മാതാ അമൃതാനന്ദമയി ദേവിയുടെ ഭാരതപര്യടനത്തിന് ഒക്ടോബർ 29ന് തുടക്കമാകും; വയനാട് മാനന്തവാടി മുതൽ കൊൽക്കത്ത വരെ യാത്ര
അമൃതപുരി: മാതാ അമൃതാനന്ദമയി ദേവിയുടെ ഈ വർഷത്തെ ഭാരതപര്യടനത്തിന് നാളെ (ഒക്ടോബർ 29) തുടക്കമാകും. അമൃതപുരിയിൽ നിന്ന് പുലർച്ചെയോടെ പുറപ്പെടുന്ന യാത്രയിലെ കേരളത്തിലെ ആദ്യ പരിപാടി വയനാട് മാനന്തവാടിയിലാണ്.
ഒക്ടോബർ 30, 31 തീയതികളിൽ നടക്കുന്ന മാനന്തവാടി ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തിൽ മുഖ്യകാർമികത്വം വഹിക്കുന്ന അമ്മ, തുടർന്ന് മൈസൂർ, ബാംഗ്ലൂർ, ഹൈദരാബാദ്, പൂനെ, മുംബൈ, അഹമ്മദാബാദ്, ന്യൂഡൽഹി, ഫരീദാബാദ്, കൊൽക്കത്ത എന്നീ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യും. അഹമ്മദാബാദിലും ഫരീദാബാദിലും ഒഴികെ ബാക്കിയെല്ലായിടത്തും നടക്കുന്ന ബ്രഹ്മസ്ഥാന വാർഷിക മഹോത്സവ ചടങ്ങുകളിൽ അമ്മ പങ്കെടുക്കും. നവംബർ 21-ന് അഹമ്മദാബാദിലെ പൊതുപരിപാടിയിലും ഫരീദാബാദ് അമൃത ആശുപത്രിയിലെ പരിപാടിയിലും അമ്മ സംബന്ധിക്കും.
ഒക്ടോബർ 30-ന് തുടങ്ങി ഡിസംബർ 6 വരെ 38 ദിവസം നീളുന്ന പര്യടനത്തിൽ രാജ്യത്തെ 10 നഗരങ്ങളിലായി അമ്മ റോഡ് മാർഗ്ഗമാണ് സഞ്ചരിക്കുന്നത്. മാതാ അമൃതാനന്ദമയി മഠത്തിലെ മുതിർന്ന സന്യാസി-സന്യാസിനിമാരും ബ്രഹ്മചാരി-ബ്രഹ്മചാരിണിമാരും വിദേശികളടക്കമുള്ള ആശ്രമ അന്തേവാസികളും ഉൾപ്പെടെ ആയിരത്തോളം പേർ അമ്മയെ ഈ ഭാരതയാത്രയിൽ അനുഗമിക്കുന്നുണ്ട്. ഡിസംബർ 5, 6 തീയതികളിൽ കൊൽക്കത്തയിൽ നടക്കുന്ന ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തിന് ശേഷം അമ്മ അമൃതപുരിയിലേക്ക് മടങ്ങിയെത്തും
.jpg)


