ഇളനീർകാവുകൾ, ഇളനീർ വെപ്പ്, ഇളനീർ ചെത്ത്, ഇളനീരാട്ടം ; അറിയാം കൊട്ടിയൂരിലെ ഈ പ്രധാന ചടങ്ങുകളെ കുറിച്ച് !

Ilanirkavukal, Ilanir vepp, Ilanir chethu, Ilanirattam; know about these important ceremonies in Kottiyoor!
Ilanirkavukal, Ilanir vepp, Ilanir chethu, Ilanirattam; know about these important ceremonies in Kottiyoor!

വനത്തിനുള്ളിൽ, കുതിച്ചു പായുന്ന പുഴ സാക്ഷിയാക്കിയുളള ഉത്സവമാണ് കൊട്ടിയൂർ വൈശാഖമഹോത്സവം. ബാവലി പുഴയുടെ തീരത്തുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം വടക്കൻ കേരളത്തിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ്.  ഹൈന്ദവ ക്ഷേത്ര രീതികളിലെ വ്യത്യസ്തയാണ്‌ കൊട്ടിയൂർ വൈശാഖമഹോത്സവം . ആദിവാസികൾ മുതൽ ബ്രാഹ്മണർ വരെ ഉൾപ്പെടുന്നു ഇവിടുത്തെ കാർമ്മികർ. 

tRootC1469263">

വൈശാഖോത്സവത്തിലെ പ്രധാന ചടങ്ങുകളാണ് ഇളനീർ വെപ്പും ഇളനീരാട്ടവും. കോട്ടയം നാട്ടുരാജ്യത്തിലെ തീയ്യ സമുദായാംഗങ്ങൾക്കു മാത്രമാണ് ഇളനീർവെപ്പിന് പാരമ്പര്യാവകാശമുള്ളത്. കോപിഷ്ടനായ പെരുമാളിന്റെ കോപം തണുപ്പിക്കാൻ  ഇളനീർ സമർപ്പിക്കുന്നതിനായി ഇളനീർ കാവുകൾ എഴുന്നള്ളിക്കുന്നതാണ് ഇളനീർവരവ്. 

കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി വിവിധ പ്രദേശങ്ങളിലുള്ള നൂറ്റിഇരുപത്തി ഒന്നോളം ഇളനീർ മഠങ്ങളിൽ നിന്നാണ് കൊട്ടിയൂരിലേക്ക് ഇളനീർക്കാവുകൾ വരുന്നത്. ഇളനീർക്കാർ മേടത്തിലെ വിശാഖം നാൾമുതൽ  വ്രതമെടുക്കുന്നു. നെയ്യാട്ടം നാൾ മുതൽ വ്രതക്കാർ സംഘംചേർന്ന് ഇളനീർ മഠങ്ങളിൽ പ്രവേശിക്കുന്നു. എടവമാസത്തിലെ തിരുവോണം നാളിൽ ഇളനീർ സംഘം ഏരുവട്ടിക്കാവിൽ നിന്നും പുറപ്പെടുന്നു. ഭൂതഗണനാഥനായ വീരഭദ്രനെ യാഗ പൂർത്തീകരണത്തിനായും ശിവകോപം തണുപ്പിക്കുന്നതിനുമായി ശിവപുത്രനായ എരുവട്ടിക്കാവ് ദേവൻ അയക്കുന്ന മനുഷ്യ ഗണങ്ങളാണ് ഇളനീർ വ്രതക്കാർ എന്നാണ് സങ്കൽപ്പം. 

ഇളനീർ വെപ്പിന് ഉപയോഗിക്കുന്ന ഇളനീർ കാവിനുമുണ്ട് നിരവധി പ്രത്യേകതകൾ.  ഓലമടൽത്തുണ്ടിൻ്റെ ഇരുഭാഗങ്ങളിലും മുമ്മൂന്ന് ഇളനീരുകൾ വീതം കൂട്ടിക്കെട്ടി തൂക്കിയതാണ് 'ഇളനീർ കാവ്'. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വിഭവങ്ങൾ കൊണ്ടാണ് ഇളനീർ കാവ് നിർമ്മിക്കുക. ഇളനീരുകൾ ശേഖരിച്ച ശേഷം കരിമ്പനയുടെ തണ്ടും തെങ്ങിന്റെ പാന്തവും ഉപയോഗിച്ചാണ് ഇളനീർ കാവുകൾ ഒരുക്കുക. തലേദിവസം തെങ്ങിന്റെ പാന്തം ശേഖരിച്ച് വെള്ളത്തിലിട്ട് നല്ല രീതിയിൽ ചീന്തി മിനുക്കും. ഈ പാന്തം ഉപയോഗിച്ചാണ് ഇളനീർ കാവ് കെട്ടുക. 

പ്ലാസ്റ്റിക് വസ്തുക്കളോ മറ്റു സാമഗ്രികളോ ഉപയോഗിക്കാത്തതാണ് ഇതിന്റെ പ്രത്യേകത. കരിമ്പനയുടെ തണ്ടിന്റെ ഇരുവശങ്ങളിലുമായി മൂന്ന് വീതം ഇളനീരുകൾ കെട്ടിയാണ് കാവ് നിർമ്മിക്കുന്നത്. തീണ്ടലോ, തൊടീലോ ഇല്ലാത്ത ആളുകളാണ് ഇളനീർകാർ. നെയ്യാട്ടത്തിന് പിറ്റേദിവസം മുതൽ വ്രതം നോറ്റാണ് ഇവർ കൊട്ടിയൂരിലേക്ക് യാത്ര തിരിക്കുന്നത്. കാൽനടയായി യാത്ര ചെയ്താണ് ഇളനീർ സംഘം കൊട്ടിയൂരിലേക്ക് എത്തുക. 

വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്ന് എരുവട്ടി തണ്ടയാൻ എളെളണ്ണയും ഇളനീരുമായി സന്ധ്യയ്ക്ക് കൊട്ടിയൂരിൽ എത്തും. രാത്രി കാര്യത്ത് കൈക്കോളൻ തിരുവൻഞ്ചിറയിലെ കിഴക്കെ നടയിൽ തട്ടും പോളയും വിരിച്ച്, കുടിപതി കാരണവർ വെളളി കിടാരം വെച്ച് രാശിവിളിച്ചാണ് ഇളനീർവെപ്പ് ആരംഭിക്കുക.

kottiyoor ilaneer samarppanam

രാത്രി മന്ദംചേരിയിലെ ബാവലിക്കരയിൽ കാത്തിരിക്കുന്ന ഇളനീർവ്രതക്കാർ രാശി വിളിക്കുമ്പോൾ ഇളനീർക്കാവുകളുമായി സന്നിധാനത്തേക്ക് ഓടിയെത്തും. തട്ടും പോളയും വിരിച്ച സ്ഥാനത്തെ, മൂന്ന് വലം വച്ചശേഷം ഇളനീർക്കാവുകൾ സമർപ്പിക്കും. വീരഭദ്രനെ വണങ്ങി ഭണ്ഡാരം പെരുക്കി തിരിച്ചുപോകും. തണ്ടയാൻമാരാണ് അവകാശപ്രകാരം ഇളനീർ വയ്ക്കുക. ഇളനീർവെപ്പ് പൂർത്തിയായാൽ ഏറ്റവും ഒടുവിലായി എരുവട്ടി തണ്ടയാൻ എളെളണ്ണ സമർപ്പിക്കും. കത്തി തണ്ടയാൻമാർ ഇളനീർ ചെത്താനുളള കത്തികളും സമർപ്പിക്കും.

ilaneer veppu

ഇളനീർവെപ്പ് കഴിഞ്ഞ്  പിറ്റേന്ന് രാവിലെ കൈക്കൊളന്റെ നേതൃത്വത്തിൽ കൈക്കോളൻമ്മാർ ഇളനീരുകൾ കാവുകളിൽ നിന്ന് വേർപ്പെടുത്തി ചെത്തിയൊരുക്കി മുഖമണ്ഡപത്തിൽ സമർപ്പിക്കുന്നു.  അന്നേ ദിവസം രാത്രി ദൈവത്തിന്റെ വരവ് എന്ന സവിശേഷ ചടങ്ങും നടക്കും. 'പുറങ്കലയൻ' എന്ന സ്ഥാനീകൻ മുത്തപ്പൻ ദൈവകോലം ധരിച്ച് എഴുന്നള്ളുന്ന ചടങ്ങാണിത്. അതിവേഗത്തിൽ ഓടിയെത്തുന്ന ദൈവം സന്നിധാനത്ത് എത്തി അരിയും കളഭവും സ്വീകരിച്ച് മടങ്ങും.

 അനുമതി നൽകി ദൈവം മടങ്ങിയാൽ ഇളനീരാട്ടം ആരംഭിക്കും. പാലക്കുന്നം നമ്പൂതിരി രാശി വിളിക്കുന്നതോടെയാണ് ഇളനീരാട്ടം ആരംഭിക്കുക. അദ്ദേഹം മൂന്ന് ഇളനീരുകൾ കൊത്തി ഉഷകാമ്പ്രം നമ്പൂതിരിയെ ഏൽപ്പിക്കുകയും ആ ഇളനീർ തീർത്ഥം മന്ത്രം ചൊല്ലി സ്വയംഭൂ ശിലയിൽ അഭിഷേകം നടത്തുകയും ചെയ്യുന്നു.

തുടർന്ന് പരികർമ്മികളായ ബ്രാഹ്മണർ ഇളനീരുകൾ കൊത്തി വെള്ളിക്കുടങ്ങളിലാക്കുന്നു. പിന്നീടത് സ്വർണക്കുടത്തിലേക്ക് പകർന്ന് ഇടമുറിയാതെ അഭിഷേകം ചെയ്യുന്നു. രാത്രി തുടങ്ങുന്ന ഇളനീരഭിഷേകം  പിറ്റേദിവസം വരെയും നീണ്ടു നിൽക്കും. സർവ്വ ജീവജാലങ്ങളെയും സംരക്ഷിക്കുന്ന മഹാദേവന്റെ  സ്വയംഭൂവിൽ ഇളനീരഭിഷേകം ചെയ്ത് തണുപ്പിക്കുന്ന ഇളനീരാട്ടം അങ്ങിനെ സമാപിക്കുന്നു .വാദ്യമേളങ്ങളുടെ ഘോഷവും  ഭക്തരുടെ നാമ സങ്കീർത്തനാരവങ്ങളും നിറഞ്ഞ അന്തരീക്ഷത്തിൽ പെരുമാളിനു നടത്തുന്ന ഈ അഭിഷേകം കാണേണ്ട കാഴ്ച തന്നെയാണ്.

Tags