ശിവനും ഗണപതിയും ഒരുപോലെ പ്രസിദ്ധം; മധൂർ ക്ഷേത്രത്തിന്റെ വാസ്തുവിസ്മയം

Shiva and Ganesha are equally renowned; the architectural marvel of Madhur Temple.

 കാസർകോട് നഗരത്തിൽനിന്ന് ഏതാനും കിലോമീറ്റർ അകലെ മധുവാഹിനി പുഴയുടെ തീരത്താണ് മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനാണ് പ്രധാന പ്രതിഷ്ഠയെങ്കിലും ഗണപതിയുടെ സാന്നിധ്യമാണ് ക്ഷേത്രത്തെ കൂടുതൽ പ്രസിദ്ധമാക്കുന്നത്. പുഴയും പച്ചപ്പും നെൽവയലുകളും ചേർന്ന പ്രകൃതിഭംഗി ക്ഷേത്രപരിസരത്തിന് പ്രത്യേക ഭംഗി നൽകുന്നു.

പത്താം നൂറ്റാണ്ടിൽ കുമ്പളയിലെ മൈപ്പാടി രാജാക്കന്മാരുടെ കാലത്താണ് ക്ഷേത്രത്തിന്റെ ആദ്യകാല നിർമാണം നടന്നതെന്നാണ് ചരിത്രവിവരങ്ങൾ സൂചിപ്പിക്കുന്നത്. പിന്നീട് പതിനഞ്ചാം നൂറ്റാണ്ടിൽ ക്ഷേത്രം പുതുക്കിപ്പണിതു. കേരളീയവും ജൈനവുമായ വാസ്തുവിദ്യാശൈലികളുടെ സ്വാധീനം ക്ഷേത്രത്തിന്റെ രൂപകല്പനയിൽ കാണാം. ചെമ്പുപാളികൾകൊണ്ട് പൊതിഞ്ഞ മൂന്ന് നിലകളുള്ള താഴികക്കുടവും മരത്തിൽ തീർത്ത കൊത്തുപണികളും സന്ദർശകരുടെ ശ്രദ്ധ ആകർഷിക്കുന്നു.

ക്ഷേത്രത്തിലെ നമസ്കാര മണ്ഡപത്തിൽ രാമായണത്തിലെ രംഗങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. ടിപ്പു സുൽത്താനുമായി ബന്ധപ്പെട്ട ഐതിഹ്യവും ക്ഷേത്രത്തിന്റെ ചരിത്രകഥകളിൽ ഇടംപിടിക്കുന്നു. വലിയ ഗണപതി വിഗ്രഹത്തെ അപ്പമിട്ട് മൂടുന്ന മൂഡപ്പ സേവയും ക്ഷേത്രത്തിന്റെ അപൂർവ ആചാരങ്ങളിലൊന്നാണ്.

Tags