പോസിറ്റീവ് എനർജി വേണോ? പൂജാമുറി ഇങ്ങനെ ക്രമീകരിക്കൂ

While building a house, one should pay attention to the location of the puja room

 വീടിന്റെ ആത്മീയമൂല്യവും ശാന്തതയും ഉയർത്തുന്ന പ്രധാന ഇടങ്ങളിലൊന്നാണ് പൂജാമുറി. വീടുകളിൽ വിശ്വാസികൾ ഏറെ പ്രാധാന്യത്തോടെ കണ്ടുവരുന്ന ഈ ഭാഗം സാധാരണയായി ഏറ്റവും ശ്രദ്ധാപൂർവ്വം ഒരുക്കപ്പെടുന്നു. ഫ്ലാറ്റുകളും വില്ലകളും വാങ്ങി താമസിക്കുന്നവർക്ക് ഇഷ്ടപ്രകാരം പൂജാമുറികൾ പണിയുക എന്നത് പലപ്പോഴും അസാധ്യമാണ്. ഇങ്ങനെയുള്ളവർ പ്രധാനമായും റെഡിമേഡ് പൂജാ സ്റ്റാൻഡുകളെയാണ് ആശ്രയിക്കുന്നത്.

എന്നാൽ ഇവ വയ്ക്കുന്നതിനും കൃത്യമായ സ്ഥലം കണ്ടെത്തേണ്ടതുണ്ടെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. വീടിനു ഭംഗി നൽകുക എന്നതിനേക്കാൾ വീട്ടിലുള്ളവർക്ക് പോസിറ്റീവ് എനർജിയും അനുഗ്രഹവും ലഭിക്കുന്ന രീതിയിൽ വേണം പൂജാമുറി ക്രമീകരിക്കാൻ. പണ്ട് വിളക്ക് കൊളുത്താൻ കന്നിമൂലയിലോ കിഴക്ക് ഭാഗത്തോ ശുദ്ധിയോടെ ഒരു പ്രത്യേക ഇടം മാറ്റിവച്ചിരുന്നു. എന്നാൽ ഇന്ന് ഇത് സാധ്യമല്ലാതായി മാറിയിരിക്കുന്നു. വീട്ടിൽ പൂജാമുറി സജ്ജീകരിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.


1 പൂജാമുറി കിഴക്കോട്ട് അഭിമുഖമായിരിക്കണം. പൂജാമുറിയുടെ വലുപ്പമല്ല, സ്ഥാനം ആണ് പ്രധാനം. വെളിച്ചം കടക്കുന്ന, മറ്റ് വസ്തുക്കൾ ഒന്നും വയ്ക്കേണ്ടാത്ത ഒരിടത്താണ് പൂജാമുറി ഒരുക്കേണ്ടത്. പൂജാമുറിയുടെ ദിശ കുടുംബാംഗങ്ങൾക്കും ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. പൂജാമുറികൾക്ക് പിരമിഡ് ഷേപ്പ് ആണ് ഏറ്റവും ഉത്തമം.

2 ഗോവണിക്ക് കീഴെ പൂജാമുറി പാടില്ല. പല വീടുകളിലും സ്ഥലസൗകര്യം ഇല്ലാത്തതിനാൽ സ്റ്റെയര്കേസിന് കീഴിൽ വിളക്ക് വച്ച് , പൂജാമുറി ഒരുക്കാറുണ്ട്. ഇത് ഉചിതമല്ല. ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്ന രീതിയാണിത്.

3 പൂജാമുറി താഴത്തെ നിലയിൽ ഒരുക്കുക. സൗകര്യം കണക്കാക്കി മുകളിലത്തെ നില, ബേസ്മെന്റ് എന്നിവ പൂജാമുറിക്ക് വേണ്ടി പരിഗണിക്കരുത്.

4 പൂജാമുറി സ്വുതാര്യമായി ഒരുക്കുക. വീടുകളിൽ കുളിമുറിയോടും കിടപ്പുമുറിയോടും ചേർന്ന് ഭിത്തിവരുന്ന തരത്തിൽ നിർമിച്ച പൂജാമുറികൾ അശുഭകരമായി കണക്കാക്കപ്പെടുന്നു.

5 പൂജാമുറികളിൽ തകർന്ന ചിത്രങ്ങളോ വിഗ്രഹങ്ങളോ സ്ഥാപിക്കാൻ പാടില്ല. ഇളം നിറത്തിലുള്ള പെയിന്റുകൾ അടിക്കുക. ഇത് പൂജാമുറിയിൽ ശാന്തമായ അന്തരീക്ഷം നിറയ്ക്കും. ഇളം നിറത്തിലുള്ള ഷേഡുകൾ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയും പോസിറ്റീവ് എനർജി നൽകുകയും ചെയ്യുന്നു.

6 എന്നും വിളക്ക് വയ്ക്കാൻ സാധിക്കില്ല എങ്കിൽ പൂജാമുറികളിൽ കൃഷ്ണശില, സ്വർണ്ണം, വെള്ളി, പഞ്ചലോഹ വിഗ്രഹങ്ങൾ, സാളഗ്രാമം, ശ്രീചക്രം എന്നിവ സൂക്ഷിക്കരുത്.

Tags