ശബരിമല ഉത്സവത്തിന് ബുധനാഴ്ച കൊടിയേറും; നട നാളെ തുറക്കും


ശബരിമല: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച കൊടിയേറും. രാവിലെ 9.45-നും 10.45-നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും കാര്‍മികത്വത്തില്‍ കൊടിയേറും.
ഉത്സവത്തിനും വിഷുപൂജകള്‍ക്കുമായി ശബരിമല നട ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. ഉത്സവം തീരുമ്പോള്‍ വിഷു ആഘോഷം തുടങ്ങുന്നതിനാല്‍ ഏപ്രിലില്‍ 18 ദിവസം നട തുറക്കും.
ഏപ്രില്‍ മൂന്നിന് ഉത്സവബലി തുടങ്ങും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെയും വൈകീട്ടും മുളപൂജ. ആറിന് വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. രാത്രി ശ്രീഭൂതബലിക്കുശേഷമാണ് എഴുന്നള്ളത്ത്. 10-ന് രാത്രി ഒന്‍പതോടെ ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത്. തിരികെയെത്തി പഴുക്കാമണ്ഡപത്തില്‍ വിശ്രമം.11-ന് പുലര്‍ച്ചെ ശ്രീകോവിലിലേക്ക് മടങ്ങി പൂജകള്‍ നടക്കും. രാവിലെ ഒന്‍പതോടെയാണ് പമ്പയിലേക്ക് അറാട്ട് എഴുന്നള്ളത്ത്. ആറാട്ടുകഴിഞ്ഞ് തിരിച്ചുവരുംവരെ ദര്‍ശനമില്ല. 11 മണിക്കാണ് ആറാട്ട്.

തുടര്‍ന്ന് പമ്പാഗണപതിക്ഷേത്രത്തില്‍ അയ്യപ്പനെ എഴുന്നള്ളിച്ചിരുത്തും. വൈകീട്ട് നാലോടെ സന്നിധാനത്തേക്ക് മടങ്ങും. ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തുമ്പോള്‍ ഉത്സവം കൊടിയിറങ്ങും. രാത്രി 10-ന് നട അടയ്ക്കും.12-ന് വിഷു ആഘോഷത്തിന് നട തുറക്കും. 14-ന് പുലര്‍ച്ചെ മൂന്നിന് വിഷുക്കണി ദര്‍ശനം. 18-ന് രാത്രി 10-ന് നട അടയ്ക്കും.