കൊട്ടിയൂർ ക്ഷേത്രത്തിലെ നാളം തുറക്കൽ ചടങ്ങും ഔഷധഗുണമുള്ള അഷ്ടബന്ധവും..


ദക്ഷിണകാശിയെന്നും ദക്ഷയാഗം നടന്ന ഭൂമികയെന്നും അറിയപ്പെടുന്ന ക്ഷേത്രമാണ് കണ്ണൂരിലെ കൊട്ടിയൂർ ക്ഷേത്രം. വളപ്പട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ പുഴയുടെ തെക്കു ഭാഗത്താണ് ഇക്കരെ കൊട്ടിയൂർ ക്ഷേത്രം. ഇവിടെ സ്ഥിരം ശിവ ക്ഷേത്രം ഉണ്ട്. വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂർ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരിൽ ഉത്സവകാലത്തേക്ക് മാത്രം ക്ഷേത്രം കെട്ടിയുണ്ടാക്കുകയാണ് ചെയ്യുക. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പൂജകൾ ഉണ്ടാവില്ല.
മുപ്പത്തിമുക്കോടി ദേവകളും ഒന്നിച്ച് കൂടിയ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് ഐതിഹ്യം. പരമശിവനെ സതി വിവാഹം ചെയ്തത് ഇഷ്ടപ്പെടാത്ത സതിയുടെ പിതാവ് ദക്ഷൻ 14 ലോകത്തെയും ശിവനൊഴികെ എല്ലാ ദേവകളെയും ക്ഷണിച്ച് യാഗം നടത്തി. ക്ഷണിച്ചില്ലെങ്കിലും സതി യാഗം കാണാൻ പോയി. അവിടെവച്ച് പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ ദുഃഖിതയായ സതി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. കൈലാസത്തിലിരുന്ന പരമശിവൻ ഇതറിഞ്ഞ് കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു; അതിൽ നിന്നും വീരഭദ്രൻ ജനിച്ചു. വീരഭദ്രൻ യാഗശാലയിലെത്തി ദക്ഷന്റെ താടി പറിച്ചെടുത്തു; ശിരസറുത്തു. ശിവൻ സംഹാരരുദ്രനായി താണ്ഡവമാടി. ദേവൻമാരും ഋഷിമാരും ബ്രഹ്മവിഷ്ണുമാരും ശിവനെ സമീപിച്ച് ശാന്തനാക്കി. ദക്ഷന്റെ തല അതിനിടയിൽ ചിതറി പോയതിനാൽ ആടിന്റെ തല ചേർത്ത് ശിവൻ ദക്ഷനെ പുനർജീവിപ്പിച്ചു. യാഗവും പൂർത്തിയാക്കി പിന്നീട് ആ പ്രദേശം വനമായി മാറി എന്നാണ് ഐതിഹ്യം.

അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ നെയ്യാട്ടം മുതലാണ് വൈശാഖോത്സവത്തിന് തുടക്കം കുറിക്കുന്നത്. മറ്റു ക്ഷേത്രങ്ങളിലൊന്നും കാണാത്ത തരത്തിലുള്ള അപൂർവ്വങ്ങളായ ചടങ്ങുകളാണ് ഇവിടെയുള്ളത്. അതിലൊന്നാണ് 'നാളം തുറക്കൽ'. കഴിഞ്ഞ വർഷത്തെ ഉത്സവം സമാപിക്കുമ്പോൾ തൃക്കലശാട്ടിന് ശേഷം മണിത്തറയിലെ 'പടുകുഴി'യിൽ സ്ഥിതി ചെയ്യുന്ന സ്വയംഭൂദേവനെ അഷ്ട ബന്ധം( ചില പ്രത്യേക വസ്തുക്കൾ ചേർത്ത മണ്ണ്) കൊണ്ട് മൂടുന്ന ചടങ്ങുണ്ട്.
പിറ്റേ വർഷം ഉത്സാവാരംഭത്തിൽ ഈ അഷ്ടബന്ധം നീക്കം ചെയ്യുന്ന ചടങ്ങാണ് 'നാളം തുറക്കൽ'. അഷ്ടബന്ധം കൊണ്ടുള്ള ആവരണം നീക്കിയാൽ മാത്രമെ സ്വയംഭൂ ദർശിക്കുവാൻ കഴിയുകയുള്ളു. മണിത്തറയിലെ അഷ്‌ടബന്ധം നീക്കം ചെയ്‌ത് പടുകുഴി പുനഃസൃഷ്‌ടിക്കുന്നു. ആയതിനാൽ ഈ കർമ്മത്തിന് 'നാളം തുറക്കൽ' എന്നു പറയുന്നു.
നാളം തുറക്കുമ്പോൾ ലഭിക്കുന്ന ഔഷധഗുണമുള്ള മണ്ണ് അതിവിശിഷ്ടമായ പ്രസാദമാണ്. ഇത് നെറ്റിയിൽ തൊടുകയും അൽപ്പം മാത്രം സേവിക്കുകയും ചെയ്യാം.
അഷ്‌ടബന്ധം സേവിച്ചാൽ മാറാവ്യാധികൾവരെ വിട്ടു മാറുമെന്നും അഷ്ടബന്ധം നെറ്റിയിൽ തൊട്ടാൽ അസുഖങ്ങൾ മാറി പൂർണ്ണാരോഗ്യം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.