വൈക്കം ക്ഷേത്രത്തിൽ 12 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വടക്കുപുറത്ത് പാട്ട്; പൊതു എതിരേല്‍പ്പ് മതിയെന്ന് തീരുമാനം

Vadakkupurathu Pattu, a song performed once every 12 years at Vaikom temple; decision made to hold a public meeting
Vadakkupurathu Pattu, a song performed once every 12 years at Vaikom temple; decision made to hold a public meeting

കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തില്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വടക്കുപുറത്ത് പാട്ടിന് ഇനി പൊതു എതിരേല്‍പ്പ് മതിയെന്ന് തീരുമാനം. വിഭാഗീയമായി നടത്തിവന്ന എതിരേല്‍പ്പുകള്‍ ഒഴിവാക്കാന്‍ വടക്കുപുറത്തുപാട്ട് കമ്മിറ്റി യോഗത്തില്‍ തീരുമാനം ഉണ്ടായി.

ക്ഷേത്രമുറ്റത്ത് നെടുംപുര കെട്ടി ദേവിയുടെ കളംവരച്ചാണ് 12 ദിവസത്തെ വടക്കുപുറത്ത് പാട്ട്. വടക്കേനടയില്‍ ദേവീസാന്നിദ്ധ്യം കുടികൊള്ളുന്ന കൊച്ചാലുംചുവട്ടില്‍ നിന്നാണ് ദിവസവും ക്ഷേത്രത്തിലേക്ക് എതിരേല്പ്. ദേവിയെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുമ്പോള്‍ വ്രതമെടുത്ത 64 വനിതകള്‍ കുത്തുവിളക്കെടുക്കും. ആറ് ദിവസം എന്‍എസ്എസ് കരയോഗങ്ങള്‍ക്കും രണ്ട് ദിവസം ധീവരസഭയ്‌ക്കും ഒരു ദിവസം എസ്എന്‍ഡിപി യോഗത്തിനും ബാക്കിയുള്ള ദിവസങ്ങളില്‍ മറ്റ് ചില സമുദായ സംഘടനകള്‍ക്കുമാണ് അവസരം.

എന്നാല്‍ ഇക്കുറി ഇത്തരത്തിലുള്ള എതിരേല്പുകള്‍ ഒഴിവാക്കി വടക്കുപുറത്തുപാട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള എതിരേല്‍പ്പ് നടത്തണമെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.

എട്ട് സമുദായ സംഘടനകള്‍ നിലവില്‍ എതിരേല്‍പ്പ് ഏറ്റെടുത്ത് നടത്താന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ദിവസവും ഈ സംഘടനകളെ പ്രതിനിധീകരിക്കുന്ന എട്ടുപേരെ വീതം ഉള്‍പ്പെടുത്തി 64 പേര്‍ വിളക്കെടുക്കട്ടെയെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു.

താലപ്പൊലികൾ വിഭാഗീയമായി വേണ്ടെന്ന് യോഗത്തിൽ ശക്തമായ നിലപാടെടുത്തത് ദേശീയവാദികളായ ഒരു കൂട്ടം ഹൈന്ദവ സംഘടനാ പ്രവർത്തകരാണ്. ഒരു പ്രത്യേക സമുദായത്തിന്റേയും പരിവേഷം വേണ്ടെന്നും വിശാല ഹൈന്ദവമുഖം മാത്രം മതിയെന്നും ഇവർ അറിയിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയിലും മഹാദേവക്ഷേത്രത്തിൽ ജാതിതിരിച്ചുള്ള ചടങ്ങുകൾ തുടരുന്നത് നീതീകരിക്കാനാവില്ലെന്ന ഈ അഭിപ്രായത്തോട് പല അംഗങ്ങളും യോജിച്ചു.

അതിനിടെ 12 വര്‍ഷം കൂടുമ്പോള്‍ നടന്നുവരുന്ന വടക്കുംപുറത്ത് പാട്ടിനോടനുബന്ധിച്ചുള്ള എതിരേല്‍പ്പ് ഈ വര്‍ഷം മുതല്‍ ദേശ എതിരേല്‍പ്പായി നടത്താന്‍ താലപ്പൊലി കമ്മിറ്റി എടുത്ത തീരുമാനം അത്യന്തം സ്വാഗതാര്‍ഹമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു പറഞ്ഞു.

Tags