വടക്കിന്റെ മണ്ണിൽ ഇനി തെയ്യക്കാലം! ഉറക്കമില്ലാത്ത രാത്രികൾ, ഇന്ന് പത്താമുദയം

It's time for the Theiya in the northern soil! Sleepless nights, today is the tenth day.

ഉത്തരമലബാറിന്റെ കാവുകളിലും തറവാട്ടുമുറ്റങ്ങളിലും ഇനി ചിലമ്പിന്റെ പദച്ചലനങ്ങളും പള്ളിയറകളിൽ ചെണ്ടമേളത്തിന്റെ മുഴക്കവും ഉയരുകയാണ്. അതെ, തുലാപ്പത്തിന്റെ പത്താമുദയത്തോടെ വടക്കിന്റെ മണ്ണിൽ വീണ്ടും തെയ്യക്കാലത്തിന് തുടക്കമായിരിക്കുന്നു.  തുലാപ്പത്തിന്റെ പുലരിയിൽ കന്നിമണ്ണിൽ വെളിച്ചം പരക്കുമ്പോൾ കാവുകളിൽ നിന്നും തറവാടുകളിൽ നിന്നും കുഴൽവിളികളും തോറ്റംപാട്ടുകളുടെ ഈരടികളും കേട്ടുതുടങ്ങും. കൊടും ചൂടിലും തണുപ്പിലും ദൈവങ്ങൾ മണ്ണിലേക്കിറങ്ങിവരുന്ന കാലം. 

വാളും പരിചയും ഏന്തി, തലയിലേറ്റിയ മുടിയും വെളിച്ചപ്പാടിന്റെ നെഞ്ചിലെ ആകുലതകളും മായ്ക്കാൻ അവർ ജനങ്ങൾക്ക് മുന്നിൽ അവതരിക്കും.വടക്കൻ മലബാറുകാർക്ക് തെയ്യം എന്നത് കേവലം ഒരു അനുഷ്ഠാനം മാത്രമല്ല; അത് അവരുടെ ശ്വാസമാണ്, സംസ്കാരമാണ്, ജീവിതത്തിന്റെ തന്നെ ഭാഗമാണ്.രാത്രിയുടെ യാമങ്ങളിൽ നിശബ്ദതയെ ഭേദിച്ച് ഉയരുന്ന ചെണ്ടയുടെ ഇടിമുഴക്കം വടക്കൻ മണ്ണിലെ ഓരോ മനുഷ്യന്റെയും രക്തത്തിൽ ആവേശം നിറയ്ക്കും.

വാമൊഴിയായി കൈമാറിവന്ന ചരിത്രവും പുരാണങ്ങളും വരികളായി പെയ്തിറങ്ങുമ്പോൾ അവിടെ ദൈവ സങ്കൽപ്പങ്ങൾ ജീവനുള്ള രൂപങ്ങളായി മാറും.കനലാഴിയിൽ ഇറങ്ങുന്ന തീചാമുണ്ഡിയും, ആകാശത്തോളം ഉയരമുള്ള തിരുമുടിയേറ്റുന്ന ഗുളികനും,മുച്ചിലോട്ട് ഭഗവതിയും,കേളനും, വീരനും, വിഷ്ണുമൂര്ത്തിയും, രക്തചാമുണ്ഡിയുമെല്ലാം നാടിന്റെ ഉണർവാണ്.കണ്ണൂരും കാസർകോടും കോഴിക്കോടിന്റെ ചില ഭാഗങ്ങളും ഇനി മാസങ്ങളോളം തെയ്യച്ചെണ്ടയുടെ താളത്തിനൊപ്പം മാത്രമായിരിക്കും ഉറങ്ങുന്നതും ഉണരുന്നതും. ദൈവത്തോട് നേരിട്ട് വിശേഷങ്ങൾ പങ്കുവെക്കാനും, മനസ്സിന്റെ സങ്കടങ്ങൾ പറഞ്ഞ് അനുഗ്രഹം വാങ്ങാനും വടക്കൻമാർ ഇനി രാത്രികളെ പകലാക്കും.
 

  
 

Tags