വിഗ്രഹമോ പൂജാരിയോ മതിൽക്കെട്ടോ ഇല്ല;അത്ഭുതമാണ് കടൽത്തീരത്തെ ഈ ഗുഹാക്ഷേത്രം


വിഗ്രഹമോ പൂജാരിയോ മതിൽക്കെട്ടോ ഇല്ലാത്തൊരു ക്ഷേത്രത്തേക്കുറിച്ച് കേട്ടിട്ടുണ്ടോ? കെട്ടുകഥയോ മിഥ്യയോ അല്ല. ഒരുപക്ഷേ കേരളത്തിൽ തന്നെ അത്യപൂർവമായി കാണാൻ സാധിക്കുന്ന ഒരു ഗുഹാക്ഷേത്രമാണിത്. കണ്ണൂരിൽ നിന്ന് 10 കിലോമീറ്ററോളം സഞ്ചരിച്ചാൽ കീഴുന്ന പാറ യോഗീശ്വരം സന്നിധാനം ഗുഹ റോഡിൽ എത്താം.കടൽത്തീരത്തിന്‍റെ കാറ്റേറ്റ് കിടക്കുന്ന ഒരു വലിയ ചെങ്കൽ കുന്ന് അവിടെ കാണാം .
രണ്ടായിരത്തോളം വര്‍ഷം പഴക്കമുണ്ടെന്ന് പറയുന്ന ഈ ക്ഷേത്രത്തില്‍ നിലവിളക്ക് സമര്‍പ്പിച്ച് തിരിയിട്ട് കത്തിച്ച് പ്രാര്‍ഥിച്ചു മടങ്ങുന്നതാണ് ഏക ചടങ്ങ്.നിറയെ എണ്ണയും തിരിയും അടങ്ങിയ വിളക്കുകൾ ഇവിടെ കാണാം . വിഗ്രഹമോ പൂജാരിയോ മതിൽക്കെട്ടോ ഇവിടെയില്ല. ക്ഷേത്രത്തിന് ഭാരവാഹികളോ കമ്മിറ്റിയോ ഇല്ല. അതിനാൽ ജാതി മത ഭേദമന്യേ ആർക്കും ഇവിടെ വിളക്കുമായി വന്ന് വിളക്കുവച്ച് പ്രാർഥിക്കാം.
മേല്‍ക്കൂരയും പ്രതിഷ്ഠാ പീഠവും എല്ലാം പാറക്കല്ല് തന്നെ.വിളക്കും തിരിയും ഇല്ലാത്തവർക്ക് ഇവിടെ അത് നാട്ടുകാർ തന്നെ ഒരുക്കിയിട്ടുണ്ട്. യോഗീശ്വരൻ എന്ന ആരാധനാദൈവം മുതലയുടെ പുറത്തേറി വിശ്രമിക്കാൻ ഇവിടെയെത്തി എന്നതാണ് ഐതിഹ്യം. പിന്നീട് ഇവിടെയെത്തുന്നവർ വിളക്ക് വച്ച് ആരാധിച്ചു തുടങ്ങി.

ഗുഹാക്ഷേത്രത്തിന്‍റെ കാലപ്പഴക്കത്തെ കുറിച്ച് ആർക്കും അത്ര വ്യക്തമായ ധാരണയില്ല. എങ്കിലും, ഇന്ന് നിരവധി പേരാണ് പ്രാർഥനയ്ക്കും വിളിക്കു തെളിയിക്കാനുമായി ഇവിടെയെത്തുന്നത്. അത്യപൂർവമായ ഈ ഗുഹാക്ഷേത്രം ഒരു നാടിൻ്റെ അപൂർവ്വത കൂടിയാണ് കാട്ടി തരുന്നത്