ച ക്യാമ്പസ് ചിത്രത്തിന് 50,000 രൂപയാണ് പുരസ്‌കാരത്തുക.

Tags