ഇന്ത്യയിൽ ഏറ്റവും അധികം തീര്‍ത്ഥാടകരെത്തുന്ന ക്രീസ്തീയ ദേവാലയങ്ങളിലൊന്ന്; മാഹിപ്പള്ളിയുടെ ചരിത്രം ഇങ്ങനെ..

mahe
mahe

ചരിത്രമുറങ്ങുന്ന മണ്ണിൽ ഫ്രഞ്ച് കാലത്തിന്‍റെ അടയാളമായി നിലനിൽക്കുന്ന ദേവാലയം..മാഹിപ്പള്ളി. മറ്റൊരു പെരുന്നാൾ കാലം കൂടി എത്തിയതോടെ പ്രാർത്ഥനകളോടെ മയ്യഴി മാതാവ് എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ അനുഗ്രഹം തേടിയെത്തുന്നവരുടെ തിരക്കിലമർന്നു കഴിഞ്ഞു പള്ളിയും പരിസരവും.

tRootC1469263">

കേരളത്തിലെ ഒരു ഫ്രഞ്ച് ദേവാലയമാണ് മാഹിപ്പള്ളി. ഇന്ത്യയിൽ ഏറ്റവും അധികം തീര്‍ത്ഥാടകരെത്തുന്ന ക്രീസ്തീയ ദേവാലയങ്ങളിലൊന്ന് കൂടിയാണ് ഇത്. 1723 ൽ ആണ് മാഹി പള്ളി നിലവിൽ വന്നത്. മാഹി മിഷൻ എന്ന പേരിലായിരുന്നു മാഹിയിൽ ക്രൈസ്തവ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ സമയത്തോടടുപ്പിച്ച് ഒരു ക്രൈസ്തവ സമൂഹം ഇവിടെ രൂപപ്പെടുകയും ചെയ്തു. 1736-ൽ ആണ് ഒരു പള്ളിയെന്ന നിലയിൽ മാഹിപ്പള്ളി മാറുന്നത്. പലതവണ പല കാലങ്ങളിൽ മാഹിപ്പള്ളി പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്.

Mahe church

മയ്യഴി മാതാവിന്റെ തിരുരൂപം കാണുക എന്നതാണ് ഇവിടെയെത്തുന്ന വിശ്വാസികളുടെ പ്രഥമ ലക്ഷ്യം. കുറേ വിശ്വാസങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുണ്ട്. കടലിൽ മീൻ പിടിക്കാൻ പോയ ഒരുകൂട്ടം ആളുകൾക്ക് കടലിൽ നിന്നു കിട്ടിയതാണ് ഈ രൂപമെന്നാണ് ഒരു വിശ്വാസം. മറ്റൊന്ന് ഒരു കപ്പൽ അമ്മ ത്രേസ്യായുടെ രൂപവുമായി കപ്പലിൽ ഇതുവഴി പോയപ്പോൾ മാഹിയെത്തി. പിന്നീട് കപ്പൽ ഇവിടെ നിന്നും അനങ്ങിയില്ല. അങ്ങനെ കപ്പലിലുണ്ടായിരുന്ന രൂപം ഇവിടെ നേർച്ചയായി സ്ഥാപിച്ച ശേഷം കപ്പൽ ശരിയായെന്നാണ് പറയപ്പെടുന്നത്.

വലിയ ഗോപുരവും നീണ്ട അകത്തളവും ഉള്ളതാണ് പള്ളിക്കെട്ടിടം. ദേവാലയത്തിലെ മണിയും ഏറെ പ്രസിദ്ധമാണ്. പാരീസിൽ നിർമ്മിച്ച ഈ മണി 1865 ൽ ഫ്രഞ്ച് നാവികർ സംഭാവനയായി നല്കിയതാണത്രെ. 76 അടി ഉയരത്തിലുള്ള ഗോപുരത്തിലാണ് ഈ മണിയുള്ളത്. ആക്രമണമുണ്ടായ ഒരു സമയത്ത് ഈ പള്ളിമണി സ്വയം ശബ്ദിച്ച് ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയെന്ന ഐതിഹ്യവുമുണ്ട്.

mahe church

എല്ലാ വർഷവും ഒക്ടോബർ 5ന് ആണ് മാഹിപ്പെരുന്നാളിന് കൊടിയുയരുന്നത്. 18 ദിവസം നീണ്ടുനിൽക്കുന്ന പെരുന്നാൾ 22ന് അവസാനിക്കും. അഞ്ചാം തിയതി പൊതുവണക്കത്തിന് മാഹി അമ്മയുടെ തിരുരൂപം രഹസ്യ അറയില് നിന്നും പള്ളിയിലേക്ക് കൊണ്ടു വരും. തിരുനാളില്‍ ഈ തിരുസ്വരൂപത്തില്‍ പുഷ്പമാല്യം ചാര്‍ത്തുവാനും മെഴുകുതിരികള്‍ കൊളുത്തുവാനും തിരുസ്വരൂപം തൊട്ടു തൊഴാനും പതിനായിരങ്ങള്‍ ഇവിടെ എത്തിച്ചേരാറുണ്ട്.

മാഹിപ്പള്ളിയിൽ നടക്കുന്ന നേർച്ചകളിൽ ഒന്നാണ് ഉരുൾ നേർച്ച. ക്ഷേത്രങ്ങളിലെ ശയനപ്രദക്ഷിണത്തിന് സമാനമായ ഈ നേർച്ചയിൽ ഓരോ വർഷവും ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കാറുള്ളത്. യഥാർത്ഥത്തിൽ മാഹി തിരുന്നാള്‍ മാഹിയുടെ ദേശീയ ഉത്സവമാണ്. 
 

Tags