തളിപ്പറമ്പ് കയ്യത്ത് നാഗം ആയില്യം ഉത്സവം 24നും പ്രതിഷ്ഠാദിനം 25നും ആഘോഷിക്കും
രാജരാജേശ്വരന്റെ കയ്യിൽ ആഭരണമായി ധരിച്ച സർപ്പങ്ങളിൽ നിന്ന് ഒന്ന് ഇവിടെ ഊർന്നുവീണെന്നും അത് ഇവിടത്തെ സ്വയംഭു സർപ്പ സാന്നിദ്ധ്യമായി പരിണമിച്ചെന്നുമാണ് ഐതിഹ്യം. രാജരാജേശ്വരന്റെ കയ്യെത്തും ദൂരത്ത് ആണ് ഇതെന്നത് കൊണ്ട് സ്ഥലത്തിന് ആ പേര് വന്നു എന്നും ഐതിഹ്യമുണ്ട്.
തളിപ്പറമ്പ് : തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ കയ്യത്ത് നാഗത്തിലെ ആയില്യം ഉത്സവം 24നും പ്രതിഷ്ഠാദിനം 25നും ആഘോഷിക്കും. നാഗപ്രതിഷ്ഠ മുഖ്യപ്രതിഷ്ഠയായ കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് പട്ടുവം പഞ്ചായത്തിലെ കയ്യത്ത് നാഗം. സാധാരണ ക്ഷേത്രങ്ങളിൽ നാഗപ്രതിഷ്ഠ ഉപദേവന്മാരായിട്ടാണ് കാണാറുള്ളത്.

ക്ഷേത്രത്തിന് സമീപം കുന്നിനു മുകളിൽ 15 ഏക്കർ വിസ്തൃതിയിൽ പാടിക്കുന്നിലപ്പന്റെ കാവുമുണ്ട്.നാഗരാജാവും കുഴിനാഗവും ക്ഷേത്രത്തിനകത്തും വനത്തിന് നടുവിൽ പാടിക്കുന്നിലപ്പനുമാണ് പ്രതിഷ്ഠ.

രാജരാജേശ്വരന്റെ കയ്യിൽ ആഭരണമായി ധരിച്ച സർപ്പങ്ങളിൽ നിന്ന് ഒന്ന് ഇവിടെ ഊർന്നുവീണെന്നും അത് ഇവിടത്തെ സ്വയംഭു സർപ്പ സാന്നിദ്ധ്യമായി പരിണമിച്ചെന്നുമാണ് ഐതിഹ്യം. രാജരാജേശ്വരന്റെ കയ്യെത്തും ദൂരത്ത് ആണ് ഇതെന്നത് കൊണ്ട് സ്ഥലത്തിന് ആ പേര് വന്നു എന്നും ഐതിഹ്യമുണ്ട്.

അതി വിശിഷ്ടങ്ങളായ സർപ്പാരാധന കേന്ദ്രമായ കയ്യത്ത് നാഗത്തിൽ എല്ലാ ആയില്യം നാളിലും നടക്കുന്ന സർപ്പബലി ഏറെ വിശേഷപ്പെട്ട വഴിപാടാണ്. ധനുമാസത്തിലെ ആയില്യം നാളാണു കയ്യത്ത് നാഗത്തിൽ ഏറ്റവും വിശേഷപ്പെട്ട ദിനമായി കണക്കാക്കുന്നത്. അത് പോലെ കുംഭത്തിലെ ആയില്യവും ഏറെ പ്രധാനപ്പെട്ടതാണ്. ആയിരക്കണക്കിന് ഭക്തർ ഈ ദിവസങ്ങളിൽ നാഗാരാധനയ്ക്കായി ഇവിടെ എത്തിച്ചേരും.

ആയില്യത്തിനും പ്രതിഷ്ഠാദിനത്തിലും ക്ഷേത്രത്തിൽ തന്ത്രിമാരുടെ നേതൃത്വത്തിൽ വിവിധ പൂജകൾ നടക്കും. പ്രത്യേക ദർശന സൗകര്യവും ഉണ്ടായിരിക്കുമെന്ന് ടിടികെ ദേവസ്വം അധികൃതർ അറിയിച്ചു.
.jpg)