മകരവിളക്ക് മഹോത്സവം: പുരാതന വാമൊഴി ശീലുകളുമായി നായാട്ടുവിളി

Makaravilakku Festival: Hunting call with ancient oral traditions

ശബരിമല  :മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമലയില്‍ പുരാതന വാമൊഴി ശീലുകളുമായി നായാട്ടുവിളി. മകരവിളക്കുദിനം മുതല്‍ തുടര്‍ച്ചയായി അഞ്ച് ദിവസം നായാട്ടുവിളിയുണ്ട്. പതിനെട്ടാം പടിക്ക് താഴെയുള്ള നിലപാട്തറയില്‍ നിന്ന് തെക്കോട്ട് നോക്കിയാണ് നായാട്ടുവിളി. അവസാന ദിവസം ശരംകുത്തിയിലാണ് ചടങ്ങ്. അയ്യപ്പസ്വാമിയുടെ കാവലാളുകളായ ഭൂതഗണങ്ങളും മലദൈവങ്ങളും മകരവിളക്ക് മഹോത്സവ വേളയില്‍ ശബരിമലയില്‍ നിന്ന് ഉള്‍ക്കാടുകളിലേക്ക് പോകും. ഇവരെ അയ്യപ്പസ്വാമി നേരിട്ട് വിളിച്ച് ശബരിമലയിലേക്ക് കൂട്ടിക്കൊണ്ട് വരുമെന്നാണ് വിശ്വാസം. ഇതിനായാണ് നായാട്ടുവിളി സംഘം ശരംകുത്തിയിലേക്ക് പോകുന്നത്. 

tRootC1469263">

Makaravilakku Festival: Hunting call with ancient oral traditions

 പദ്യരൂപത്തില്‍ ചിട്ടപ്പെടുത്തിയ അയ്യപ്പചരിതവും ഐതിഹ്യവും ദ്രാവിഡ മലയാളഭാഷയില്‍ അവതരിപ്പിക്കുന്ന തലമുറകളിലൂടെ വാമൊഴിയായി പകര്‍ന്നുവന്ന ശീലുകളാണ് നായാട്ടുവിളി എന്നറിയപ്പെടുന്നത്. അയ്യപ്പസ്വാമിയുടെ ഐതിഹ്യം ആസ്പദമാക്കിയ 576 ശീലുകള്‍ നായാട്ടുവിളിയില്‍ ഉള്‍ക്കൊള്ളുന്നു. ശബരിമല ക്ഷേത്രത്തിന്റ തുടക്ക കാലം മുതല്‍ തുടരുന്ന ഈ ആചാരത്തില്‍ നായാട്ടുവിളിക്കുന്നയാള്‍ ഓരോ ശീലും ചൊല്ലി കഴിയുമ്പോള്‍ കൂടെയുള്ളവര്‍ ''ഈ ഹൂയി'' എന്ന് മുഴക്കുന്നു. ഭഗവാന്‍ അയ്യപ്പന്റെ മകരമാസ മഹോത്സവം നടക്കുകയാണെന്ന് അക്കരക്കരയിലെ ജനങ്ങളെ അറിയിക്കാന്‍ വേണ്ടിയാണ് ''ഈ ഹൂയി'' വിളിക്കുന്നത്. പതിനെട്ടാം പടിക്ക് താഴെയുള്ള അയ്യപ്പസ്വാമി മുകളിലുള്ള ശ്രീധര്‍മശാസ്താവിനെ കാണാന്‍ വരുന്ന സന്ദര്‍ഭം കൂടിയാണ്  നായാട്ട് വിളി. 

നായാട്ട് വിളിക്കുറുപ്പ് ഉള്‍പ്പെടെ 12 പേരാണ് നായാട്ടുവിളി സംഘത്തില്‍ ഉള്ളത്. റാന്നി -പെരുനാട് വെള്ളാളകുലരായിട്ടുള്ള പുന്നമൂട്ടില്‍ കുടുംബത്തിനാണ് നായാട്ട് വിളിക്കുള്ള കാരാഴ്മ അവകാശം പന്തളം രാജാവ് കല്‍പിച്ചു നല്‍കിയത്. നിലവില്‍ പുന്നമ്മൂട്ടില്‍ പി.ജി. മഹേഷ് ആണ് നായാട്ടുവിളിയിലെ ശീലുകള്‍ ചൊല്ലുന്നത്.

Tags