നൂറ്റാണ്ടുകൾക്ക് ശേഷം പയ്യന്നൂർ കോറോം വൈരജാതൻ കോട്ടത്തിൽ കളിയാട്ട മഹോത്സവം; മെയ് 10 മുതൽ 13 വരെ

After centuries, Kaliyatta festival to be held at Payyannur Korom Vairajathan Kottayam; May 10th to 13th


പയ്യന്നൂർ: കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലെ കോറോത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ കോറോം വൈരജാതൻ കോട്ടത്തിൽ (ബ്രഹ്മരക്ഷസ് ആരൂഢം) നൂറ്റാണ്ടുകൾക്ക് ശേഷം കളിയാട്ട മഹോത്സവം നടക്കുന്നു. മെയ് 10, 11, 12, 13 തീയ്യതികളിലായി ഭക്തിനിർഭരമായ ചടങ്ങുകളോടെ ഉത്സവം ആഘോഷിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ പയ്യന്നൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ശിവന്റെ ജടയിൽ നിന്ന് ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന, രൗദ്രഭാവമുള്ള വീരഭദ്രസ്വാമിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. വൈരജാതൻ, രക്തജാതൻ, അർത്ഥാണ്ടൻ തുടങ്ങിയ ഭാവങ്ങളും ഈ സങ്കല്പത്തിലുണ്ട്. ക്ഷേത്രപാലകൻ, വില്ല്യക്കോരമകൻ എന്നിവരുമായി ബന്ധപ്പെട്ട് അള്ളാടസ്വരൂപവുമായി ചേർന്നുനിൽക്കുന്നതാണ് ഇവിടുത്തെ ആരാധനാക്രമങ്ങൾ.

നാല് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ വൈവിധ്യമാർന്ന ചടങ്ങുകളാണ് ക്രമീകരിച്ചിരിക്കുന്നത്:മെയ് 10ന് രാവിലെ 'വരച്ച് വെക്കൽ' ചടങ്ങോടെ ഉത്സവത്തിന് തുടക്കമാകും.മെയ് 11ന് രാവിലെ 10 മണിക്ക് പെരുന്തണ്ണിയൂർ ക്ഷേത്രത്തിൽ നിന്നുള്ള 'തൊഴുതു വരവ്'. ഉച്ചയ്ക്ക് 12 മണിക്ക് വൈരജാതനീശ്വരന്റെ 'കൊടിയിലപിടി തോറ്റം' നടക്കും.മെയ് 12ന് വൈകുന്നേരം 6 മണിക്ക് വൈരജാതനീശ്വരന്റെ വെള്ളാട്ടം അരങ്ങിലെത്തും.മെയ് 13ന് രാവിലെ 9 മണിക്ക് വൈരജാതനീശ്വരന്റെ 'പുറപ്പാട്' നടക്കും.

ഈ ക്ഷേത്രത്തിലെ പ്രധാന തെയ്യക്കോലമായ വൈരജാതൻ വെള്ളാട്ടം 'തട്ടും വെള്ളാട്ടം' എന്നാണ് അറിയപ്പെടുന്നത്. അതീവ രൗദ്രഭാവമുള്ള ഈ രൂപത്തെ ദർശിക്കാൻ വൻ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.

വാർത്താ സമ്മേളനത്തിൽ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബു എ.വി, ട്രഷറർ അജേഷ് എം.പി, വൈസ് പ്രസിഡന്റ് അപ്പു കൊറോം എന്നിവർ പങ്കെടുത്തു.

Tags