പിൽഗ്രിം ടൂറിസം ലക്ഷ്യമിട്ട് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര വികസനം ; എം.വി ഗോവിന്ദൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു
ഭക്തർ നേരിടുന്ന പ്രധാന പ്രശ്നമായ പാർക്കിങ് സൗകര്യത്തിന് പ്രഥമ പരിഗണന നൽകാൻ യോഗം തീരുമാനിച്ചു. ഇതിനായി തമ്പുരാൻ നഗർ വഴി വാഹനങ്ങൾ തിരിച്ചുവിടുന്നതിനും, അവിടുത്തെ ഹെയർപിൻ വളവ് നിവർത്തുന്നതിനുമുള്ള അടിയന്തര നടപടികൾ സ്വീകരിക്കും. ക്ഷേത്ര ചിറയിലെ ചെളി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളും നടത്തും.
തളിപ്പറമ്പ് : കേരളത്തിലെ സുപ്രധാന ശിവക്ഷേത്രങ്ങളിലൊന്നായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തെ പിൽഗ്രിം ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്താൻ സമഗ്ര വികസന പദ്ധതികൾ ഒരുങ്ങുന്നു. ഭക്തജനങ്ങൾക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനുമായി എം.വി ഗോവിന്ദൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം തളിപ്പറമ്പിൽ ചേർന്നു. ക്ഷേത്രവും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് നടപ്പിലാക്കാൻ പോകുന്ന വൻ വികസന പ്രവർത്തനങ്ങളെക്കുറിച്ച് എം.എൽ.എ യോഗത്തിൽ വിശദീകരിച്ചു.
tRootC1469263">
പുരാതനതയും ആചാരസമ്പന്നതയും കൊണ്ട് പ്രശസ്തമായ ദക്ഷിണ ഭാരതത്തിലെ രാജരാജേശ്വര ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് മികച്ച സൗകര്യങ്ങളൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്. എം.വി ഗോവിന്ദൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തളിപ്പറമ്പ് നഗരസഭാ ചെയർമാൻ പി.കെ സുബൈർ, കൗൺസിലർ കെ. ലതിക എന്നിവരടങ്ങുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
ദേശീയപാത 66-ന്റെ വികസനം പൂർത്തിയാകുന്നതോടെ വാഹനങ്ങൾ നഗരം തൊടാതെ കടന്നുപോകുന്നത് തളിപ്പറമ്പിന്റെ പ്രാധാന്യത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് 'ആധുനിക തളിപ്പറമ്പ്' എന്ന ആശയം മുന്നോട്ടുവെക്കുന്നത്. ഇതിന്റെ ഭാഗമായി മൂന്ന് കോടി രൂപയുടെ സൗന്ദര്യവൽക്കരണ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ വികസനം, ചിറ നവീകരണം, വരിപ്പടകൾ നവീകരിച്ച് വിളക്കുകൾ സ്ഥാപിക്കൽ, നടപ്പാതകളുടെ നിർമ്മാണം എന്നിവയ്ക്ക് മുൻഗണന നൽകും.

ഭക്തർ നേരിടുന്ന പ്രധാന പ്രശ്നമായ പാർക്കിങ് സൗകര്യത്തിന് പ്രഥമ പരിഗണന നൽകാൻ യോഗം തീരുമാനിച്ചു. ഇതിനായി തമ്പുരാൻ നഗർ വഴി വാഹനങ്ങൾ തിരിച്ചുവിടുന്നതിനും, അവിടുത്തെ ഹെയർപിൻ വളവ് നിവർത്തുന്നതിനുമുള്ള അടിയന്തര നടപടികൾ സ്വീകരിക്കും. ക്ഷേത്ര ചിറയിലെ ചെളി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളും നടത്തും.
നഗരസഭയുടെ തനത് ഫണ്ടും എം.എൽ.എ ഫണ്ടും സംയോജിപ്പിച്ചുകൊണ്ട് പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ചെയർപേഴ്സൺ പി.കെ സുബൈർ ഉറപ്പു നൽകി. ക്ഷേത്ര ഭൂമി സംരക്ഷിക്കുന്നതിനൊപ്പം ക്ഷേത്രത്തിന്റെ നേരിട്ടുള്ള ഇടപെടലുകളും വികസനത്തിൽ ഉറപ്പാക്കും. യോഗത്തിന് ശേഷം എം.എൽ.എയും സംഘവും പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തളിപ്പറമ്പിനെ ഒരു പ്രധാന തീർത്ഥാടന ടൂറിസം കേന്ദ്രമായി ഉയർത്താൻ ഈ വികസന പ്രവർത്തനങ്ങൾ വഴിയൊരുക്കുമെന്ന് എം.വി ഗോവിന്ദൻ എം.എൽ.എ പറഞ്ഞു.
.jpg)


