തൃച്ഛംബരത്തെ പാലമൃതൻ ; പാൽ കൊണ്ട് വരുതിയിലായ കുഞ്ഞികൃഷ്ണൻ
തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട നിരവധി കഥകളും ഐതീഹ്യങ്ങളുമാണ് നിലനിൽക്കുന്നത്. അതിപുരാതനവും ചരിത്രപ്രസിദ്ധവുമാണ് അത്തരം ഐതീഹ്യ കഥകൾ.ഉല്സവത്തിലെ പ്രധാന ചടങ്ങാണ് പാൽ എഴുന്നള്ളിപ്പ്. ഇതുമായി ബന്ധപ്പെട്ട് ഒരു വിശ്വാസം തന്നെ നിലനിൽക്കുന്നുവെന്നാണ് പറയപ്പെടുന്നത്. തൃച്ചംബരത്തപ്പനായ ഭഗവാൻ ശ്രീകൃഷ്ണനും ജ്യേഷ്ഠ സഹോദരനായ മഴൂരപ്പൻ ബലരാമനും തമ്മിലുള്ള ഒത്തുചേരലിന്റെ സാഹോദര്യത്തിന്റെയും ബാലലീലകളുടെയും പ്രതീകമാണ് തൃച്ചംബരം ഉത്സവം.
tRootC1469263">കൃഷ്ണനും ബലരാമനും ഒരുമിച്ച് കണ്ട് കുസൃതികൾ പങ്കിടുന്ന കൂടിപ്പിരിയൽ എന്ന ചടങ്ങോടെ ഉത്സവം അവസാനിക്കും. പാൽ കൊണ്ട് ഭഗവാനെ പ്രീതിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട താണ് പാൽ എഴുന്നള്ളിപ്പിന് പിന്നിലെ കഥ. തൃച്ചംബരത്ത് ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് എത്തിയ ശ്രീകൃഷ്ണ ഭക്തനായ അത്യാശ്രമി ഭഗവാന്റെ ഐതീഹ്യ കഥയിലെ വേറിട്ട കഥാപാത്രമാണ്. ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം എന്നിവ കഴിഞ്ഞ് സന്യാസാവസ്ഥ യുടെ ഉത്തുംഗതയിൽ എത്തിയവരെയാണ് "അത്യാശ്രമി" എന്നു പറയുന്നത്. കേവലം ഒരു കൃഷ്ണ ഭക്തൻ മാത്രമായിരുന്നില്ല അത്യാശ്രമി എന്നത്. സന്യാസത്തേക്കാൾ ഉന്നതമായ ഒരു തലമാണ് അത്. തൃച്ചംബരത്തപ്പന് മുന്നിലെ കായ്ക്കാത്ത ഇലഞ്ഞിമരത്തിന്റെ ഐതിഹ്യ കഥ അത്യാശ്രമിയുടെയും ശ്രീകൃഷ്ണന്റെയും ബന്ധത്തിന്റെ ആഴം കാണിക്കുന്ന ഒന്നാണ്.അത്യാശ്രമി സമാധിയായപ്പോൾ അദ്ദേഹത്തെ സമാധിയിരുത്തിയത് ക്ഷേത്രത്തിൽ നിന്ന് ഏതാണ്ട് ഇരുന്നൂറോളം മീറ്റർ അകലെയാണ്. പെരുഞ്ചെല്ലൂരിലെ മറ്റൊരു മഹായോഗിയായിരുന്ന കോക്കുന്നത്ത് ശിവാങ്ങൾ ആയിരുന്നുവത്രേ അന്ന് അദ്ദേഹത്തെ സമാധിയിരുത്തയത്. സമാധിയിരുത്തിയ സ്ഥലമാണ് കുഞ്ഞരയാൽ തറ. എല്ലാ ദിവസവും രാവിലെ തൃഛംബരത്തപ്പന് നിവേദിക്കാനുള്ള പാല് "പാലമൃതൻ " എഴുന്നള്ളിക്കുന്നത് ഈ കുഞ്ഞരയാൽ തറയിൽ നിന്നാണ്. പണ്ടൊരിക്കൽ വില്വമംഗലം സ്വാമിയാർ ക്ഷേത്രത്തിൽ എത്തിയപ്പോൾ ഭഗവാന്റെ പൂർണ്ണ സാന്നിധ്യം കാണാൻ സാധിച്ചില്ല. അത് അദ്ദേഹം അന്വേഷിക്കുകയും ഭഗവാൻ അത്യാശ്രമിയുടെ സമാധിയിൽ ഇരിക്കുകയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഭഗവാനെ എങ്ങനെ ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ട് വരാം എന്ന ആലോചനയിൽ അദ്ദേഹത്തിന്റെ ചിന്തയിൽ ഉദിച്ചതായിരുന്നു പാലെഴുന്നള്ളത്ത്.
ശ്രീകൃഷ്ണന്റെ യാദവ കുലത്തിൽ നിന്ന് ഒരു കാരണവർ പാൽ എഴുന്നള്ളിച്ച് വരുമ്പോൾ പാൽ കൊതിയനായ ഭഗവാൻ കൂടെ വരുമെന്ന വിശ്വാസമുള്ളതിനാൽ ആണ് കുഞ്ഞാരയാലിന്റെ അടുത്ത് നിന്നും പാൽ എഴുന്നള്ളിക്കുന്നത്. എഴുന്നള്ളിച്ച് കൊണ്ടുവരുന്ന പാൽ ഉച്ചപൂജയ്ക്കുള്ള പാല്പായസത്തിന് ഉപയോഗിച്ച് ഭഗവാൻ നിവേദിക്കും.മീനം ആറിന് ജേഷ്ഠനനുജന്മാർ കളിച്ച് നടന്ന് 14 ദിവസത്തെ ബാലലീലകൾക്ക് ശേഷം മഴൂരേക്ക് ജേഷ്ഠൻ ശ്രീകൃഷ്ണനെ കൂട്ടികൊണ്ട് പോകുവാൻ ശ്രമിക്കുമ്പോൾ തൃച്ഛംബരത്തേക്ക് ഭഗവാനെ നിർത്തേണ്ടുന്നതിനായി ഒരു ഉപാധി കണ്ടെത്തണമായിരുന്നു. അതിനായി പാല്പായസത്തിനു പാൽ എത്തിക്കുന്ന പാലമൃതന്റെ ശിരസ്സിൽ ഒരു കുടം പാലുമായി ഇവരുടെ കളിസ്ഥലത്തേക്കു പറഞ്ഞുവിട്ടു. നിറഞ്ഞു തുളുമ്പുന്ന പാൽക്കുടവുമായി വരുന്ന പാലമൃതനെ കണ്ടു കളി മറന്നു, ഏട്ടനെ മറന്നു, പാലിന് പിന്നാലെ കുഞ്ഞികൃഷ്ണൻ ഓടി എന്നാണു ഐതിഹ്യം. ഇതിന്റെ പുനാവിഷ്ക്കാരമാണ് കൂടിപ്പിരിയാൽ ചടങ്ങ്. ശിരസിൽ പാൽക്കുടവുമായി കളിക്കിടയിലെക്ക് വരുന്ന പാലമൃതനെ കണ്ടു ഏട്ടനെ കാക്കാതെ ക്ഷേത്രത്തിലേക്ക് ഓടിപ്പോകുന്ന കൃഷ്ണനും അത് കണ്ടു വിഷണ്ണനായി തിരികെ സ്വക്ഷേത്രത്തിലെക്ക് മടങ്ങുന്ന ബലരാമനും ഈ ഉത്സവകാലത്തിന്റെ പരിസമാപ്തിയാണ് കുറിക്കുന്നത്. കണ്ടു നിൽക്കുന്നവരുടെ പോലും മനസ്സിൽ വിഷമം ജനിപ്പിച്ച് കൊണ്ടുള്ള ബലഭദ്രസ്വാമിയുടെ മടക്കയാത്ര അടുത്ത ഉത്സവത്തിനായുള്ള കാത്തിരിപ്പിനു കൂടി തുടക്കമിടുകയാണ്. തളിപ്പറമ്പ് ദേശക്കാരുടെ ഒരു വർഷം ആരംഭിക്കുന്നതും അവസാനിക്കുന്നതും തൃച്ചംബരം ഉത്സവത്തെ അടിസ്ഥാനമാക്കി ആണെന്ന ചൊല്ല് അന്വർത്ഥമാക്കുന്നത് കൂടിയാണ് ആ കാത്തിരിപ്പ്.എല്ലാ വർഷവും പുത്തലത്ത് തറവാട്ടുകാരാണ് അനുഷ്ഠിച്ച് പോരുന്നത്.
.jpg)


