കർക്കടക വാവുബലി ; പെരുമ്പാവൂർ ഇരിങ്ങോൾ ഇരവിച്ചിറ ശിവക്ഷേത്രത്തിൽ ബലിതര്‍പ്പണത്തിന് എത്തിയത് നിരവധി ഭക്തർ

Karkadaka Vavu Bali: Numerous devotees arrived at the Iringol Iravichira Shiva Temple in Perumbavoor to perform the ritual offering.

 പെരുമ്പാവൂർ  : കാശീവിശ്വനാഥ സങ്കൽപ്പത്തിലുള്ള പെരുമ്പാവൂർ ഇരിങ്ങോൾ ഇരവിച്ചിറ ശിവക്ഷേത്രത്തിലെ കർക്കടകവാവുബലിതർപ്പണത്തിൽ പങ്കെടുക്കാൻ ഇത്തവണയും നിരവധി ഭക്തരെത്തി. ഒരുകാലത്ത് പതിനെട്ടോളം ദേശങ്ങളുടെ അധികാരവും ഒമ്പതിലധികം പ്രശസ്ത ക്ഷേത്രങ്ങളുടെ ഊരാണ്മയും സ്വന്തമായിരുന്ന ഇരിങ്ങോൾ നാഗഞ്ചേരി മന നാടുവാഴി പരമ്പരയുടെ ഊരായ്മയിലുള്ള  ഈ സ്വയംഭൂ ശിവക്ഷേത്രത്തിൽ പിതൃമോക്ഷപ്രാപ്തിയ്ക്കായുള്ള കർക്കടകവാവുബലിതർപ്പണം എല്ലാവർഷവും പതിവുള്ളതാണ്. 

Karkadaka Vavu Bali: Numerous devotees arrived at the Iringol Iravichira Shiva Temple in Perumbavoor to perform the ritual offering.

ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസി ദിനത്തിൽ നടത്തുന്ന പിതൃതർപ്പണത്തിനായി കാശി വിശ്വനാഥസങ്കല്പത്തിലുള്ള പെരുമ്പാവൂർ ഇരിങ്ങോൾ ഇരവിച്ചിറ ശിവക്ഷേത്രത്തിൽ ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ ഭക്തരുടെ നല്ല തിരക്കാണനുഭവപ്പെട്ടത്. കർക്കടകവാവുബലിതർപ്പണം ഉച്ചവരെ നീണ്ടു.  കുറുപ്പംപടി രായമംഗലം തൈക്കാട്ടിത്ത്  ടി.കെ. കേശവൻ വിനോദ് ഇളയതിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ക്ഷേത്രക്കുളത്തിനോട് ചേർന്നുള്ള വട്ടോളിപ്പാടത്തെ ചെറുതടയണയിലാണ് ഇവിടെ ഭക്തർ തർപ്പണശേഷം പിണ്ഡപ്രദാനം നിർവ്വഹിക്കുന്നത്. 

പിതൃതർപ്പണാനന്തരം നമസ്കാരം വഴിപാടിനുള്ള സൗകര്യവും ഉണ്ടായിരുന്നു. ഇരവിച്ചിറ ഇല്ലത്തെ ഭക്തനായ കാരണവരും കാശി വിശ്വനാഥമൂർത്തിയുമായുള്ള ഐതിഹ്യമാണ് ഈ ക്ഷേത്രത്തിന്റേത്. ഇരവിച്ചിറ ഇല്ലത്തെ കാരണവർ മഹാദേവന്റെ തീവ്രഭക്തനായിരുന്നു. എല്ലാ വർഷവും കാശിയിൽ പോയി വിശ്വനാഥനെ തൊഴുതുമടങ്ങുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. എന്നാൽ വാർദ്ധക്യം കാരണം കാശിയാത്ര നടത്താൻ കഴിയാത്ത അവസ്ഥ വന്നപ്പോൾ അദ്ദേഹം ഭഗവാനെയോർത്ത് ഏറെ വിഷമിച്ചു. ഭക്തന്റെ നിഷ്കളങ്കമായ ഭക്തിയിൽ പ്രീതനായ കാശീവിശ്വനാഥൻ, അദ്ദേഹം ഇനി കാശിയിലേക്ക് വരേണ്ടതില്ലെന്നും താൻ തന്നെ ഇരവിച്ചിറയിൽ സാന്നിധ്യമരുളാമെന്നും സ്വപ്നദർശനം നൽകിയെന്നുമാണ് പറയപ്പെടുന്നത്. പ്രദേശത്തെ നാടുവാഴി പ്രമുഖന്മാരായിരുന്ന ഇരിങ്ങോൾ നാഗഞ്ചേരി മനക്കാരുടെ വകയായിരുന്നു ഇരവിച്ചിറ ശിവക്ഷേത്രവും. തർപ്പണത്തിനായെത്തിയ ഭക്തർക്കായി ക്ഷേത്രം ഭരണസമിതി ലഘുഭക്ഷണവും നൽകി.

Tags