വ്രതശുദ്ധിയുടെ പുണ്യം തേടി..! ഗുരുവായൂര്‍ ഏകാദശി തൊഴാന്‍ ഭക്തജനപ്രവാഹം; നാളെ ദ്വാദശി പണം സമർപ്പണം
തൃശൂർ: വ്രതശുദ്ധിയുടെ പുണ്യം തേടി ഭക്തജനലക്ഷങ്ങൾ എത്തിയതോടെ ഗുരുവായൂർ ഏകാദശി ദിനത്തിൽ ക്ഷേത്രനഗരി ഭക്തിസാന്ദ്രമായി. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിക്കുന്നത്. അർജുനന് ശ്രീകൃഷ്ണഭഗവാൻ ഭഗവദ്ഗീത ഉപദേശിച്ച ദിനമായതിനാൽ ഗീതാദിനമായും, ദേവഗുരുവും വായുദേവനും ചേർന്ന് ഗുരുവായൂരിൽ പ്രതിഷ്ഠ നടത്തിയ ദിനമെന്ന വിശ്വാസത്താൽ പ്രതിഷ്ഠാദിനമായും ഏകാദശി ആചരിക്കുന്നു.
ഏകാദശി ദർശനപുണ്യം നുകരാൻ തലേദിവസം വൈകുന്നേരം മുതൽ തന്നെ ഭക്തർ ഗുരുവായൂരിലേക്ക് ഒഴുകിയെത്തിയിരുന്നു. രാവിലെ 6.30-ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടന്നു. വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പ് നടക്കും. വ്രതമെടുക്കുന്ന ഭക്തർക്കായി രാവിലെ 9 മണി മുതൽ പ്രത്യേക പ്രസാദ ഊട്ട് ആരംഭിച്ചു. അന്നലക്ഷ്മി ഹാൾ, അതിനോട് ചേർന്നുള്ള പ്രത്യേക പന്തൽ, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയത്. ഗോതമ്പ് ചോറ്, കാളൻ, ഗോതമ്പ് പായസം എന്നിവയായിരുന്നു ഏകാദശി പ്രസാദ ഊട്ടിലെ പ്രധാന വിഭവങ്ങൾ.
നാളെ ദ്വാദശി ദിനത്തിൽ ദ്വാദശി പണം സമർപ്പിച്ചാണ് ഭക്തർ മടങ്ങുക. ഇന്ന് രാത്രി 12 മണി മുതൽ രാവിലെ ക്ഷേത്രനട അടയ്ക്കുന്നതുവരെ ഭക്തർക്ക് കൂത്തമ്പലത്തിൽ ദ്വാദശി പണം സമർപ്പിക്കാം. ദ്വാദശി ദിവസം രാവിലെ എട്ട് മണി വരെ മാത്രമേ ദർശന സൗകര്യമുണ്ടാകൂ. രാവിലെ ഒൻപത് മണിയോടെ ക്ഷേത്രനട അടയ്ക്കും. തുടർന്നുള്ള പൂജകളും ശീവേലിയും വൈകുന്നേരം മൂന്നരയ്ക്ക് നട തുറന്ന ശേഷമായിരിക്കും നടക്കുക.
.jpg)

