അമ്പതിലധികം കൊമ്പന്മാർ അണിനിരക്കും; വടക്കുംനാഥ ക്ഷേത്രത്തിൽ ഈ വർഷത്തെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി
തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിൽ ഈ വർഷത്തെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനുമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമം ആരംഭിക്കും. തുടർന്ന് രാവിലെ ഒമ്പതരയോടെ പ്രശസ്തമായ ആനയൂട്ട് ചടങ്ങുകൾക്ക് തുടക്കമാകും. ഇത്തവണ അമ്പതിൽ അധികം പ്രമുഖ കൊമ്പന്മാരാണ് ചടങ്ങിൽ പങ്കെടുക്കാനായി വടക്കുംനാഥന്റെ മണ്ണിൽ അണിനിരക്കുന്നത്.
അതിവിപുലമായ രീതിയിലാണ് ഇത്തവണ അഷ്ടദ്രവ്യ മഹാഗണപതിഹോമക്കൂട്ട് തയാറാക്കിയിരിക്കുന്നത്. ഹോമത്തിനായി 12,008 നാളികേരം, 2,000 കിലോ ശർക്കര, 2,000 കിലോ അവിൽ, 500 കിലോ മലർ, 60 കിലോ എള്ള്, 50 കിലോ തേൻ എന്നിവയ്ക്ക് പുറമെ പ്രത്യേക ഗണപതി നാരങ്ങ, കരിമ്പ് തുടങ്ങിയവയും ഉപയോഗിക്കും. രാവിലെ 9:30-ഓടെ ആരംഭിക്കുന്ന ആനയൂട്ട് ചടങ്ങിൽ ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ നമ്പൂതിരി ആദ്യ ഉരുള നൽകി ഉദ്ഘാടനം നിർവഹിക്കും. ആനകൾക്ക് നൽകാനായി 500 കിലോ അരിയുടെ ചോറ്, ശർക്കര, മഞ്ഞൾപൊടി എന്നിവ ചേർത്താണ് പ്രത്യേക ഉരുളകൾ തയാറാക്കുന്നത്. ഇതിനൊപ്പം പൈനാപ്പിൾ, കക്കിരി, തണ്ണിമത്തൻ, പഴം തുടങ്ങി എട്ടോളം പഴവർഗ്ഗങ്ങളും ആനകളുടെ ദഹന പ്രക്രിയ സുഗമമാക്കുന്നതിനുള്ള പ്രത്യേക ഔഷധക്കൂട്ടും ആനയൂട്ടിന്റെ ഭാഗമായി നൽകും. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരം വഴിയാണ് ആനകൾ അകത്തേക്ക് പ്രവേശിക്കുക. വെറ്ററിനറി ഡോക്ടർമാർ, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് എന്നിവരുടെ കർശന പരിശോധനകൾ പൂർത്തിയാക്കിയ ആനകളെ മാത്രമേ ക്ഷേത്ര പരിസരത്തേക്ക് പ്രവേശിപ്പിക്കൂ.
.jpg)

