തങ്കഅങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത്

Thanga Anki procession today at Sannidhanam
Thanga Anki procession today at Sannidhanam

ശബരിമല : മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര വെള്ളിയാഴ്ച വൈകിട്ട് ശബരിമല സന്നിധാനത്ത് എത്തും. വൈകിട്ട് തങ്കഅങ്ക ചാർത്തി ദീപാരാധന നടക്കും. ശനിയാഴ്ചയാണു (ഡിസംബർ 27) തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ. രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് ഈ വർഷത്തെ മണ്ഡലപൂജ. ശനിയാഴ്ച രാത്രി 11.00 മണിക്കു ഹരിവരാസനത്തിനുശേഷം അടയ്ക്കുന്ന ശബരിമല നട മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30നായിരിക്കും തുറക്കുക. 

tRootC1469263">

തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാർത്താനായി സമർപ്പിച്ചതാണ് തങ്ക അങ്കി. ചൊവ്വാഴ്ച (ഡിസംബർ 23) രാവിലെയാണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ടിന് പെരുനാട് ശാസ്താക്ഷേത്രത്തിൽ നിന്ന് പുനരാരംഭിക്കുന്ന തങ്ക അങ്കി ഘോഷയാത്ര ഒൻപതിന് ളാഹ സത്രം, 10ന് പ്ലാപ്പള്ളി, 11ന് നിലയ്ക്കൽ ക്ഷേത്രം, ഉച്ചയ്ക്ക് ഒന്നിന് ചാലക്കയം എന്നിവിടങ്ങളിലെത്തും. 

ഉച്ചയ്ക്കു 1.30ന് പമ്പയിലെത്തി വിശ്രമിച്ചശേഷം ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയിൽ എത്തിച്ചേരും. ഇവിടെനിന്ന് ആചാരപൂർവം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി 6.30ന് ദീപാരാധന നടക്കും.

Tags