തളിപ്പറമ്പ ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 24 ന് ആരംഭിക്കും
തളിപ്പറമ്പ : അതി പുരാതനവും കേരളത്തിലെ 108 ഭഗവതീ ക്ഷേത്രങ്ങളിൽ പ്രശസ്തമായ ക്ഷേത്രമാണ് നെല്ലിയോട്ട് ഭഗവതി ക്ഷേത്രം. 500 വർഷത്തോളം പഴക്കമുള്ള ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 24 ന് ആരംഭിക്കും. നൊന്തു വിളിച്ചാൽ വിളികേൾക്കുന്ന ദേവിയാണ് നെല്ലിയോട്ട് ഭഗവതി, ക്ഷേത്രത്തിൽ നേത്രരോഗ ശാന്തിക്കായ് ചെക്കിമാല നേർന്നാൽ ക്ഷിപ്രരോഗശമനം ലഭിക്കുമെന്നാണ് വിശ്വാസം. നാനാദേശത്തുനിന്നും ഭക്തജനങ്ങൾ തങ്ങളുടെ ആഗ്രഹസാഫല്യത്തിനായി പ്രാർത്ഥനാപൂർവ്വം ഭജിച്ച് ഈ സന്നിധിയിൽ എത്തി മന:സംതൃപ്തിയോടെ മടങ്ങാറുണ്ട്.
ഏപ്രിൽ 24, 25,26 തീയതികളിലാണ് നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നടക്കുന്നത് 24 വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചിന് കടമ്പേരി ചുഴലി ഭഗവതി ക്ഷേത്ര പരിസരത്തു നിന്ന് നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലേക്ക് ഘോഷയാത്ര, രാത്രി 8.30 ന് കലാസന്ധ്യ എന്നിവ അരങ്ങേറും . 25-ന് വിശേഷാൽ പൂജകളും രാത്രി 7:30ന് ഗാനമേളയും നടക്കും ,
26 ന് പ്രതിഷ്ഠാദിനത്തിൽ വിശേഷാൽ പൂജകൾ, ഗണപതി ഹോമം, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, ഉപദേവതമാർക്ക് കലശാഭിഷേകം , ഉച്ചപൂജ, നവകാഭിഷേകം , നിറമാല എന്നിവയും നടക്കും.
തുടർന്ന് 3.30ന് തായമ്പക, 5 മണിക്ക് ഉത്സവം എഴുന്നള്ളിപ്പ് എന്നിവയുണ്ടാവും. തുടർന്ന് പഞ്ചവാദ്യത്തോടെ തിടമ്പ് നൃത്തം അരങ്ങേറും.
മലബാർ ദേവസ്വം ബോര്ഡിൽ നിന്നും ലഭിച്ച ഗ്രാൻഡ് തുകയായ അഞ്ചുലക്ഷം വിനിയോഗിച്ച് ക്ഷേത്രത്തിനോട് ചേർന്നു ഒരു അഗ്രശാല (ഊട്ടുപുര) നിർമ്മാണം പൂർത്തീകരിക്കുവാൻ സാധിച്ചിട്ടുണ്ട്. 100 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കുവാൻ സാധിക്കുന്ന രീതിയിലാണ് ഊട്ടുപുര നിർമാണം നടത്തിയിട്ടുള്ളത്.
ഊട്ടുപുര സമർപ്പണം ഏപ്രിൽ 26ന് ഉച്ചയ്ക്ക് 12 മണിക്ക് ദേവസ്വം ബോർഡ് മെമ്പർ പി. വി. സതീഷ്കുമാറിന്റെ അധ്യക്ഷതയിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസുമാസ്റ്റർ നിർവ്വഹിക്കും. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ബിജു ഭദ്രദീപം തെളിയിക്കും. വാർത്താ സമ്മേളനത്തിൽ ചെയർമാൻ സജി ഭാസ്കർ, മലബാർ ദേവസ്വം ബോർഡ് കാസർഗോഡ് ഏരിയ കമ്മിറ്റി അംഗം പി വി സതീഷ്‌കുമാർ, ട്രസ്റ്റി മെമ്പർ അശോകൻ, കെ ബിജുനു തുടങ്ങിയവർ പങ്കെടുത്തു.
.jpg)

