വടക്കൻ കേരളത്തിൽ ലക്ഷ്മണ പ്രതിഷ്ഠയുടെ ഏക ക്ഷേത്രം: പെരിഞ്ചേരി ശ്രീവിഷ്ണു ക്ഷേത്രത്തിൽ നാലമ്പല ദർശനക്കാരുടെ തിരക്കേറുന്നു

perinchery temple
perinchery temple

മട്ടന്നൂർ: വടക്കൻ കേരളത്തിൽ ഏക ലക്ഷ്മണ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലൊന്നാണ് മട്ടന്നൂർ പെരിഞ്ചേരി ശ്രീ വിഷ്ണു ക്ഷേത്രം. മഹാവിഷ്ണുവിൻ്റെ ലക്ഷ്മണസങ്കൽപ്പത്തിലുള്ള പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി നാലമ്പല ദർശനത്തിനായി നിരവധി തീർത്ഥാടകരാണ് എത്താറുള്ളത്. ആയിരത്തിൽപ്പരം വർഷത്തെ പഴക്കമാണ് പെരിഞ്ചേരി ക്ഷേത്രത്തിനുള്ളത്. 

tRootC1469263">

വടക്കെ മലബാറിൽ ലക്ഷ്മണ പ്രതിഷ്ഠയുടെ മറ്റൊരു ക്ഷേത്രം വേറെയില്ലെന്നാണ് പെരിഞ്ചേരി വിഷ്ണു ക്ഷേത്രത്തിൻ്റെ പ്രത്യേകത.
തേത്രാ യുഗത്തിൽ ശ്രീരാമ ലക്ഷ്മണൻമാരുടെ വനവാസക്കാലത്ത് ഇവിടെ എത്തിയിരുന്നുവെന്നാണ് ഐതിഹ്യം. മാരീചനെ തേടി പോയ ശ്രീരാമൻ നീർവേലിയിലും സീതയ്ക്കു കാവൽ നിൽക്കുന്ന രൗദ്രമൂർത്തിയായ ലക്ഷ്മണൻ പെരിഞ്ചേരിയിലും സീതയുടെ സങ്കൽപമായി കുളത്തും വാതുക്കൽ ശ്രീ ഭഗവതി കോട്ടവും അറിയപ്പെടുന്നു.

പെരിഞ്ചേരിയെന്നാൽ കോട്ടയം രാജ സ്വരൂപം ആതിഥ്യമരുളിയ തളിപറമ്പിനടുത്തുള്ള പെരിഞ്ചല്ലൂർ എന്ന ഗ്രാമത്തിൽ നിന്നും ബ്രാഹ്മണരെ കുടിയിരുത്തിയതായി പറയപ്പെടുന്നു. പെരിഞ്ചല്ലൂർ ലോപിച്ച് പെരുമയുള്ള ചേരി അഥവാ പെരിഞ്ചേരിയായി കാലന്തരത്തിൽ അറിയപ്പെട്ടു തുടങ്ങുകയായിരുന്നു. 1970 വരെ സാമ്പത്തിക സുസ്ഥിരതയുള്ളതിനാൽ അഞ്ച് ഊരാളൻമാർ ക്ഷേത്രോത്സവവും നിത്യനിദാനങ്ങളും നടത്തിയിരുന്നു. 

Perinchery Sree Vishnu Temple

പിന്നീട് ഹിന്ദുമത ധർമ്മ സ്ഥാപന വകുപ്പിൻ്റെ നേതൃത്വത്തിൽ ഭക്ത ജന യോഗം വിളിച്ചു ക്ഷേത്രസംരക്ഷണ സമിതിയുടെ പ്രവർത്തനം ആരംഭിച്ചു. പിന്നീട് ക്ഷേത്രം സംരക്ഷണ സമിതിയുടെ നിരന്തരമായ നിവേദനങ്ങളുടെ ഫലമായി പാരമ്പര്യേതരക്കാരുൾപ്പെടുന്ന ക്ഷേത്രം ട്രസ്റ്റി ബോർഡ് രൂപീകൃതമായി. 1990 മുതൽ ക്ഷേത്രം ഭരണം പൂർണമായും ട്രസ്റ്റി ബോർഡ് ഏറ്റെടുത്തു. ട്രസ്റ്റി ബോർഡും ക്ഷേത്രസംരക്ഷണ സമിതിയും ഭക്ത ജനങ്ങളുടെ സഹകരണത്തോടെയാണ് 1992 മുതൽ കുംഭത്തിലെ ഉത്രട്ടാതി നക്ഷത്രം മുതൽ ഏഴു ദിവസം ഇവിടെ ഉത്സവം ആഘോഷിച്ചുവരുന്നത്. 

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഈ ക്ഷേത്രത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തേത്രാ യുഗത്തിൽ ശ്രീരാമലക്ഷ്മണൻമാരുടെ വനവാസക്കാലത്ത് മാരീചനെ തേടിപ്പോയ ശ്രീരാമൻ അഞ്ചുകിലോമീറ്റർ അപ്പുറമുള്ള നീർവേലിയിലും സീതയ്ക്കു കാവൽ നിൽക്കുന്ന രൗദ്രമൂർത്തിയായ ലക്ഷ്മണൻ പെരിഞ്ചേരിയിലുമാണെന്നാണ് വിശ്വാസം. നെയ് വിളക്ക്, ഭാഗ്യസൂക്തം, വിദ്യാഗോപാലം, മഞ്ഞപ്പട്ട്, അലങ്കാരപൂജ , ഐക്യമത്യസൂക്തം, നക്ഷത്ര പുജ എന്നിവയാണ് പ്രധാന വഴിപാടുകൾ.

മട്ടന്നൂർ -കൂത്തുപറമ്പ് റൂട്ടിൽ ഉരുവച്ചാലിൽ നിന്നും മണക്കായി റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. സീതാ ദേവിയുടെ സംരക്ഷണ ചുമതലയുള്ള ലക്ഷ്മണസങ്കൽപ്പമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്ന് മേൽശാന്തി കെ.എ ജയദേവൻ നമ്പൂതിരി പറഞ്ഞു. പ്രാർത്ഥിച്ചാൽ ഏറെ ഫലം കിട്ടുന്ന ക്ഷേത്രങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു. 

perinchery kulam

നാലമ്പല ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് മികച്ച ഭൗതിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ എം. ഭാസ്കരൻ പറഞ്ഞു. വയനാട്, കാസർകോട് ജില്ലകളിൽ നിന്നു വരെ ഇവിടെ ഭക്തജനങ്ങൾ ബസിലും മറ്റുമായി എത്തിച്ചേരാറുണ്ട്. ദർശനം കഴിഞ്ഞാൽ ഇവിടെ വിശ്വാസികൾക്ക് ലഘുഭക്ഷണം, ദേഹശുദ്ധിക്കായുള്ള സൗകര്യം വിശ്രമ കേന്ദ്രങ്ങൾ എന്നിവ നൽകി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പെരിഞ്ചേരി ക്ഷേത്രത്തിലെത്തുന്ന ആരെയും ആകർഷിക്കുന്നതാണ് ചെങ്കെല്ലുകൾ കൊണ്ടു പടവുകൾ കെട്ടിയൊതുക്കിയ അതിവിശാലമായ ക്ഷേത്രക്കുളം. വയലിൻ്റെ സമീപം 55 സെൻ്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രക്കുളം സർക്കാർ ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി എഴുപത്തിയഞ്ചു ലക്ഷം രൂപ ചെലവിട്ടാണ് പുനർനവീകരിച്ചത്.