മലയാളിയുടെ കണി പൂർണ്ണമാക്കുന്ന കണിക്കൊന്ന; വിഷുവിനു എങ്ങനെ പ്രധാനമായി?


വിഷുവിന് ഏറെ പ്രാധാന്യമുള്ള പുഷ്പമാണ് കണിക്കൊന്ന. ഗോൾഡൻ ഷവർ ട്രീ എന്നും കണിക്കൊന്ന അറിയപ്പെടാറുണ്ട്. കടുത്ത വേനലിലും കണ്ണിന് കുളിർമ നൽകുന്ന ഈ പൂക്കൾ മലയാളിക്ക് സമൃദ്ധിയിലേയ്ക്കുള്ള ഒരു കാഴ്ച കൂടിയാണ്. കൊന്നപ്പൂക്കളില്ലാതെ മലയാളിക്ക് വിഷുക്കണി പൂർണ്ണമാകില്ല .വിഷുവിന് കണിക്കൊന്നയ്ക്ക് ഇത്രയും പ്രാധാന്യം ലഭിച്ചതിന് പിന്നിൽ ഒരു ഐതീഹ്യം ഉണ്ട്.
ത്രേതായുഗത്തിൽ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപ്പോൾ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിൻറെ പിന്നിൽ മറഞ്ഞു നിന്നാണ്.ആ മരമാണ് കൊന്ന മരം.അന്നുമുതൽ ഈ മരം കാണുമ്പോൾ എല്ലാവരും ബാലിയെ കൊന്ന മരം എന്ന് പറയാൻ തുടങ്ങി.അത് പിന്നീട് കൊന്ന മരമായി മാറി.
ആ വൃക്ഷത്തിന് സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേൾക്കേണ്ടി വന്നല്ലോ? അത് ശ്രീ രാമസ്വാമിയെത്തന്നെ സ്മരിച്ചു. ഭഗവാൻ പ്രത്യക്ഷനായി. മരം സങ്കടത്തോടെ ചോദിച്ചു.എൻറെ പിന്നിൽ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നാൽ കൊന്ന മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്. എനിക്ക് ഈ പഴി താങ്ങുവാൻ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം.

ഭഗവാൻ പറഞ്ഞു.പൂർവ ജന്മത്തിൽ നീ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണമൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കർമഫലം അനുഭവിക്കുക തന്നെ വേണം.ഈ നാമം നിന്നെ വിട്ട് പോകില്ല. എന്നാൽ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിൻറെ വർഗത്തിൽപ്പെട്ടവർക്കും സൗഭാഗ്യം ലഭിക്കും. സാദാ ഈശ്വര സ്മരണയോടെ ഇരിക്കുക.
ഭഗവാന്റെ വാക്കുകൾ ശിരസാ വഹിച്ചുകൊണ്ട് കൊന്നമരം ഈശ്വര ചിന്തയോടെ കഴിഞ്ഞു. കലികാലം ആരംഭിച്ചു. പരബ്രഹ്മ മൂർത്തിയായ ശ്രീ കൃഷ്ണ ഭഗവാൻ വാണരുളുന്ന ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിൽ ആ ഉണ്ണിക്കണ്ണൻറെ പ്രത്യക്ഷ ദർശനം പല ഭക്തോത്തമന്മാർക്കും ലഭിച്ചു. കൂറൂരമ്മയ്ക്കും വില്വമംഗലത്തിനും പൂന്താനത്തിനും ഉണ്ണിയായി കണ്ണൻ ലീലയാടി. കണ്ണനെ തൻറെ കളിക്കുട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു, ആ ബാലൻ വിളിച്ചാൽ കണ്ണൻ കൂടെ ചെല്ലും .തൊടിയിലും പാടത്തുമെല്ലാം രണ്ട് പേരും കളിക്കും. ആ കുഞ്ഞ് അതെപ്പറ്റി പറയുമ്പോൾ ആരും വിശ്വസിച്ചിരുന്നില്ല.
ഒരു ദിവസം അതിമനോഹരമായ ഒരു സ്വർണ്ണമാല ഒരു ഭക്തൻ ഭഗവാന് സമർപ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണൻ തൻറെ കൂട്ടുകാരനെ കാണുവാൻ പോയത്. കണ്ണൻറെ മാല കണ്ടപ്പോൾ ആ ബാലന് അതൊന്നണിയാൻ മോഹം തോന്നി. കണ്ണൻ അത് ചങ്ങാതിക്ക് സമ്മാനമായി നൽകി. വൈകീട്ട് ശ്രീകോവിൽ തുറന്നപ്പോൾ മാല കാണാതെ അന്വേഷണമായി , ആ സമയം കുഞ്ഞിൻറെ കയ്യിൽ വിലപിടിപ്പുള്ള സ്വർണ്ണാഭരണം കണ്ട മാതാപിതാക്കൾ അവൻ പറഞ്ഞതൊന്നും വിശ്വസിച്ചില്ല, അവനെ കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപ്പോഴും ആ ഉണ്ണി ഇത് കണ്ണൻ സമ്മാനിച്ചതാണ് എന്നു പറഞ്ഞു. ആരും അത് വിശ്വസിച്ചില്ല.
കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാൻ ഒരുങ്ങി. പേടിച്ച കുഞ്ഞ് തൻറെ കഴുത്തിൽ നിന്നും മാല ഊരിയെടുത്ത് കണ്ണാ! നീ എൻറെ ചങ്ങാതിയല്ല. ആണെങ്കിൽ എന്നെ ശിക്ഷിക്കരുതെന്നും നിൻറെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിൻറെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മാലയും എന്ന് ദേഷ്യത്തോടെ ഉറക്കെ പറഞ്ഞുകൊണ്ട് ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു. ആ മാല ചെന്ന് വീണത് അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അദ്ഭുതമെന്നു പറയട്ടെ ആ മരം മുഴുവനും സ്വർണ വർണത്തിലുള്ള മനോഹരമായ പൂക്കളാൽ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലിൽ നിന്ന് അശരീരി കേട്ടു
ഇത് എൻറെ ഭക്തന് ഞാൻ നൽകിയ നിയോഗമാണ്. ഈ പൂക്കളാൽ അലങ്കരിച്ച് എന്നെ കണികാണുമ്പോൾ എല്ലാവിധ ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കൾ കണി കാണുന്നത് മൂലം ദുഷ്ക്കീർത്തി കേൾക്കേണ്ടി വരില്ല.അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്. അങ്ങനെ കണ്ണൻറെ അനുഗ്രഹത്താൽ കണിക്കൊന്ന എല്ലാ മനസ്സുകളിലും പവിത്രമായ സ്ഥാനം പിടിച്ചു.
Tags

ന്യൂനപക്ഷത്തെ വേട്ടയാടുന്ന വഖഫ് ഭേദഗതി നിയമത്തിന് പിന്തുണയുമായി തളിപ്പറമ്പ് സർസയ്യിദ് കോളജ് മേധാവികളെന്ന് : വഖഫ് സ്വത്ത് സംരക്ഷണ സമിതി
വഖഫ് ഭേദഗതി നിയമം വഴി കേന്ദ്രസർക്കാർ നടത്തുന്ന ന്യൂനപക്ഷ വേട്ടയ്ക്കെതിരെ ഇന്ത്യയിലെ ജനാധിപത്യ ശക്തികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതിന് പകരം വഖഫ് ഭേദഗതി നിയമത്തെ പിന്തുണക്കുന്ന നിലപാടാണ്

കണ്ണൂരിൽ ലൈസൻസില്ലാതെ സർവീസ് നടത്തിയ ബസ്സിന്റെ പെർമിറ്റ് റദ്ദാക്കി ; പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്
ഡ്രൈവിങ് ലൈസൻസും കണ്ടക്ടർ ലൈസൻസുമില്ലാതെ സർവീസ് നടത്തിയ സ്റ്റേജ് കാര്യേജ് ബസ്സിന്റെ പെർമിറ്റ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. കണ്ണൂർ ആർ ടി ഒ ഇ.എസ് ഉണ്ണികൃഷ്ണന്റെ നിർദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധന