പുല്ലുമേട്ടിൽ മകരജ്യോതി തൊഴുതത് 9217 ഭക്തർ
ഇടുക്കി : പുല്ലുമേട്ടിൽ മകരജ്യോതി ദർശന സായൂജ്യമടഞ്ഞ് അയ്യപ്പഭക്തർ. കാത്തിരിപ്പിനൊടുവിൽ വൈകിട്ട് 6.41 നാണ് മകര ജ്യോതി ആദ്യം തെളിഞ്ഞത്. തുടർന്ന് രണ്ടുവട്ടം കൂടി ജ്യോതി തെളിഞ്ഞു.രണ്ടുവട്ടം മകര നക്ഷത്രം തെളിഞ്ഞതിനു തൊട്ടുപിന്നാലെയാണ് മകര ജ്യോതി തെളിഞ്ഞത്. ശരണ മന്ത്രങ്ങളോടെ ആയിരങ്ങൾ ജ്യോതി ദർശിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിയ ആയിരക്കണക്കിന് ഭക്തർ ശരണം വിളികളോടെ മകരജ്യോതി വണങ്ങി. 9217 ഭക്തരാണ് ഇത്തവണ മകര ജ്യോതി ദർശനത്തിനായി പുല്ലുമേട്ടിലെത്തിയത്.സത്രം വഴി 1702 പേരും വള്ളക്കടവ് വഴി 3408 പേരും ശബരിമലയിൽ നിന്ന് പാണ്ടിത്താവളം വഴി 4107 പേരും പുല്ലുമേട്ടിലെത്തി. മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ഭക്തർ പുല്ലുമേട്ടിലെത്തി. 2024 ൽ 6446 പേരും 2025 ൽ 6425 പേരുമാണ് പുല്ലുമേട്ടിൽ ജ്യോതി തൊഴാനെത്തിയത്.
tRootC1469263">ജില്ലയിലെ മറ്റ് കാഴ്ചാ കേന്ദ്രങ്ങളായ പരുന്തുംപാറയിൽ 1500 പേരും പാഞ്ചാലിമേടിൽ 1250 പേരും മകരജ്യോതി. ദർശിക്കാനെത്തി.ജ്യോതി ദർശനത്തിന്പുല്ലുമേട്ടില്‍ എത്തിയ അയ്യപ്പന്‍മാര്‍ മകരജ്യോതി സന്ധ്യ ശരണം വിളികളാല്‍ മുഖരിതമാക്കി. ജ്യോതി ദർശനശേഷം 7 മണിയോടെയാണ് പുല്ലുമേട്ടില്‍ നിന്നും ഭക്തജനങ്ങൾ തിരിച്ചിറങ്ങിയത്. മകരവിളക്ക് ദർശനത്തിനു ശേഷം പുല്ലുമേട്ടിൽ നിന്ന് ഭക്തർ സന്നിധാനത്തേക്ക് പ്രവേശിക്കാതിരിക്കാൻ നടപടി സ്വീകരിച്ചിരുന്നു. കോഴിക്കാനം വഴി മാത്രമാണ് ഭക്തരെ തിരികെ പോകാൻ അനുവദിച്ചത്.

അയ്യപ്പ സ്വാമിമാരുടെ വലിയ തിരക്ക് പ്രതീക്ഷിച്ചിരുന്നതിനാൽ വിപുലമായ സംവിധാനങ്ങളാണ് ഇടുക്കി ജില്ലാ ഭരണകൂടം ഒരുക്കിയത്. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലും പരമ്പരാഗത പാതകളിലും വിപുലമായ സൗകര്യങ്ങൾ സജ്ജീകരിച്ചു. തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ 1500 ല്‍ അധികം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്.
പുല്ലുമേട് ഭാഗത്ത് അപകടകരമായ സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. പോലീസിൻ്റെ നേതൃത്വത്തിൽ റവന്യൂ വകുപ്പുമായി സഹകരിച്ച് വിവിധയിടങ്ങളിലായി 40 അക്‌സ ലൈറ്റുകൾ സ്ഥാപിച്ചു.നാലാം മൈൽ മുതൽ പുല്ലുമേട് വരെയുള്ള 10 കിലോമീറ്റർ ദൂരത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം പോലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു.
ഗതാഗത തിരക്ക് നിയന്ത്രിക്കാന്‍ കുമളി, കമ്പംമെട്ട് പാതകളില്‍ ഓരോ ജംഗ്ഷനിലും കൂടുതല്‍ പോലീസ് സേനാംഗങ്ങളെ നിയോഗിച്ചിരുന്നു.
കാനന പാതയില്‍ ഓരോ കിലോമീറ്ററിലും പോയിന്റ് ഡ്യൂട്ടിക്കായി വനം വകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. പുല്ലുമേട്, കോഴിക്കാനം എന്നിവിടങ്ങളില്‍ എലിഫന്റ് സ്‌ക്വാഡിനെയും നിയോഗിച്ചിരുന്നു.പൊതുമരാമത്ത് വകുപ്പ് മകരവിളക്കിനോടനുബന്ധിച്ച് പരുന്തുംപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഡബിൾ ലെയർ ബാരിക്കേഡ് ഒരുക്കി.
റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ 14 കിമി വരെ വെളിച്ചം ക്രമീകരിച്ചു.പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാർ, കുമളി, പാഞ്ചാലിമേട്, പരുന്തുംപാറ എന്നീ ആറ് പോയിൻ്റുകളിൽ ഫയർ ഫോഴ്സ് യൂണിറ്റ് സജ്ജമാക്കിയിരുന്നു.പുല്ലുമേട്, സീതക്കുളം എന്നിവിടങ്ങളിൽ രണ്ട് യൂണിറ്റ് സഫാരി ഫയർ യൂണിറ്റും സജ്ജമാക്കിയിരുന്നു.
വള്ളക്കടവിൽ നിന്ന് പുല്ലുമേട് ടോപ്പ് വരെ ഓരോ 2 കിലോമീറ്റർ ഇടവിട്ട് ആംബുലൻസ് ,മെഡിക്കൽ ടീമിന്റെ സേവനം, കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിരുന്നു. ഐ സി യു ആംബുലൻസ് , മെഡിക്കൽ ടീം തുടങ്ങിയ സേവനങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചു. ജലവകുപ്പ് പുല്ലുമേട് കാനന പാതയിൽ 13 പോയിന്റുകളില്‍ കുടിവെള്ള വിതരണം സജ്ജമാക്കി. 5000 ലിറ്റർ ശേഷിയുള്ള രണ്ട് ടാങ്കുകളും 100,500 ലിറ്റർ ശേഷിയുള്ള ഓരോ ടാങ്കുകളിലുമാണ് തീര്‍ത്ഥാടകർക്കായി കെഎസ്ആര്‍ടിസി കുമളി ഡിപ്പോയില്‍നിന്ന് വള്ളക്കടവ് കോഴിക്കാനം റൂട്ടില്‍ 60 ബസുകള്‍ സര്‍വീസ് നടത്തി.
മകരജ്യോതിയ്ക്ക് ശേഷം ഭക്തരെ തിരികെ ഇറക്കിയതിന് ശേഷം മാത്രമാണ് സർക്കാർ വാഹനങ്ങള്‍ കടത്തിവിട്ടത്.പൊലീസ്, ആരോഗ്യം, റവന്യു, ഭക്ഷ്യ സുരക്ഷ, സിവില്‍ സപ്ലൈസ്, അഗ്‌നി രക്ഷാസേന, വനം വകുപ്പ് , മോട്ടോര്‍ വാഹനം തുടങ്ങി വിവിധ വകുപ്പുകൾ ഏർപ്പെടുത്തിയ സേവനങ്ങൾ ഭക്തര്‍ക്ക് ഏറെ സഹായകരമായി.
ജില്ലാ കളക്ടര്‍ ഡോ. ദിനേശൻ ചെറുവാട്ട്, എറണാകുളം റേഞ്ച് ഡി.ഐ.ജി ജെ. ഹിമേന്ദ്രനാഥ്, ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം., സ്പെഷ്യൽ ബ്രാഞ്ച് എസ് പി യു.വി. കുര്യാക്കോസ്, സബ് കളക്ടർ അനൂപ് ഗാർഗ്, ഡെപ്യൂട്ടി കളക്ടർ അതുൽ വി സ്വാമിനാഥ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പുല്ലുമേട്ടിലെത്തി.
.jpg)


