സമൃദ്ധമായ വിളവും ഐശ്വര്യവും ലഭിക്കാൻ ഇല്ലം നിറയും നിറപുത്തരിയും
കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും പ്രതീകമായാണ് ഇല്ലം നിറയും നിറപുത്തരിയും ആഘോഷിക്കുന്നത്. കേരളത്തിലെ കാര്‍ഷിക വൃത്തി വിശ്വാസങ്ങളുമായി എത്രത്തോളം ബന്ധപ്പെട്ട് കിടക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ ചടങ്ങുകൾ .
കര്‍ക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴ തോര്‍ന്ന് ഓരോ പുല്‍ക്കൊടി തുമ്പിലും പൂക്കള്‍ വിരിയുന്ന ആവണി മാസം മലയാളികള്‍ക്ക് ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും മാസം കൂടിയാണ്.ചിങ്ങ മാസത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ഇല്ലം നിറയും നിറപറയും കേരളീയർ ആഘോഷിക്കുന്നു .
സമൃദ്ധമായ വിളവും ഐശ്വര്യവും നാടിനും ഗൃഹത്തിനും ലഭിക്കുവാൻ വേണ്ടിയാണ് ഇല്ലം നിറ ആചരിക്കുന്നത് . കര്‍ക്കടകത്തിലെ അമാവാസി കഴിഞ്ഞുള്ള ഒരു ശുഭദിനത്തിലാണ് ഇത് ആചരിക്കാറുള്ളത്.കർഷകർ ഈറനണിഞ്ഞ് ഒരുപിടി നെൽക്കതിർ അറുത്തെടുത്ത് ഒരു കറ്റ ക്ഷേത്രത്തിലേക്ക് കൊടുക്കുന്നു .ദേവതയുടെ അനുഗ്രഹം കൊണ്ട് വർഷം മുഴുവൻ നല്ല വിളവുണ്ടാകുമെന്നാണ് ഇതിനു പിന്നിലെ വിശ്വാസം .കൊയ്‌ത്തിനുമുന്‍പ് ആദ്യം തങ്ങളുടെ വിളവ് ഭഗവാന് നിവേദിച്ചാല്‍ തങ്ങള്‍ക്കും വീടിനും നാടിനും അഭിവൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുമെന്ന് കർഷകർ കരുതുന്നത് .

വീട്ടിൽ ഐശ്വര്യവും അറയിലും പത്തായത്തിലും ധാന്യവും നിറയ്‌ക്കുന്ന ചടങ്ങാണ് നിറപുത്തരി.ഭക്തർക്കും നാടിനും സർവ്വെശ്വര്യത്തിനാണ് ഇത് നടത്തുന്നത് .നിറപുത്തരി ദിവസം രാവിലെ ഈ നിറകതിര്‍ കറ്റകള്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പ്രധാന പുരോഹിതനും ക്ഷേത്രം ഭാരവാഹികളും ചേര്‍ന്ന് ഭക്തിപൂര്‍വം ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ചു മണ്ഡപത്തില്‍ സമര്‍പ്പിക്കും. മേല്‍ശാന്തി കതിര്‍കെട്ടുകള്‍ തേവര്‍ക്ക് സമര്‍പ്പിച്ചു പൂജചെയ്തു പുറത്തുകൊണ്ടുവന്ന് ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കും. ഈ കതിര്‍ ഭക്തര്‍ ആദരപൂര്‍വ്വം വീട്ടില്‍ കൊണ്ടുവന്നു പൂമുഖത്ത് തൂക്കും. ഐശ്വര്യപൂര്‍ണ്ണതയോടെ അടുത്ത വര്‍ഷം ആ ദിവസം വരെ അതവിടെ ഉണ്ടാവും.
പലക്ഷേത്രങ്ങളിലും നിറപുത്തരിക്കുള്ള കതിരുകള്‍ കൊടുക്കുന്നതിന് അവകാശികള്‍ ഉണ്ടായിരിക്കും.കൊയ്‌ത്തു കഴിഞ്ഞു നെല്ല് പത്തായത്തിൽ നിറയ്‌ക്കും മുൻപു ഗൃഹവും പരിസരവും അറയും പത്തായവും അതിനൊപ്പം നമ്മുടെ മനസ്സും ശുദ്ധമാക്കുന്ന ഈ ചടങ്ങ് ഇപ്പോൾ ക്ഷേത്രങ്ങളിലാണ് കാണപ്പെടുന്നത്. മൂധേവിയെ പുറത്താക്കി ഐശ്വര്യ ദേവതയായ ശ്രീഭഗവതിയെ കുടിയിരുത്തുന്നു എന്നാണ് സങ്കൽപം.
ഇല്ലം നിറയ്‌ക്ക് കൊയ്യുന്ന ആ വര്‍ഷത്തെ ആദ്യത്തെ നെല്ല്, കുത്തി അരിയാക്കി പായസം വെക്കുന്നതും ഒരു ചടങ്ങാണ്. പുത്തരിപ്പായസം എന്നാണ് അത് അറിയപ്പെടുന്നത്.

മലബാറില്‍ ഒട്ടുമിക്ക വീടുകളിലും ഇല്ലം നിറ ആഘോഷിക്കും. മുന്‍കൂട്ടി നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ ഗൃഹനാഥന്‍ കുളിച്ചുശുദ്ധമായി വന്നു വീട്ടില്‍ ചാണകം മെഴുകി തയ്യാറാക്കിയ സ്ഥലത്ത് വിധിപ്രകാരം അരിമാവുകൊണ്ട് അണിയുന്നു.കുട്ടികളോ മുതിര്‍ന്നവരോ അണിഞ്ഞ അരിമാവില്‍ കൈകള്‍ മുക്കി വീട്ടിലെ പ്രധാന വാതിലുകളിലും അറയിലും നിരയിലും പത്തായത്തിലും അടുക്കള ഭിത്തിയിലും പതിപ്പിക്കുന്നു. ഗൃഹനാഥന്‍ ആ സ്ഥലങ്ങളില്‍ ഗണപതിക്കു തൃമധുരം നിവേദിക്കും. സമൃദ്ധിയുടെ അടയാളമായി അത് വര്‍ഷം മുഴുവന്‍ തെളിഞ്ഞുനില്‍ക്കും.

നാല്‍പ്പാമരവും ദശപുഷ്പവും പൂജിച്ചു കിണ്ടിയില്‍ തുളസിതീര്‍ത്ഥവും നിലവിളക്കുമായി പാടത്തേക്ക് എത്തും. പാടത്തു വിളഞ്ഞുനില്‍ക്കുന്ന നെല്‍ക്കതിരുകള്‍ മുറിച്ചെടുത്തു കറ്റകളാക്കി തലയില്‍ചുമന്നു വീട്ടിലേക്ക് നടക്കും. മുന്‍പില്‍ നടക്കുന്നവര്‍ വഴിയില്‍ തുളസിതീര്‍ത്ഥം തളിച്ചിരിക്കും, നിലവിളക്കുമായി മറ്റൊരാളും ഉണ്ടാവും. ഐശ്വര്യത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. വീട്ടില്‍ കറ്റയുമായി എത്തുന്ന ഗൃഹനാഥനെ അഷ്ടമംഗല്യവുമായി സ്ത്രീകള്‍ ഉപചാരപൂര്‍വം സ്വീകരിക്കും. ആ കതിരുകള്‍ പൂജിച്ചു പൂമുഖത്തും അറവാതിലിലും പത്തായപ്പുരയിലും കെട്ടിതൂക്കുന്നു.

നിറപുത്തിരി ചടങ്ങുകള്‍ ശബരിമലയിലും ഗുരുവായൂരിലും ക്ഷേത്ര മറ്റു പ്രധാന ക്ഷേത്രങ്ങളിലും എല്ലാവര്‍ഷവും നടക്കാറുണ്ട്. ശ്രീകോവിലിനുള്ളില്‍ പൂജിച്ച നെല്‍ക്കതിരുകള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഭക്തര്‍ക്ക് പ്രസാദമായി നല്‍കും.
ഏവർക്കും ഒരേ പ്രാർത്ഥനയാണുള്ളത്. ഇല്ലം നിറ വീട് നിറയട്ടെ വല്ലം നിറ കുട്ട നിറയട്ടെ ,കൊല്ലം നിറ വർഷം മുഴുവൻ നിറയട്ടെ ,പത്തായം നിറ നാടുപൊലി പൊലിയോ പൊലി...
.jpg)

