കൂവപ്പടി മഹാഗണപതിക്ഷേത്രത്തിൽ നവചണ്ഡികാഹോമം തുടങ്ങി
എറണാകുളം : ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൂവപ്പടി ശ്രീമഹാഗണപതി ക്ഷേത്രത്തിൽ നവചണ്ഡികാഹോമത്തിന് തുടക്കമായി. തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ചിദംബരം നടരാജ ക്ഷേത്രത്തിൽ നിന്നുള്ള പ്രഗത്ഭരായ പന്ത്രണ്ട് വേദപണ്ഡിതരുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. സാംബകൃഷ്ണ ദീക്ഷിതർ, കണ്ണൻ ദീക്ഷിതർ എന്നിവരാണ് മുഖ്യകാർമ്മികർ. 700 ശ്ലോകങ്ങളുള്ള ദേവീമാഹാത്മ്യം സമ്പൂർണ്ണമായി പാരായണം ചെയ്തുകൊണ്ട് മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ ദേവതകൾക്കു മുമ്പിൽ നെയ്യ്, അക്ഷതം, തിലം, നവധാന്യങ്ങൾ, സമിധുകൾ, ദർഭ, പുഷ്പങ്ങൾ, ചന്ദനം, കുങ്കുമം, മഞ്ഞൾ, പ്രത്യേക ദ്രവ്യങ്ങൾ, കൂവളത്തില, കറുകപ്പുല്ല്, ശർക്കര, തേൻ, പാൽ, തൈര്, ഫലമൂലാദികൾ, നാളികേരം, ഔഷധദ്രവ്യങ്ങൾ, വേരുകൾ, ഇലകൾ, വിത്തുകൾ, ദേവിയ്ക്കായുള്ള പട്ടു വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, താംബൂലം തുടങ്ങിയവയെല്ലാം ഹോമകുണ്ഡത്തിൽ ഹവിസ്സായി സമർപ്പിച്ചാണ് ചടങ്ങുകൾ നടക്കുക.

ദേവീമാഹാത്മ്യമന്ത്രങ്ങൾ പൂർണ്ണമായി ഒൻപതാവർത്തി ഉരുവിട്ടു കൊണ്ട് ആചമനം, ശുദ്ധീകരണം, സ്ഥലശുദ്ധി, സങ്കൽപ്പം, കലശസ്ഥാപനം, ആഹ്വാനം, ഗണപതി പൂജ, പുണ്യാഹവാചനം, ജലശുദ്ധീകരണ പ്രോക്ഷണം, അഗ്നി പ്രതിഷ്ഠ, സമിധുകകളിലൂടെ അഗ്നിപ്രോജ്ജ്വലനം, ദേവീ ആവാഹനം, പൂർണാഹുതി, ആരതി, പ്രദക്ഷിണം, ക്ഷമാപണം എന്നിങ്ങനെ വിവിധങ്ങളായ ചടങ്ങുകളിലൂടെയാണ് ഹോമക്രിയകൾ പൂർത്തിയാകുന്നത്. കൂടാതെ വടു പൂജ, കന്യകാപൂജ, സുഹാസിനി പൂജ, ദമ്പതിപൂജ, ഗോപൂജ, കലശാഭിഷേകങ്ങൾ എന്നിവയും നടക്കും. വെള്ളിയാഴ്ച വൈകിട്ട് 6.30ന് കോഴിക്കോട് പ്രശാന്ത് വർമ്മയുടെ സാമ്പ്രദായിക ഭജൻ 'മാനസജപലഹരി'യും ഉണ്ടായിരിക്കും. ചിദംബരത്തു നിന്നുള്ള വേദപണ്ഡിതരുടെ സാന്നിധ്യം ചടങ്ങുകൾക്ക് സവിശേഷമായ ചൈതന്യം നൽകിയതായി സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.

.jpg)

