കൊട്ടിയൂർ വീണ്ടുമൊരു ഉത്സവകാലത്തിലേക്ക് ; നെയ്യാട്ടം നടന്നു

 Neyyamrut team with Narunei to Kottiyoor

ഭക്തരുടെ ഒരു വർഷം നീണ്ട കാത്തിരിപ്പിന് പരിസമാപ്തി കുറിച്ചുകൊണ്ട് യാഗഭൂമിയായ കൊട്ടിയൂർ വീണ്ടുമൊരു ഉത്സവകാലത്തിലേക്ക്.കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ ഭാ​ഗമായി ഇന്നലെ നെയ്യാട്ടം നടന്നു . പെരുമാൾക്ക് അഭിഷേകം ചെയ്യാനുള്ള നറുനെയ്യ് അടങ്ങിയ കലശപാത്രങ്ങളും നെയ്യ്കിണ്ടികളുമായി മണത്തണ ചപ്പാരം ക്ഷേത്രത്തിൽ നിന്നും നെയ്യമൃത് സംഘം  കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. ഇന്നലെ അർദ്ധരാത്രിയോടെയാണ് നെയ്യാട്ടം നടന്നത്.

Neyyamrut team with Narunei to Kottiyoor

28 ദിവസം നീണ്ടുനിൽക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഇന്നലെ തിരിതെളിഞ്ഞു. അക്കരെ സന്നിധാനത്തെ തിരുവഞ്ചിറയിലെ മണിത്തറയിൽ കുടികൊള്ളുന്ന സ്വയംഭൂ ശിലയിൽ അഭിഷേകം ചെയ്യാനുള്ള നറുനെയ്യ് അടങ്ങിയ കലശ പാത്രങ്ങളും നെയ്യ്ക്കിണ്ടികളുമായി നെയ്യമൃത് സംഘം  മണത്തണയിലെ സപ്തമാതൃപുരം എന്ന ചപ്പാര ഭഗവതി ക്ഷേത്രത്തിൽ നിന്നും കൊട്ടിയൂരിലത്തി. നെയ്യമൃത് ജന്മസ്ഥാനികനായ വില്ലിപ്പാലൻ വലിയകുറുപ്പിന്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലാണ് കലശ പാത്രങ്ങൾ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചത്. കഠിനവ്രതം നോറ്റ് വിവിധ മടങ്ങളിൽ നിന്നും മണത്തണയിൽ എത്തിയ നെയ്യമൃത് സംഘം ഇന്നലെ ഉച്ചയോടെ കൊട്ടിയൂരിലെത്തിയത്. ഓംകാരം വിളി മുഴക്കിയാണ് നെയ്യമൃത് സംഘം കൊട്ടിയൂരിലേക്ക് കാൽനടയായി യാത്രതിരിച്ചത് .

വയനാട്ടിലെ മുതിരേരി കാവിൽ നിന്നുള്ള പരാശക്തിയുടെ വാൾ എഴുന്നള്ളിച്ച് സന്ധ്യയോടെ ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചു. മുതിരേരി വാൾ ഇക്കരെ കൊട്ടിയൂരിൽ എത്തിയശേഷം ചോതിവിളക്ക് തെളിയിക്കുന്നതോടെയാണ് നെയ്യമൃത് സംഘം അക്കരെ സന്നിധിയിലേക്ക് പ്രവേശിക്കുക. നെയ്യാട്ടം അർധരാത്രിയോടെയാണ് നടക്കുക. മണിത്തറയിലെ സ്വയംഭൂവിൽ അഭിഷേകം ചെയ്യാനുള്ള നെയ്യ് എഴുന്നള്ളത്തിന് ചൊക്ലിക്കടുത്തെ നെടുംപുറത്തെ വില്ലിപ്പാലൻ വലിയ കുറുപ്പും, കുറ്റ്യാട്ടൂരിലെ തമ്മേങ്ങാടൻ വലിയ നമ്പ്യാരുമാണ് നേതൃത്വം നൽകുന്നത്. നെയ്യമൃത് സംഘം ബാവലിക്കെട്ടിൽ കർമങ്ങൾ നടത്തി കുളിച്ച് അക്കരേക്ക് നീങ്ങിയത്. കുറ്റ്യാടി ജാതിയൂർ ക്ഷേത്രത്തിൽ നിന്ന് തേടൻവാര്യർ എത്തിച്ച തീയും, ജാതിയൂർ മഠം ക്ഷേത്രത്തിൽ നിന്നുള്ള നെയ്യും പാകപ്പെടുത്തി തൃത്തറയിൽ വെച്ചു. വില്ലിപ്പാലൻ കുറുപ്പിൻ്റെ നെയ്യമൃത് ആദ്യവും തമ്മേങ്ങാടൻ നമ്പ്യാരുടെ നെയ്യമൃത് രണ്ടാമതും തൃക്കടാരി ഏറ്റുവാങ്ങി അഭിഷേകത്തിനായി ഉഷകാമ്പ്രം നമ്പൂതിരിയെ ഏൽപിച്ചു. കൊട്ടിയൂർ പെരുമാൾക്ക് നെയ്യഭിഷേകം ചെയ്തു. അക്കരെ തിരുവഞ്ചിറയിലെ സ്വയംഭൂവിൽ ആദ്യം നടത്തുന്ന അഭിഷേകമാണ് നെയ്യഭിഷേകം. ഭക്തിസാന്ദ്രമായ ചടങ്ങിന് ആയിരക്കണക്കിന് ഭക്തജനങ്ങൾ സാക്ഷികളായി. 

Neyyamrut team with Narunei to Kottiyoor

ഭക്തിസാന്ദ്രമായി കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ നെയ്യാട്ടം കഴിഞ്ഞു. അക്കരെ സന്നിധാനത്തെ തിരുവഞ്ചിറയിലെ മണിത്തറയിലെ സ്വയംഭൂവിൽ ആദ്യം നടത്തുന്ന അഭിഷേകം ആണ് നെയ്യഭിഷേകം. ഞായറാഴ്ച സന്ധ്യയ്ക്ക് മുതിരേരിയിൽ നിന്നുമുള്ള പരാശക്തിയുടെ വാൾ ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. വാൾ എഴുന്നള്ളത്ത് വേളയിൽ നെയ്യമൃത് വ്രതക്കാർ ഇക്കരെ ക്ഷേത്രത്തിൽ സന്നിഹിതരായിരുന്നു. ഹരിഗോവിന്ദ മന്ത്രജപത്തോടെ മുതിരേരി വാളിനെ ഭക്തർ വരവേറ്റു. 

വാൾവരവിന് ശേഷം രാത്രിയിൽ ഓടയും, തീയുമായി സ്ഥാനികർ അക്കരെ ക്ഷേത്രത്തിൽ പ്രവേശിച്ച് ചോതി വിളക്ക് തെളിയിച്ചു. തുടർന്ന് ബ്രാഹ്മണർ മണിത്തറയിൽ പ്രവേശിച്ച് സ്വയംഭൂവിനെ ആവരണം ചെയ്ത് അഷ്ടഗന്ധം നീക്കംചെയ്ത് നാളം തുറന്നു. പാത്തിവെച്ച് രാശി വിളിച്ച ശേഷം നെയ്യാട്ടം നടത്തി. ജന്മ സ്ഥാനികരായ വല്ലിപ്പാലൻ വലിയകുറുപ്പിന്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നെയ്യമൃത് ആദ്യം സ്വയംഭൂ വിഗ്രഹത്തിൽ അഭിഷേകം ചെയ്തു. തുടർന്ന് ക്രമമനുസരിച്ച് വിവിധ മടങ്ങളിൽ നിന്നും എത്തിയ വ്രതക്കാരുടെ നെയ്യ് ഏറ്റുവാങ്ങി സ്വയംഭൂശിലയിൽ അഭിഷേകം ചെയ്തു. 

ഉഷ കാമ്പ്രം സ്ഥാനിക ബ്രാഹ്മണൻ സ്വയംഭൂവിൽ നടത്തുന്ന നെയ്യഭിഷേകത്തിന് കാർമികത്വം വഹിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് ഭണ്ഡാരം എഴുന്നള്ളത്ത്. ഭണ്ഡാരം എഴുന്നള്ളത്തിന് ശേഷമാണ് സ്ത്രീകളെ അക്കരെ സന്നിധാനത്ത് പ്രവേശിപ്പിക്കുക.