കളരിവാതുക്കല്‍ ഭഗവതി ക്ഷ്രേത്തില്‍ ഭഗവതിയുടെ തിരുമുടി ഉയര്‍ന്നു ; ഉത്തരകേരളത്തില്‍ തെയ്യക്കാലത്തിന് പരിസമാപ്തി
കണ്ണൂർ: കോലസ്വരൂപത്തിന്റെ തായ്പരദേവതയായ വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിൽ കലശ പെരുങ്കളിയാട്ടത്തിലെ പെരുംതിരുമുടിയോടെ ഉത്തരകേരളത്തിലെ തെയ്യോത്സവങ്ങൾക്കു പരിസമാപ്തി. ഇനി തുലാമാസം പിറക്കണം കളിയാട്ടത്തിന്റെ ചെണ്ടക്കൂറ്റ് വീണ്ടും ഉണരാൻ. കോലസ്വരൂപത്തിന്റെ തായ്പ്പരദേവതയായ വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ കലശ പെരുങ്കളിയാട്ടമാണ് ഉത്തരമലബാറിന്റെ തെയ്യോത്സവ കലണ്ടറിലെ അവസാന ഏടായി ഓരോ വർഷവും മാറുന്നത്.
ആ ദൈവിക ചടങ്ങ് ഇന്നലെ ഉച്ചതിരിഞ്ഞ് 4.30ന് പൂർണതയിലെത്തി. കോലധാരി ബാബു മുത്താനിശ്ശേരി പെരുവണ്ണാൻ കളരിയാൽ ഭഗവതിയുടെ കലശ തിരുമുടിയേറ്റിയതോടെ ക്ഷേത്രാങ്കണം ഭക്തി സാന്ദ്രമായി. നാടിന്റെ നാനാദിക്കുകളിൽനിന്നെത്തിയ ആയിരക്കണക്കിന് ഭക്തർ ആ ദിവ്യദർശനത്തിൽ അലിഞ്ഞുചേർന്നു. കളരിയാൽ ഭഗവതിയുടെ തിരുമുടി ഉയർന്നതിനു പിന്നാലെ ക്ഷേത്രപാലകൻ, പാടിക്കുറ്റി, സോമേശ്വരി, ചുഴലി, കാളരാത്രി, തിരുവർകാട്ടു ഭഗവതി എന്നീ ആറ് ചെറുതിറകളും ക്ഷേത്ര മുറ്റത്ത് വന്നണഞ്ഞു.
ഒടുവിൽ കളരിയാൽ ഭഗവതിയുടെയും ഈ ആറ് കോലങ്ങളുടെയും തിരുമുടി അഴിഞ്ഞ് അണിയറയിലേക്കു മടങ്ങിയതോടെ ഉത്തരകേരളത്തിലെ കാവുകൾ നിശ്ശബ്ദമായി. ഇനി കനലാടിമാർക്ക് വിശ്രമത്തിന്റെ കാലം. തുലാമഴ പെയ്തിറങ്ങി കിഴക്കൻ ആകാശം തെളിയുമ്പോൾ, കളിയാട്ടത്തിന്റെ ചെണ്ടമേളം വീണ്ടും ഉണരും. ദൈവങ്ങൾ ഭൂമിയിലേക്ക് ഇറങ്ങുന്ന കാലം വീണ്ടും ആവർത്തിക്കും.
.jpg)

