ദാരിദ്ര്യം മാറി ; അയ്യനോടുള്ള സമർപ്പണമായി സന്നിധാനത്ത് 27 വർഷമായി അനൗൺസ്‌മെന്റ് നടത്തി കുമാർ

Poverty vanished; Kumar has been making announcements at Sannidhanam for 27 years as an act of dedication to Ayyappan.

 ശബരിമല : "എല്ലാവരും മൂന്ന് നേരം വയർ നിറച്ചു ഭക്ഷണം കഴിക്കുമ്പോൾ ഒരു നേരം എനിയ്ക്കും വീട്ടുകാർക്കും ഭക്ഷണം നൽകണേ എന്നായിരുന്നു കൊടിമരത്തിന്റെ സമീപം നിന്ന് അന്ന് നിറഞ്ഞ കണ്ണുകളോടെ  അയ്യപ്പനോട് പ്രാർത്ഥിച്ചത്. വീട്ടിൽ അത്ര കഷ്ടപ്പാടായിരുന്നു. അന്ന് മലയിറങ്ങി നാട്ടിൽ പോയശേഷം ഞാൻ പുതിയ വ്യാപാര മേഖലകളിൽ കൈവെച്ചു. പതിയെ അവസ്ഥ മെച്ചപ്പെട്ടു തുടങ്ങി. പുതിയ കരാറുകൾ ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി. അതൊന്നും പരാജയപ്പെട്ടില്ല. ഒരു നേരം ഭക്ഷണം ചോദിച്ച എനിയ്ക്ക് അയ്യപ്പൻ മൂന്ന് നേരവും നൽകി," 1991 ൽ തന്റെ 17ാം വയസ്സിൽ ആദ്യമായി മാലയിട്ടു അയ്യപ്പ സന്നിധിയിൽ എത്തിയ അനുഭവം ഓർത്തെടുക്കുകയായിരുന്നു കർണാടക ചിക്കമംഗ്ലൂരു ബ്യാരള്ളിയിലെ എം. എം. കുമാർ. 

തന്റെ ജീവിതം രക്ഷപ്പെടുത്തിയ അയ്യപ്പനോടുള്ള സമർപ്പണമായി അനൗൺസ്മെന്റ് ജോലി സേവനമായി ചെയ്യാൻ കഴിഞ്ഞ 27 വർഷമായി കുമാർ ഇവിടെയുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറു ഭാഷകൾ അറിയുന്ന കുമാർ പ്രധാനമായും മലയാളത്തിലും തമിഴിലും കന്നടയിലും തെലുഗുവിലുമാണ് അനൗൺസ്‌മെന്റ് നടത്താറ്. എല്ലാ വർഷവും മകരമണ്ഡലകാല മഹോത്സവത്തിന് നട തുറന്നാൽ കുമാറും എത്തുകയായി. പുലർച്ചെ 3.30 മുതൽ രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നത് വരെ മൈക്കിന് മുന്നിൽ ഓൺ ഡ്യൂട്ടിയാണ്. 

Poverty vanished; Kumar has been making announcements at Sannidhanam for 27 years as an act of dedication to Ayyappan.

തിരക്കിൽ കൂട്ടം തെറ്റിയ സ്വാമിയോ മാളികപ്പുറമോ മണികണ്ഠനോ ഇന്ന സ്ഥലത്ത് ബന്ധുക്കളെ കാത്തിരിക്കുന്നു എന്ന മിസ്സിംഗ് അനൗൺസ്‌മെന്റ് ആണ് കൂടുതലും നടത്തേണ്ടി വരാറ്. മാലിന്യം നിക്ഷേപിക്കുന്നതിന് എതിരെയും ക്ഷേത്രത്തിലെ ചടങ്ങുകൾ സംബന്ധിച്ച് പൊതുഅറിയിപ്പുകളും നൽകും. 

35 വർഷം മുമ്പ് ഹോട്ടലിൽ പണിയെടുത്തു സമ്പാദിച്ച 750 രൂപ കൊണ്ട് ആദ്യമായി മല ചവിട്ടിയ കുമാർ ഇന്ന് നാട്ടിൽ പൊതുമരാമത്തു ജോലികൾ ചെയ്യുന്ന കരാറുകാരനാണ്. സന്നിധാനത്തെ മുൻ അനൗൺസർ ആയിരുന്ന, നാട്ടുകാരനായ മഞ്ജുനാഥ സ്വാമി വഴിയാണ് കുമാർ സന്നിധാനത്തെ അനൗൺസർ ആകുന്നത്. 

കന്നഡയും തമിഴും നേരത്തെ അറിയാം. ഇംഗ്ലീഷും ഹിന്ദിയും സ്‌കൂളിൽ നിന്ന് പഠിച്ചു. വർഷങ്ങളായി സ്വാമിമാരുടെ കൂടെ കൂടി മലയാളവും തെലുഗുവും സ്വായത്തമാക്കി. കൂട്ടത്തിൽ ഏറ്റവും പ്രയാസം ഏത് ഭാഷയാണ് എന്ന ചോദ്യത്തിന് തെല്ലും സംശയമില്ലാതെ കുമാർ മറുപടി നൽകി-മലയാളം. "നിങ്ങളുടെ ഴ വല്ലാത്ത ബുദ്ധിമുട്ട് തന്നെ. ഇപ്പോഴും നാവ് വഴങ്ങില്ല," ചെറു ചിരിയോടെ കുമാർ പറഞ്ഞു. 

അനൗൺസ്‌മെന്റിനിടയിൽ അനേകം ഓർമ്മകൾ ഈ 52-കാരനുണ്ട്. അന്തരിച്ച കോഴഞ്ചേരി ഗോപാല സ്വാമിയാണ് അനൗൺസ്‌മെന്റിൽ തന്റെ ഗുരുവെന്ന് കുമാർ പറയുന്നു. "കഠിനസാധന നിറഞ്ഞ വ്രത ദിവസങ്ങൾക്കുശേഷം കാനനപാത താണ്ടി ശബരീശ്വര സന്നിധിയിൽ എത്തിച്ചേർന്ന എല്ലാ അയ്യപ്പസ്വാമിമാർക്കും സ്വാഗതം" എന്നൊക്കെയുള്ള ഭക്തിസാന്ദ്രമായ പ്രയോഗങ്ങൾ ഗോപാല സ്വാമിയിൽ നിന്ന് കേട്ട് പഠിച്ചതാണ്. മുൻ വർഷങ്ങളിൽ കൂടെ അനൗൺസ് ചെയ്യാൻ മറ്റു പലരും ഉണ്ടായിരുന്നെങ്കിലും ഇക്കുറി മൈക്കിന് മുന്നിൽ കുമാർ ഒറ്റയ്ക്കാണ്. "അയ്യപ്പന്റെ അനുഗ്രഹത്താൽ എല്ലാം നന്നായി നടക്കും," കുമാറിന് സംശയമേതുമില്ല.

 തമാശയ്ക്ക് അനൗൺസ്‌മെന്റ് നടത്താൻ വരുന്നവർ 

കൂട്ടത്തിലുള്ള ആളെ കാണാനില്ല എന്ന് തമാശയ്ക്ക് വന്നു പറഞ്ഞു, അത് അനൗൺസ്‌മെന്റ് നടത്തുമ്പോൾ സൗണ്ട് ബോക്സിൽ നിന്നും മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തു റീൽ ഇടുന്ന ഒരു കൂട്ടർ ഉണ്ടെന്ന് കുമാർ പറയുന്നു. യഥാർത്ഥ മിസ്സിംഗ്‌ സംഭവങ്ങൾ പറയുന്നതിനിടയിൽ ഇത്തരം വ്യാജന്മാർ വരുത്തിവെക്കുന്ന പ്രയാസം ചെറുതല്ല. 

ബ്യാരള്ളി ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് കൂടിയായ എം.എം കുമാർ അടുത്ത തിരഞ്ഞെടുപ്പിലും ഒരു കൈ നോക്കാനിറങ്ങുകയാണ്. മരിക്കുന്നത് വരെ ശബരിമലയിൽ വന്നു അനൗൺസ്‌മെന്റ് നടത്തുമെന്ന് തീരുമാനിച്ച കുമാറിന് തന്റെ തിരഞ്ഞെടുപ്പ് വിജയത്തിലും ഒരു സംശയവുമില്ല. "അയ്യപ്പൻ കൈവിടില്ല," കുമാർ ആത്മവിശ്വാസത്തിലാണ്.  

Tags