വൃശ്ചിക പുലരിയില്‍ അയ്യനെ കണ്ട് ആയിരങ്ങള്‍; കൂടുതലും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പന്മാർ

മണ്ഡല പൂജയ്ക്കു തുടക്കം കുറിച്ച് വൃശ്ചിക പുലരിയില്‍ ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര സന്നിധാനത്ത് ദര്‍ശനത്തിനായി എത്തിയത് ആയിരക്കണക്കിന് അയ്യപ്പന്മാര്‍. ആന്ധ്ര, തെലുങ്കാന, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാരാണ് വലിയ തോതില്‍ എത്തിയിട്ടുള്ളത്. മണികണ്ഠന്മാരും കൊച്ചു മാളികപ്പുറങ്ങളും അയ്യപ്പന്മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കുമൊപ്പമുണ്ട്.
സുഖദര്‍ശനത്തിനായി മികച്ച ക്രമീകരണമാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുലര്‍ച്ചെ മൂന്നു മണിക്കു നട തുറന്നപ്പോള്‍ ദര്‍ശനത്തിനായി അയ്യപ്പന്മാരുടെ വലിയ നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു. രാവിലെ അഭിഷേകം, ഗണപതിഹോമം, ഉഷപൂജ എന്നിവ നടന്നു. സവിശേഷമായ നെയ്യ് അഭിഷേകം നടത്തി മനം നിറഞ്ഞാണ് തീര്‍ഥാടകര്‍ മടങ്ങിയത്.
ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി എം ജി രാജമാണിക്യം, അംഗങ്ങളായ അഡ്വ.എ അജികുമാര്‍, സുന്ദരേശന്‍, ശബരിമല എഡിഎം സൂരജ് ഷാജി ഐ എ എസ്, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ ഭക്ഷണം സൗജന്യമായി നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിപുലമായ ക്രമീകരണം തീര്‍ഥാടകര്‍ക്ക് വലിയ അനുഗ്രഹമാണ്. തീര്‍ഥാടകര്‍ എത്തുന്ന മുറയ്ക്ക് ഉപ്പുമാവും ഉരുളക്കിഴങ്ങുകറിയും ചെറു ചൂടുള്ള കുടിവെള്ളവും രാവിലെ ഇവിടെ വിതരണം ചെയ്തു.
സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള പോലീസിന്റെ സുരക്ഷാ ക്രമീകരണം തീര്‍ഥാടകര്‍ക്ക് വലിയ സഹായമായി മാറിയിട്ടുണ്ട്. പോലീസിന്റെ മികച്ച ക്രമീകരണം മൂലം ദര്‍ശനത്തിനായി അധികസമയം തീര്‍ഥാടകര്‍ക്ക് കാത്തു നില്‍ക്കേണ്ടി വരുന്നില്ല.
ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിച്ച് നെയ്യ് അഭിഷേകവും നടത്തിയാണ് അയ്യപ്പന്മാര്‍ മടങ്ങുന്നത്. മലകയറി വരുന്ന തീര്‍ഥാടകര്‍ക്ക് വിവിധ സ്ഥലങ്ങളിലായി ചെറു ചൂടുള്ള ഔഷധ കുടിവെള്ളം വിതരണം ചെയ്യുന്നതിനു ദേവസ്വം ബോര്‍ഡ് മികച്ച ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നിലയ്ക്കല്‍ ബേയ്സ് ക്യാമ്പില്‍ വിരിവയ്ക്കുന്നതിനും വാഹന പാര്‍ക്കിംഗിനും ഉള്‍പ്പെടെ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതും തീര്‍ഥാടകര്‍ക്ക് ഏറെ ഗുണകരമായി മാറിയിട്ടുണ്ട്. തീര്‍ഥാടകര്‍ എത്തുന്ന മുറയ്ക്ക് നിലയ്ക്കല്‍ നിന്നു പമ്പയിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി ആവശ്യത്തിന് സര്‍വീസ് നടത്തുന്നുണ്ട്.