മൂകാംബിക ദേവിയെ പ്രാർത്ഥിച്ചാൽ ഒരേ സമയം പല ദൈവങ്ങളെയും ആരാധിക്കുന്നതിന് തുല്യം ; അറിയാം മൂകാംബിക ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളും പൂജാദികാര്യങ്ങളും

kollur

എല്ലാ ദേവതകളും ദൈവങ്ങളും  മൂകാംബിക ദേവിയിൽ ഉൾക്കൊള്ളുന്നുവെന്നതാണ്  മൂകാംബിക ക്ഷേത്രത്തിലെ പ്രാർഥനയുടെ പ്രാധാന്യം വർധിപ്പിക്കുന്നത്.മൂകാംബിക ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് ഒരേ സമയം പല ദൈവങ്ങളെയും പ്രാർത്ഥിക്കുന്നതിനും ആരാധിക്കുന്നതിനും തുല്യമായാണ് കണക്കാക്കുന്നത് . 

കർണാടകയിലെ ഉഡുപ്പി ജില്ലയിൽ കൊല്ലൂർ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന  കൊല്ലൂർ മൂകാംബിക ക്ഷേത്രം പവിത്രവും പ്രധാനപ്പെട്ടതുമായ ക്ഷേത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.പശ്ചിമഘട്ടത്തിൻ്റെ പച്ചപ്പുകളാൽ ചുറ്റപ്പെട്ട ഈ ക്ഷേത്രം ആത്മീയ ധ്യാനത്തിന് ശാന്തവും മനോഹരവുമായ പശ്ചാത്തലം പ്രദാനം ചെയ്യുന്നു.സങ്കീർണ്ണമായ കൊത്തുപണികൾ, ശിൽപങ്ങൾ, പെയിൻ്റിംഗുകൾ എന്നിവ ക്ഷേത്ര സമുച്ചയത്തെ അലങ്കരിക്കുന്നു.

kollur

 നിരവധി നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ക്ഷേത്രത്തിൻ്റെ ചരിത്രം.പാർവതിയുടെ അവതാരമായ മൂകാംബിക ദേവി കൗമാസുരനെ പരാജയപ്പെടുത്തി ലോകത്തെ സംരക്ഷിച്ചു എന്നാണ് ഐതിഹ്യം.എട്ടാം നൂറ്റാണ്ടിൽ ആദിശങ്കരാചാര്യനാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്.കാലക്രമേണ ഭരണാധികാരികളും ഭക്തരും ക്ഷേത്രത്തിൽ നവീകരണങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തി.


വിജയനഗര സാമ്രാജ്യം, കേളടി നായകർ, വോഡയാർ രാജാക്കന്മാർ എന്നിവർ ക്ഷേത്രത്തിൻ്റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ചു.ഉഡുപ്പി അഷ്ടമഠത്തിൽ നിന്നുള്ള ശ്രീ വിദ്യാധീശ തീർത്ഥ സ്വാമിജി ക്ഷേത്രത്തിന്  പ്രധാന  സംഭാവന നൽകി.ചോളർ, ഹൊയ്‌സാലർ തുടങ്ങി വിവിധ രാജവംശങ്ങളുടെ സ്വാധീനം ഈ ക്ഷേത്രത്തിൽ കാണാം .

നിത്യോത്സവമുള്ള മഹാക്ഷേത്രം എന്നതാണ് മൂകാംബികയുടെ പ്രത്യേകത. ആയിരക്കണക്കിന് ഭക്തർ അനുഗ്രഹം നേടാനും അവരുടെ ദീർഘകാലമായി കാത്തിരുന്ന എല്ലാ ആഗ്രഹങ്ങളും നിറവേറ്റാനുമുള്ള ആഗ്രഹത്തോടെ മൂകാംബിക ദേവിയെ ദർശിക്കുന്നതിനായി കൊല്ലൂരിലേക്ക് പോകുന്നു.

mookambika
പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്രത്തിന്റെ  നട തുറക്കും. കീഴ്ശാന്തിയുടെ നേതൃത്വത്തില്‍ ലിംഗ ശുദ്ധി വരുത്തും. നിര്‍മാല്യം മാറ്റി ശ്രീകോവില്‍ വൃത്തിയാക്കുന്നതിനാണ് ലിംഗശുദ്ധി എന്ന് പറയുന്നത്. ദന്തദാവന പൂജയാണ് ആദ്യം. ചുക്കും ശര്‍ക്കരയും ചേര്‍ത്ത മിശ്രിതമാണ് ആദ്യം നിവേദിക്കുക. തുടര്‍ന്ന് 7.30 മുതല്‍ 8.30 വരെ പ്രാതക്കാല പൂജ. 8.45 നും 9 നും ഇടയില്‍ ശീവേലി. 11 മണിക്ക് അഭിഷേകം, അര്‍ച്ചന, നിവേദ്യം, സൂക്തങ്ങള്‍, ശ്രീരുദ്രം എന്നിവയോടുകൂടിയ മഹാപൂജ. ദീപാരാധനയും ശീവേലിയും കഴിഞ്ഞ് 1.30 ഓടെ നടയടയ്‌ക്കും. വൈകിട്ട് മൂന്നിന് വീണ്ടും നട തുറക്കും. ആറ് മണിവരെ ദര്‍ശനം മാത്രം. ആറ് മണിക്ക്  പ്രദോഷ പൂജയും അത്താഴപൂജയും. അതിനുശേഷം ശീവേലി. 

 അമ്മയ്‌ക്ക് നേദിച്ച കഷായം തീര്‍ത്ഥമായി ഭക്തര്‍ക്ക് കൊടുക്കും. അത്താഴപൂജയ്‌ക്ക് ശേഷമാണ് കഷായ നിവേദ്യം. അതു കഴിഞ്ഞാല്‍ പിന്നെ നിവേദ്യമില്ല. അതോടെ നട അടയ്‌ക്കും. ഔഷധ സ്വരൂപത്തിലാണ് നിവേദ്യം. ആഗമശാസ്ത്രവിധിയാണത്.  മഹാപൂജ, ചണ്ഡികാഹോമം, അഭിഷേകാര്‍ച്ചന ഇതൊക്കെ പ്രധാന വഴിപാടുകളാണ്. മഹാനവമി ദിനം ക്ഷേത്ര വകയാണ് ചണ്ഡികാഹോമം.

temple
വിദ്യാപുരോഗതിയാണ്  മിക്ക ഭക്തജനങ്ങളും മൂകാംബികയുടെ അനുഗ്രഹം തേടുന്ന പ്രധാന ലക്ഷ്യം. സരസ്വതി എന്ന നിലയിൽ മൂകാംബികയെ എല്ലാ കലകളുടെയും അധിപ ദേവതയായി കണക്കാക്കുന്നു. മൂകാംബികയെ അറിവിൻ്റെ ദേവതയായി പറയപ്പെടുന്നു.മഹാത്രിമധുര,അലങ്കാരപൂജ, പുഷ്പരതോത്സവം, പുഷ്പാഞ്ജലി, പായസ നിവേദ്യം എന്നിവ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടിയുള്ള വഴിപാടുകളാണ് .കൂടാതെ സമ്പത്തിനും ഐശ്വര്യത്തിനും ആരോഗ്യത്തിനും ശത്രു നിവാരണത്തിനുമൊക്കെയായി നാനാദിക്കിൽ നിന്നും ഭക്തരെത്തുന്നു .

Tags