അഷ്ടമി രോഹിണി ആഘോഷത്തിനൊരുങ്ങി ഗുരുവായൂർ ക്ഷേത്രം; സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം

Guruvayur temple gears up for Ashtami Rohini celebrations; Restrictions on special darshan

ഗുരുവായൂർ: അഷ്ടമി രോഹിണി ആഘോഷത്തിനൊരുങ്ങി ഗുരുവായൂർ ക്ഷേത്രം. അഷ്ടമി രോഹിണി ദിവസമായ വെള്ളിയാഴ്ച വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ഗുരുവായൂർ വേദിയാകും. രാത്രി 8:30ന് സാംസ്കാരിക സമ്മേളനവും ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാര സമർപ്പണവും ദേവസ്വം മന്ത്രി കെ മുരളീധരൻ നിർവഹിക്കും. അഷ്ടമിരോഹിണി നാളിൽ അഭൂതപൂർവമായ ഭക്തജനത്തിരക്ക് പ്രമാണിച്ച് വിഐപി, സ്പെഷ്യൽ ദർശനത്തിന് രാവിലെ ആറുമുതൽ ക്ഷേത്രത്തിൽ നിയന്ത്രണമുണ്ടാകും. കൂടുതൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനാണ് നടപടി. 

സീനിയർ സിറ്റിസൺ ദർശനം രാവിലെ നാലര മണി മുതൽ തുടങ്ങി അഞ്ചര മണിവരെയും വൈകിട്ട് അഞ്ചുമുതൽ ആറുവരെയുമാകും. തദ്ദേശീയർക്ക് ക്ഷേത്രത്തിലെ നിലവിലുള്ള സമയത്ത് ദർശനം അനുവദിക്കും. ബാക്കിയുള്ള സമയങ്ങളിൽ പൊതുവരി സംവിധാനം മാത്രമാകും. ക്ഷേത്രത്തിൽ വിശേഷാൽ കാഴ്ച ശീവേലി നടക്കുന്നതിനാൽ ശയനപ്രദക്ഷിണത്തിനും ദർശനത്തിനും നിയന്ത്രണം ഉണ്ടാകും.

ദർശനം ലഭിച്ച ഭക്തർ പടിഞ്ഞാറേ ഗോപുരം വഴിയോ, ഭഗവതി ക്ഷേത്രം നടവഴിയോ ക്ഷേത്രത്തിന് പുറത്തെത്തണം. ക്ഷേത്ര ദർശനത്തിനുള്ള ക്യൂ നിലവിലുള്ള സംവിധാനം അപര്യാപ്തമാകുന്ന പക്ഷം കിഴക്കേ നടപ്പുരയിലോ, പൂന്താനം ഹാളിലേക്കോ ഭക്തജനങ്ങളെ വരിനിൽക്കാൻ സൗകര്യം ഒരുക്കും. 
ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള സ്പെഷ്യൽ ദർശനം അനുവദിക്കും. അഷ്ടമിരോഹിണി നാളിൽ നിർമ്മാല്യം മുതൽ ദർശനത്തിനുള്ള ക്യൂ ക്ഷേത്രത്തിലേക്ക് പതിവ് പോലെ ഫ്ലൈഓവർ വഴി വിടും. സീനിയർ സിറ്റിസൺ, ഭിന്നശേഷിക്കാർ എന്നിവരെ കൊടിമരം വഴി ദർശനത്തിന് അനുവദിക്കും.

Tags