നമ്പ്രം കാവിൽ തിരുമുടി നിവർന്നു ; മുച്ചിലോട്ട് കാവുകളിൽ കളിയാട്ടക്കാലത്തിന് തുടക്കം (വീ‍ഡിയോ)

The *Thirumudi* is raised at Nambram Kavu; the *Kaliyattam* season begins at Muchilot Kavus.

 തളിപ്പറമ്പ് : സർവ്വാലങ്കാര ഭൂഷിതയായി ഒരു സുന്ദരിയായ നവവധുവിന്റെ ചേലോടെ സാത്വിക ഭാവത്തിൽ നിന്ന് തന്റെ പൈതങ്ങൾക്ക് അനു​ഗ്രഹം ചൊരിയുന്ന മുച്ചിലോട്ടമ്മ. വടക്കേമലബാറിലെ മുച്ചിലോട്ട് കാവുകളില്‍ കളിയാട്ട കാലത്തിന് തുടക്കം കുറിച്ച് പറശ്ശിനിക്കടവ് നമ്പ്രം മുച്ചിലോട്ട് ഭ​ഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ തിരുമുടി നിവര്‍ന്നു. നമ്പ്രത്തമ്മയെ കണ്ട് അനു​ഗ്രഹം നേടാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

ഉത്തര മലബാറിലെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങളിൽ ഭഗവതിയുടെ ഏഴാം സ്ഥാനം അലങ്കരിക്കുന്ന പുണ്യ പുരാതന സങ്കേതമാണ് നമ്പ്രം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം. വളപ്പട്ടണം പുഴയോരത്ത് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന്റെ എതിർവശത്തായി സ്ഥിതിചെയ്യുന്ന നമ്പ്രം മുച്ചിലോട്ട് ഭഗവതി കാവിൽ തിരുമുടി നിവരുന്നതോടെയാണ് കേരളത്തിലെ മുച്ചിലോട്ട് കാവുകളിൽ കളിയാട്ടത്തിന് തുടക്കമാകുന്നത്.

The *Thirumudi* is raised at Nambram Kavu; the *Kaliyattam* season begins at Muchilot Kavus.

മലബാറില്‍ കെട്ടിയാടപ്പെടാറുള്ള തെയ്യങ്ങളില്‍ വാണിയസമുദായക്കാരുടെ തെയ്യങ്ങളില്‍ ഒന്നാണ് മുച്ചിലോട്ടു ഭഗവതി. അറിവുകൊണ്ട് വിജയം നേടിയപ്പോള്‍ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍, അപമാനഭാരത്താല്‍ അഗ്‌നിയില്‍ ജീവന്‍ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രാഹ്മണ കന്യകയാണ് മുച്ചിലോട്ടു ഭഗവതിയെന്നാണ് സങ്കല്‍പം. 

ഇവിടുത്തെ കളിയാട്ടത്തോടനുബന്ധിച്ചുള്ള ചടങ്ങുകളും ഏറെ പ്രസിദ്ധമാണ്. ആദ്യ ദിനം പള്ളികുളത്ത് നമ്പ്രത്തച്ചൻ സമാധിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ്  കളിയാട്ടം ​ആരംഭിക്കുന്നത്. കളിയാട്ടത്തിന്റെ മൂന്നാം ദിവസം കാവിൽ നിന്നും പറശ്ശിനി മടപ്പുരയിലേക്ക് എഴുന്നള്ളിപ്പ് ഉണ്ടാകും. കോടല്ലൂർ ഇല്ലത്തുനിന്ന് പറശ്ശിനി കടവിലേക്ക്  വീടുകളിൽ കയറിയിറങ്ങി എത്തുന്ന കോമരങ്ങൾ മുത്തപ്പനെ മുഖാമുഖം കാണുന്ന ഭക്തിനിർഭരമായ കാഴ്ച കാണാൻ നിരവധി ഭക്തജനങ്ങളാണ് പറശ്ശിനിയിൽ തടിച്ചുകൂടുക.

The *Thirumudi* is raised at Nambram Kavu; the *Kaliyattam* season begins at Muchilot Kavus.

തുടർന്ന് നാലാം ദിവസം പരിസമാപ്തിയിലേക്ക്. കളിയാട്ടത്തിന്റെ നാലാം ദിനമായ വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് മുപ്പത്തിമുക്കോടി ദേവകൾക്കും അധിപയായ മുച്ചിലോട്ട് അമ്മയുടെ തിരുമുടി ഉയർന്നത്. മുച്ചിലോട്ട് ഭഗവതിയെ കൂടാതെ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി, ചുഴലി ഭഗവതി,പുലിയൂര്‍ കണ്ണന്‍, , ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, നരമ്പില്‍ ഭഗവതി, ഗുളികന്‍ എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടി. മുച്ചിലോട്ട് അമ്മയുടെ അനുഗ്രഹം തേടി നാടിന്റെ നാനാഭാഗത്തുനിന്നും ആയിരങ്ങളാണ് കാവിലേക്ക് ഒഴുകിയെത്തിയത്.

Tags